നിരവധി ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയില്‍ പോഷകങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍, ലയിക്കുന്ന നാരുകള്‍ എന്നിവ ആരോഗ്യകരമായ അളവില്‍ അടങ്ങിയിട്ടുണ്ട്.
കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണമായതിനാല്‍ ഭാരം കുറക്കാനും വെള്ളരിക്ക സഹായകരമാണ്. വെള്ളരിക്കയില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. ഇതിനാല്‍, വെള്ളരിക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വെള്ളരിക്ക കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക.
ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കണ്ണിന് മുകളില്‍ വയ്ക്കുന്നത്, കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറം മാറാന്‍ സഹായകരമാണ്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷമെന്നപോല്‍ കൂടുതലായി വെള്ളരിക്ക കഴിക്കുന്നതും അത്ര നല്ലതല്ല.
സൈനസൈറ്റിസ് ഉള്ളവര്‍ വെള്ളരിക്ക ഒഴിവാക്കുന്നതാണ് നല്ലത്. കാരണം വെള്ളരിക്കയില്‍ തണുപ്പിക്കാനുള്ള കഴിവ് അഥവാ കൂളിങ് എഫക്ട് ഉണ്ട്. അതിനാല്‍ സൈനസൈറ്റിസ് ബാധിച്ച ആളുകള്‍ ഇത് കഴിച്ചാല്‍ അവരുടെ പ്രശ്നം വര്‍ദ്ധിക്കാനിടയുണ്ട്.
ഗര്‍ഭിണികള്‍ വെള്ളരിക്ക കഴിക്കുന്നത് ഉത്തമമാണെങ്കിലും വെള്ളരിക്കയുടെ അമിത ഉപയോഗം ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ കാരണമാകും. കാരണം വെള്ളരിക്കയില്‍ വെള്ളത്തിന്റെ അളവ് വളരെ കൂടുതലാണ്.