മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ ‘എന്ന പംക്തിയിലേക്ക് സ്വാഗതം.🙏
ശ്യാമള ഹരിദാസ്, പാലക്കാട്.
ക്ഷേത്ര ഐതീഹ്യവും അതിന്റെ ചരിത്രവും എഴുതുന്ന വീട്ടമ്മയായ ശ്രീമതി ശ്യാമള ഹരിദാസ് ആണ് ഇന്നത്തെ നമ്മുടെ അതിഥി.
‘ മലയാളി മനസ്സ്’ എന്ന പത്രത്തെക്കുറിച്ച് ആദ്യമായി കേട്ടത് ഒരു മുഖപുസ്തക സൗഹൃദം വഴിയായിരുന്നു. ബഹിരാകാശയാത്രിക ആയിരുന്ന (വനിത) കല്പനാ ചൗളിയെ കുറിച്ച് എഴുതിയാണ് ഈ പത്രത്തിലേക്ക് കടന്നു വരുന്നത്. മാഡം ഈ പത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് വിശദീകരിച്ചു. തുടർന്നും ലേഖനങ്ങളും അവതാരികയും എഴുതി കഴിഞ്ഞപ്പോൾ ക്ഷേത്ര ഐതിഹ്യവും, ചരിത്രവും എഴുതാൻ തുടങ്ങി. അത് ഒരുപാട്പേർക്ക് ഉപയോഗപ്രദമാകും എന്ന തോന്നലാണ് ആ വഴിക്ക് നീങ്ങാൻ പ്രേരിപ്പിച്ചതത്രേ!
ഒ. കെ.ശൈലജ ടീച്ചറുടെ ‘വാടാമലർ’ എന്ന കവിതാ സമാഹാരത്തിനും ‘സായന്തനത്തിൽ വിരിഞ്ഞ നറുമലരുകൾ ‘ എന്ന ചെറുകഥ സമാഹാരത്തിനും ടീച്ചറുടെ സ്നേഹപൂർവ്വം ഉള്ള നിർബന്ധം കാരണം അവതാരിക എഴുതികൊടുക്കുകയുണ്ടായി.
ശ്രീമതി നളിനി ഹരിദാസിന്റെ ‘ആദിമം’ എന്ന കവിതാസമാഹാരത്തിനും ശ്രീമതി ഗീത ശശികുമാറിന്റെ ‘വാസുദേവം’ എന്ന കവിത സമാഹാരത്തിനും ‘മലയാളി മനസ്സിൽ’ അവതാരിക എഴുതികൊടുത്തുവെന്ന വിവരവും മാഡം പങ്കു വച്ചു.
നമുക്കുള്ള അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുക എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്നാണ് കണക്കാക്കുന്നത്. മലയാളി മനസ്സിന് ഒഴികെ രചനകൾ ഒന്നും മറ്റ് മാസികയിലേക്കോ, പത്രങ്ങളിലേക്കോ കൊടുത്തിട്ടില്ല. യാതൊരുവിധത്തിലുള്ള പ്രഹസനങ്ങളോ, ആർഭാടമോ പ്രശസ്തിയോ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് താനെന്നു മാഡം പറയുകയുണ്ടായി.നമ്മുടെ അറിവുകൾ ഇങ്ങിനെചെറിയ രീതിയിൽ മറ്റുള്ളവരിലേക്കു പകർന്നു കൊടുക്കുന്നത് ഒരു പുണ്യപ്രവർത്തിയായി കണക്കാക്കുന്നു.അതിൽ കൂടുതൽ മോഹങ്ങൾ ഒന്നുമില്ല.
ചത്തീസ്ഗഡിലെ ഹനുമാൻ ക്ഷേത്രങ്ങളിലൊന്നായ ഗിർജ ബന്ധ് ഹനുമാൻ ക്ഷേത്രത്തെക്കുറിച്ച് മാഡം എഴുതിയ ലേഖനം ഒരു പാടു വായനക്കാരെ ആകർഷിക്കുകയുണ്ടായി.ഒരു സ്ത്രീയുടെ വേഷത്തിൽ ആണ് ഇവിടെ ക്ഷേത്രത്തിൽ ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത് ലോകത്തിൽ തന്നെ മറ്റൊരിടത്തും ഇല്ലെന്ന അറിവ് ഈ ലേഖനത്തിൽ നിന്നാണ് കിട്ടിയത് എന്ന് ഒരുപാട് പേർ പറയുകയുണ്ടായി.
അതുപോലെതന്നെ ശിവഭഗവാൻ ഭരതനാട്യ നൃത്തം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന തമിഴ്നാട്ടിലെ പഞ്ച ക്ഷേത്രങ്ങളെക്കുറിച്ചുള്ള ലേഖനവും ഒന്നിനൊന്ന് മികച്ചതായിരുന്നു.
ഒരുപാട് വായനക്കാരെ നേടികൊടുത്ത മറ്റൊന്നായിരുന്നു ‘നരകാസുരനും അദിതിയും’ എന്ന ലേഖനം.
ജന്മസ്ഥലം ചെന്നൈയിൽ ആയിരുന്നെങ്കിലും വിദ്യാഭ്യാസം കേരളത്തിൽ ആയിരുന്നു. അച്ഛൻ ശങ്കുണ്ണി നായർ, റെയിൽവേ വിഭാഗത്തിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.അമ്മ കുഞ്ഞിലക്ഷ്മി അമ്മ.
പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് ഇപ്പോൾ താമസം. ബിസിനസുകാരനായ ഭർത്താവും രണ്ടു മക്കളും അടങ്ങുന്നതാണ് മാഡത്തിന്റെ കുടുംബം.
ഈ അനുഗ്രഹീത തൂലികയിൽ നിന്ന് ഒരുപാട് നല്ല കൃതികൾ എഴുത്തുകാരി ‘മലയാളി മനസ്സിന് ‘ സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു.
നന്ദി! നമസ്കാരം!