ഇന്ത്യയിലെ ദ്രാവിഡ വിഭാഗത്തിന്റെ ദേശീയോത്സവമാണ് പൊങ്കൽ. വിളവെടുപ്പു മഹോത്സവമായാണ് ആഘോഷങ്ങൾ. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏകദേശം ജനുവരി പകുതി മുതൽ നാലുദിവസങ്ങൾ വ്യത്യസ്ത ആചാരാനുഷ്ഠാന വിശ്വാസങ്ങളോടെയാണ് ആഘോഷിക്കുന്നത്. തമിഴ് നാട്ടിലാണ് ആഘോഷങ്ങൾ കൂടുതലെങ്കിലും മറ്റു സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലകളിലും ആഘോഷം നടക്കുന്നു .തമിഴ് കലണ്ടറിലെ മാർകഴി മാസത്തിന്റെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി വരെ നീണ്ടു നില്കുന്നു .പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മലയാളത്തിലെ മകര മാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നതിനാൽ മകര സംക്രാന്തി എന്നും ഇതിന് പേരുണ്ട്.
“വേവിച്ച അരി” എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം. ‘ഉഴുവുക്കും തൊഴിലുക്കും വരുനൈ ശെയ‍്‍വോം’ എന്നാണു മഹാകവി ഭാരതിയാർ ഇതിനെ
വിശേഷിപ്പിച്ചത്. സൂര്യ ആരാധനയാണു പ്രധാനം. കൃഷിയും അത് സംബന്ധിയായ തൊഴിലുകളും തമിഴ് സംസ്കാരത്തിന്റെ ആണിക്കല്ലാണ്. നാല് ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന ബ്രിഹത് ആഘോഷമാണിത്.
ഒന്നാം ദിവസം ഭോഗി പൊങ്കല്‍, പൊങ്കല്‍ ആഘോഷത്തിന്റെ പ്രഥമ ദിനം ആയതു കൊണ്ട് തന്നെ വീടുകള്‍ വൃത്തിയാക്കുകയും വിവിധ രൂപത്തിലും ഭാവത്തിലുമുള്ള കോലങ്ങള്‍ (രംഗോലി) കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു. വീടിന് പുറത്ത് അടുപ്പു കൂട്ടി അരി പാലിൽ വേവിയ്ക്കും. അതിനു പൊങ്കൽ എന്ന് പറയുന്നു. ഈ സ്ഥലത്ത് കോലമിട്ടിട്ടുണ്ടാകും. ചാണകവും തടിയുമുപയോഗിച്ചു പഴയ സാധനങ്ങൾ തീയിലിട്ടു കത്തിക്കുന്നു.
രണ്ടാം ദിനം സൂര്യ പൊങ്കല്‍ അഥവാ തൈപ്പൊങ്കൽ സൂര്യന് സമര്‍പ്പിക്കുന്നു. പരമ്പരാഗത മണ്‍പാത്രങ്ങള്ളിൽ സമൃദ്ധമായ പൊങ്കാല നിവേദ്യങ്ങൾ നിറഞ്ഞു കവിയുന്നതും . സമൃദ്ധമായ വിളവെടുപ്പിന് പ്രത്യേക പ്രാർത്ഥനകളും ജീവന്‍ നല്‍കുന്ന ഊര്‍ജ്ജത്തിന് സുര്യനെ പ്രത്യേകം
ഓർക്കുകയും ചെയ്യുന്നു.
മൂന്നാം ദിവസം മാട്ടുപൊങ്കല്‍ മനുഷ്യർക്കൊപ്പം നമ്മോടു ഇണങ്ങി ജീവിക്കുമ്പ കന്നുകാലികൾക്കും ആഘോഷം എന്നതാണ്. പശുക്കളെയും കാളകളെയും കുളിപ്പിക്കുകയും, അവയെ അലങ്കരിക്കുകയും ചെയ്യുന്നു . കാലികളുടെ ദീർഘായുസ്സിനും കാർഷിക വിളകളുടെ ഇടതടവില്ലാത്ത വിളവെടുപ്പിനും നല്ല കാലാവസ്ഥക്കുമായി മാട്ടുപൊങ്കലിൽ പ്രാർഥിക്കുന്നു. ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിക്കുന്നുവെന്നുമാണ് വിശ്വാസം.
