ഫിലഡൽഫിയ — ഫിലഡൽഫിയയിൽ ഈയാഴ്ച തന്റെ കാറിൽ നിന്ന് പിതാവിൻ്റെ ചിതാഭസ്മം ആരോ മോഷ്ടിച്ചുവെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
മെയ്‌ഫെയർ സമീപത്തു ഹേലി ആൻ ബർഗെസ് പറയുന്നത്, താൻ ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി കാറിനടുത്തു എത്തിയപ്പോഴാണ് കാർ കൊള്ളയടിക്കപ്പെട്ടതായി കണ്ടത്. കാറിൽ നിന്ന് ഏകദേശം 20 ഡോളറും പിതാവിൻ്റെ ചിതാഭസ്മം ഉള്ള ഒരു കലശവും കൊള്ളയടിക്കപ്പെട്ടു.
2019-ൽ പെട്ടെന്ന് അന്തരിച്ച ഹേലിയുടെ പിതാവ് ഡേവ് ജോനാസെനിൽ നിന്ന് അവശേഷിച്ചത് ഇത് മാത്രമാണ്. ബുധനാഴ്ച അദ്ദേഹത്തിൻ്റെ മരണത്തിന് കൃത്യം അഞ്ച് വർഷം തികഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പോകുന്ന വഴികളിലെല്ലാം പിതാവിനെയും കൂടെ കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്നതിനാലാണ് ചിതാഭസ്മം കാറിൽ സൂക്ഷിച്ചതെന്ന് ഹേലി പറഞ്ഞു.
ടീസ്‌ഡെയ്ൽ സ്ട്രീറ്റിലെ 4000 ബ്ലോക്കിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽനിന്നും തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച രാവിലെ ആറുമണിക്കും ഇടയിലാണ് കുറ്റകൃത്യം നടന്നത്. മറ്റ് ചില അയൽക്കാരുടെയും കാറുകൾ തകർത്തതായി പറയപ്പെടുന്നു. .
“നഷ്ട്ടമായ പണം താൻ ശ്രദ്ധിക്കുന്നില്ല. പക്ഷെ പിതാവിന്റെ ചിതാഭസ്മം തിരികെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിന് പണ മൂല്യമില്ല. ഇത് എൻ്റെ പിതാവിന്റെ ചിതാഭസ്മം ആണ്. എനിക്ക് അദ്ദേഹത്തിൽ നിന്ന് അവശേഷിക്കുന്നത് ഇത് മാത്രമാണ്,” ഹേലി പറഞ്ഞു .
ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.