മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ മലയാള നോവലിസ്റ്റും, കഥാകൃത്തും, സ്വാതന്ത്ര്യസമരപോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താനെന്ന അപരനാമത്തിൽ അറിയപ്പെടുന്ന മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ !!
മലയാളത്തിലെ നവോത്ഥാന കഥാകാരൻമാരിൽ അഗ്രഗണ്യനായ എന്നാൽ പ്രത്യേകമായ വ്യക്തിപ്രഭാവം പുലർത്തുന്ന മുഹമ്മദ് ബഷീർ 1908- വൈക്കം, തലയോലപ്പറമ്പിൽ ആണ് ജനിച്ചത്.
തലയോലപ്പറമ്പിലെ മലയാളം സ്കൂളിലും, വൈക്കം ഇംഗ്ലീഷ് സ്കൂളിലും പഠിച്ചു. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ വീട്ടിൽ നിന്ന് ഒളിച്ചോടി കാൽനടയായി എറണാകുളത്ത് ചെന്ന് അവിടെനിന്ന് കള്ളവണ്ടി കയറി കോഴിക്കോട് എത്തി
അവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കുകൊണ്ടു. തുടർന്ന് ജയിൽവാസം അനുഭവിച്ചു.
പിന്നീട് ഇന്ത്യയൊട്ടാകെയും, വിദേശരാജ്യങ്ങളും സഞ്ചരിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ രചനാശൈലി ഏറെ ശ്രദ്ധേയമാണ്, മുസ്ലിം ഭാഷയിൽ തനതായ നാട്ടുവർത്തമാന ശൈലിയിൽ എഴുതിയ ആത്മക ഥാംശമുള്ള എല്ലാ രചനകളും ഈ നിലയിൽ വായനക്കാരുടെ ശ്രദ്ധയാകർഷിക്കാൻ പോന്നതാണ്. “ബഷീറിസം” എന്ന പേരിലും അത് വിശേഷിപ്പിക്കപ്പെടുന്നു.
ബഷീറിന്റെ കൃതികളിലെ പ്രണയത്തെപ്പറ്റി പറഞ്ഞു തുടങ്ങുമ്പോൾ ആദ്യം മനസ്സിലെത്തുക പ്രണയത്തെ ഹൃദയംകവർന്ന കടുംചുവപ്പണിഞ്ഞ രക്തനക്ഷത്രമായി കണ്ട കാമുകനെയാണ്. തന്റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും കാമുകിയോടുള്ള പ്രണയത്തിലാണെന്ന് പറയുന്ന കേശവൻ നായർ പ്രേമസുരഭിലമായ ഹൃദയത്തിൻറെ വികാരലോലുപത തുറന്നു കാട്ടുന്നു.
കാലാതീതമായ പ്രണയത്തിന് സാക്ഷിയാവുന്ന ബാല്യകാലസഖി.
ബഷീറിൻറെ കൃതികൾ ഒക്കെ അദ്ദേഹം ജീവിച്ച കാലഘട്ടത്തെയും ജീവിത സാഹചര്യങ്ങളെയും സമൂഹത്തെയും യാത്രകളെയും സൂഫിസത്തിലേക്കുള്ള പ്രയാണത്തേയും ഒക്കെ വരച്ചുകാട്ടുമ്പോഴും അദ്ദേഹത്തിൻറെ പ്രണയം എല്ലാം മതിൽക്കെട്ടുകളെയും അതിർവരമ്പുകളെയും മുൻധാരണകളെയും നിർബാധം ഭേദിക്കുന്നതാണ് നാം കാണുന്നത്.
ചിലയിടത്ത് ഒക്കെ ശുദ്ധവും ഉദാത്തവും പിന്നെ പിൽക്കാലത്ത് നിഗൂഢമായ സ്ത്രീപുരുഷബന്ധത്തിലേക്ക് അത് വഴിമാറുന്നതും കാണാം.