കാളകളെ മെരുക്കുന്ന പരമ്പരാഗത കായിക വിനോദമായ ജല്ലിക്കെട്ട് ഈ ദിവസത്തെ ഒരു പ്രധാന സവിശേഷതയായിരുന്നു. വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന നിരവധി ആളുകൾക്ക് ജീവഹാനി വരെ നേരിടേണ്ടി വന്നതിനാൽ തമിഴ്നാട് സർക്കാർ ജെല്ലിക്കെട്ട് നിരോധിച്ചു. എന്നാൽ കോടതി ഇടപെടലുകളോടെ നിയന്ത്രണങ്ങൾക്ക് വിധേയമായി ജെല്ലിക്കെട്ട് നടക്കുന്നുണ്ട്.
നാലാം ദിവസം കണ്ണം പൊങ്കല്‍, ബന്ധുമിത്രാദികൾ പരസ്പരം ആളുകള്‍ ബന്ധുക്കളെ സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും പരമ്പരാഗത സംഗീതവും നൃത്തവുമായി എല്ലാവരിലേക്കും പൊങ്കൽ എത്തിക്കുന്നു.
തിളച്ചു മറിയുക എന്നർത്ഥം വരുന്ന പൊങ്കാല തൈപ്പൊങ്കലിൽ പ്രധാനമാണ്. ആചാരപരമായി അരിയും ശർക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദൈവത്തിനു നേദിക്കലാണ്. ആയിരം വർഷങ്ങൾക്കു മുൻപ് ചോളഭരണകാലത്തിന്റെ മദ്ധ്യകാലത്ത് പുതിയീട് അഥവാ ആദ്യ വിളവെടുപ്പ് ആഘോഷിച്ചിരുന്നതായി ശിലാലിഖിതങ്ങൾ പറയുന്നു. അതാണ് കാലക്രമത്തിൽ പൊങ്കലായി മാറിയത് .
വർത്തമാന കാലത്തു സമൂഹ മാധ്യമങ്ങളിൽ അർത്ഥമറിയാതെ പൊങ്കാല എന്ന വാക്ക് തെറ്റായി ഉപയോഗിക്കുന്നുണ്ട്.
‘തൈ പിറന്താൽ വഴി പിറക്കും’ എന്ന തമിഴ് പഴഞ്ചൊല്ല് എടുത്തു പറയേണ്ടിയിരിക്കുന്നു. കൊയ്ത്തു കഴിഞ്ഞു കടന്നു വരുന്ന തൈമാസം വന്നാൽ എല്ലാ ഐശ്വര്യങ്ങളും താനേ വന്നു ചേരുമെന്ന് വിവക്ഷിക്കുന്നു .തമിഴ്‌നാടിനെയും ദ്രാവിഡ വിഭാഗത്തെയും സംബന്ധിച്ച് പൊങ്കല്‍ വെറുമൊരു ആഘോഷം മാത്രമല്ല. ചരിത്രം, സംസ്‌കാരം, പ്രകൃതി സ്നേഹം സഹ ജീവികളോടുള്ള കരുണ അങ്ങനെ മാനവ സംസ്കാരത്തിന്റെ ഉദാത്തമായ ചില മാതൃകകളും, ,ഫലഭൂയിഷ്ഠതയെ സൂചിപ്പിക്കുന്ന പുത്തരിയും ദൈനം ദിന ജീവിതത്തിന്റെ മാധുര്യത്തെ സൂചിപ്പിക്കുന്ന പാലും, കവിഞ്ഞൊഴുകുന്ന കലം സമ്പൽ സമൃദ്ധിയെയും ജീവന്റെ ഉറവിടമെന്ന രീതിയില്‍ സൂര്യനെ പ്രത്യേകം സ്മരിക്കുന്നതുമെല്ലാം പൊങ്കൽ ആഘോഷങ്ങളെ വത്യസ്തമാക്കുന്നു .