ബഷീറിയൻ പ്രണയത്തെപ്പറ്റി പറയുമ്പോൾ കത്തുകളെ പറ്റി പ്രണയ ലേഖനങ്ങളെ പറ്റി പരാമർശിക്കാതിരിക്കാനാവില്ല. ദീർഘമായി പ്രണയപാരവശ്യത്തോടെ കത്തുകൾ എഴുതിയ കാമുകനായിരുന്നു ബഷീർ.അദ്ദേഹം എഴുതിയ പല കഥകളും നീണ്ടതും കുറിയതുമായ പ്രണയലേഖനങ്ങളുടെ കൂട്ടി ചേർക്കലുകളായിരുന്നു. കൽപ്പറ്റ മാഷ് അടുത്തിടെ പറഞ്ഞതുപോലെ ആണത്തത്തിൽ വിശ്വസിക്കാത്ത, പ്രണയം ഒരു ആരാധനയോ കീഴടങ്ങലോ അതിലും അധികമെന്തോ ആണെന്ന് ബഷീർ കരുതിയിരുന്നു. അദ്ദേഹത്തിൻറെ കാമുകിമാർ ബുദ്ധിവൈഭവത്തിലും മറ്റു പല കാര്യങ്ങളിലും കാമുകന്മാരെക്കാൾ എന്നും മുന്നിലായിരുന്നു .തന്റെ കഥയല്ലെന്ന് ബഷീർ പിന്നീട് എഴുതിയ പൂവമ്പഴം മാത്രമാണ് ഇതിന് ഒരു അപവാദം.
സ്ത്രീപുരുഷന്മാർക്ക് പ്രധാനമായ കാര്യങ്ങൾ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ ചെയ്യാൻ കഴിയുന്ന ഒരു വിവാഹജീവിതം ബഷീർ സ്വപ്നം കണ്ടു. കാലത്തിനു മുന്നേ നടന്ന കാമുകനെയാണ് മിക്കപ്പോഴും നമ്മൾ ഇതിലൊക്കെ കാണുന്നത് കേശവൻ നായരും-സാറാമ്മയും, മുഹമ്മദ് അബ്ബാസും-വസന്തകുമാരിയും ഒക്കെ ഇങ്ങനെ നാടിനെ അമ്പരപ്പിച്ചുകൊണ്ട് സഞ്ചരിച്ചു .അനുരാഗത്തിന്റെ ദിനങ്ങളിൽ മുന്നിലെത്തുന്ന ഒരു അപരിചിതയെ നോക്കി
“ഇതൊരു വിഷാദ മധുരമായ മോഹന കാവ്യം” ആണല്ലോ എന്ന് ആത്മഗതപ്പെടുന്ന കഥാകാരനെ പിന്നെ നാം കാണുന്നു. കുറെനാൾ നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ തന്റെ ശരീരത്തേക്കാൾ തന്നിലെ മനുഷ്യനെയും കഥാകാരനെയും പ്രണയിച്ച പ്രിയപ്പെട്ടവളെ അനുഗ്രഹിച്ചയക്കുന്ന കാമുകൻ പ്രണയത്തെ ഉദാത്തമായ അനുഭൂതിയാക്കുന്നു.താൻ പ്രണയിച്ച പെൺകുട്ടിയുടെ ഫോട്ടോകളും, മുടിയിലെ ഉണങ്ങിയ പൂക്കളും, മുടിയും ഒക്കെ പെട്ടിയിൽ സൂക്ഷിച്ചുവച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തിയ നിത്യവിസ്മയമായ അനുരാഗത്തെ പുൽകിയ ശുദ്ധനായ പ്രണേതാവായിരുന്നു ബഷീർ.
സാഹിത്യലോകത്തേ ആ സുൽത്താൻ, സ്വയംസൃഷ്ടിച്ച പ്രണയരാജ്യത്തെ രാജകുമാരൻ കൂടിയായിരുന്നു.
മതിലുകൾ എന്ന നോവലിൽ നാരായണി എന്ന സ്ത്രീ കഥാപാത്രത്തെ വരച്ചു കാണിക്കുമ്പോൾ രൂപഭാവങ്ങൾക്കുമ പ്പുറം ശബ്ദം സഞ്ചരിക്കുന്ന വേഗത പ്രണയത്തിന്റെ തീവ്രതകൾക്ക് മതിലിനേക്കാൾ ഉയരം…
ഉണങ്ങിയ മരക്കൊമ്പ് മതിലിനേക്കാൾ ഉയരത്തിൽ ഉയർന്നുപൊങ്ങുമ്പോൾ, രണ്ടു ഹൃദയങ്ങൾക്കിടയിൽ തളിരിട്ട പ്രണയത്തിന്റെ വസന്തകാലം വരച്ചിട്ട എഴുത്തുകാരന്റെ തൂലികയെ നമിച്ചേ മതിയാവൂ…
ബഷീറിന്റെ പ്രണയനികൾ എന്നും ബുദ്ധിമതികളായിരുന്നുവെങ്കിൽ, പുരുഷ കഥാപാത്രങ്ങൾ ഒക്കെ തന്നെയും ഉദാത്തമായ നിഷ്കളങ്ക പ്രേമത്തിന്റെ നിറകുടങ്ങൾ ആയിരുന്നു എന്ന് പറയാതെ വയ്യ.
കാലങ്ങൾ കടന്നു പോകുന്തോറും സാഹിത്യ പ്രതിഭ കളുടെ മനസിൽ മാങ്കോസ്റ്റിൻ മാഞ്ചുവട്ടിലെ ആ ചാരുകസേരയിൽ ചാരിക്കിടന്ന് “സോജാരാജകുമാരി “കേൾക്കുകയാണ് എഴുത്തിന്റെ രാജകുമാരൻ. വായനയുടെ വസന്തം ആസ്വാദകരിൽ പാകിയ ബേപ്പൂർ സുൽത്താനെ ഓർക്കാത്ത അദ്ദേഹത്തിന്റെ ഒരു ചരമദിനവും കടന്നു പോയിട്ടില്ല. ആ മഹാപ്രതിഭക്കും അദ്ദേഹത്തിന്റെ പ്രിയ പത്നിക്കും പ്രണാമം 🙏🙏
ആത്മാർത്ഥ പ്രണയം… ദിവ്യാനുരാഗം… ലാഭനഷ്ടങ്ങളുടെ കണക്കു നിരത്താത്ത, ആത്മാർത്ഥതയോടെയും, പരസ്പര ബഹുമാനത്തോടെയും, സ്നേഹിക്കുകയും, സ്നേഹിക്കപ്പെടുകയും ചെയ്യുന്നു.
അവിടെ ആ ഹൃദയങ്ങളിൽ പ്രണയം പരസ്പരം പങ്കുവയ്ക്കും തോറും നിറഞ്ഞുതുളുമ്പുന്നതായും കാണാം…
സ്വാർത്ഥത ലവലേശം പോലും തൊട്ടുതീണ്ടാത്ത, ആ പ്രണയം ഭക്തിയിൽ അധിഷ്ഠിതമായിരിക്കും. പിടിച്ചെടുക്കലോ, വിട്ടുകൊടുക്കലോ…
അല്ല…
അവിടെയാണ് യഥാർത്ഥത്തിൽ വാക്കു പൂക്കും നന്മയുടെ പ്രണയസാഫല്യം.
ഹാ… പ്രണയമേ…. നിന്നെ വർണ്ണിക്കുവാൻ വാക്കുകൾ പോരാ… എൻ ചിന്താവീഥിയിൽ….
ഭാവന പോരെന്റെ തൂലികത്തുമ്പിനും….




ബഷീറിന്റെ രചനകളെ കുറിച്ച് എഴുതാൻ തന്നെ പ്രയാസമാണ്..
ആറ്റി കുറുക്കിയ ലേഖനം ഇഷ്ടം