Sunday, November 17, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

* പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ് ഷരീഫ്) നേതാവ് ഷഹബാസ് ഷരീഫ് (72) വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ഇദ്ദേഹം പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്.
ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ 201 അംഗങ്ങൾ ഷഹബാസ് ഷരീഫിനെ പിന്തുണച്ചു. എതിർ സ്ഥാനാർഥിയായ പിടിഐയിലെ ഒമർ അയൂബ് ഖാന് 92 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

കൂട്ടുകക്ഷി സർക്കാരിനെ നയിക്കാൻ നവാസ് ഷരീഫ് വിമുഖത കാട്ടിയതോടെയാണു സഹോദരനായ ഷഹബാസിനെ പരിഗണിച്ചത്. പാക്ക് സൈന്യത്തിനും ഷഹബാസിനോടാണു താൽപര്യം. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണു പാക്കിസ്ഥാനിൽ സർക്കാരുണ്ടാകുന്നത്.  മുൻ പ്രധാനമന്ത്രി നവാസ് ഷരീഫാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം ഷഹബാസിനെ പ്രഖ്യാപിച്ചത്.

പാക്കിസ്ഥാൻ മുസ്​ലിം ലീഗ് (നവാസ്) പാർട്ടിയുടെ ഉന്നതതല യോഗത്തിലായിരുന്നു നാമനിർദേശം. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസ് കഴിഞ്ഞ ദിവസം അധികാരമേറ്റിരുന്നു. അതേസമയം പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ആസിഫ് അലി സർദാരി വീണ്ടും പാക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്റെ 14 ആമത്തെ പ്രസിഡന്റാണ്. കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവാണ് ആസിഫ് അലി സർദാരി. 2008 മുതൽ 2013 വരെ പ്രസിഡന്റായിരുന്നു. സൈനികനല്ലാത്ത ഒരാൾ രണ്ടാം വട്ടവും പാക്കിസ്ഥാൻ പ്രസിഡന്റ് പദവിയിലെത്തുന്നത് ഇതാദ്യമായാണ്.

* തെക്കൻ യുക്രെയ്നിലെ തുറമുഖനഗരമായ ഒഡേസയിൽ പാർപ്പിടസമുച്ചയത്തിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തി. 4 മാസം പ്രായമുള്ള കുഞ്ഞും ഇതിൽ ഉൾപ്പെടുന്നു. ഇറാൻ നിർമിത ഷഹീദ് ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പാശ്ചത്യരാജ്യങ്ങൾ ആയുധങ്ങൾ നൽകുന്നതു വൈകിക്കുന്നത് യുക്രെയ്ൻ സേനയുടെ പ്രതിരോധം ദുർബലമായിട്ടുണ്ട്. യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ ഒറ്റ രാത്രിയിൽ 17 ഡ്രോണാക്രമണമാണു റഷ്യ നടത്തിയത്. ഇതിലേറെയും യുക്രെയ്ൻ സേന വെടിവച്ചിട്ടു. അതേ സമയം റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ അഞ്ചുനില പാർപ്പിട സമുച്ചയത്തിൽ ഡ്രോണാക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ക്രൈമിയയിൽ യുക്രെയ്നിന്റെ 38 ഡ്രോണുകളെ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ നയതന്ത്രത്തിന്റെ ചുമതലയുളള ചൈനീസ് പ്രത്യേക പ്രതിനിധി ലീ ഹുയി മോസ്കോയിലെത്തി റഷ്യയുടെ ഉപ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി.

* കൃഷി, ഭക്ഷ്യോൽപാദന, കാർഷികോൽപന്ന കയറ്റുമതി മേഖലകളിലെ സബ്സിഡികൾ നിർത്തണമെന്ന 19 കയറ്റുമതി രാജ്യങ്ങളുടെ ആവശ്യം ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മന്ത്രിതല സമ്മേളനം തള്ളി.

ഇന്ത്യ നേതൃത്വം നൽകുന്ന ഭക്ഷ്യ ഇറക്കുമതി വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ എൻഎഫ്ഐഡിസിയുടെ (നെറ്റ് ഫുഡ് ഇംപോർട്ടിങ് ഡവലപ്പിങ് കൺട്രീസ്) ശക്തമായ എതിർപ്പിനെ തുടർന്നാണിത്. ഇരുവിഭാഗങ്ങളുടെയും സമ്മർദങ്ങൾക്കു പരിഹാരമായി രൂപപ്പെടുത്തിയ ബാലി സമാധാനക്കരാർ പ്രകാരം തൽസ്ഥിതി പിന്തുടരാനും കഴിഞ്ഞ ദിവസം സമാപിച്ച ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗം തീരുമാനിച്ചു. ഇതുപ്രകാരം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സബ്സിഡി തുടരും. ഭക്ഷ്യസുരക്ഷ നിലനിർത്താൻ സബ്സിഡി വേണമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. കാർഷിക വിളകൾക്കു താങ്ങുവില നൽകുന്നതിലും കാർഷിക നയങ്ങളിലും ഉദാര സമീപനം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയിലെ കർഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് താങ്ങുവില വിഷയം ഡബ്ല്യുടിഒ സമ്മേളനത്തിൽ ഉയർന്നത്.

വൻകിട രാജ്യങ്ങളുടെ ചൂഷണത്തിൽനിന്നു വികസ്വര രാജ്യങ്ങളെ രക്ഷിക്കാൻ രാജ്യാന്തര വ്യാപാര മേഖലയിൽ പൊതുമാനദണ്ഡം രൂപീകരിക്കും. വികസ്വര രാജ്യങ്ങളുടെ പ്രകൃതി സമ്പത്തു വ്യാപകമായി ചൂഷണം ചെയ്യുകയും സാമ്പത്തികമായി അവർക്കു ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു പൊതുമര്യാദയും ചട്ടങ്ങളും രൂപപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്. വ്യാപാര നയങ്ങൾ കയ്യൂക്ക് കൊണ്ടല്ല, പൊതു നിയമത്തിന്റെ അടിസ്ഥാനത്തിൽ വേണം രൂപപ്പെടുത്താനെന്നും യോഗം തീരുമാനിച്ചു.

കൃഷി, മത്സ്യബന്ധനം, ഇ – കൊമേഴ്സ്, നിക്ഷേപം, സേവനങ്ങൾ എന്നീ വിഷയങ്ങളിലും ചർച്ചകൾ നടന്നു. 167 അംഗ രാജ്യങ്ങൾ പങ്കെടുത്തു.

* തെക്കൻ ഗാസയിൽ 11 ലക്ഷത്തോളം പലസ്തീൻകാർ തിങ്ങിയ റഫയിൽ കഴിഞ്ഞ രാത്രി ഒരു വീടിനുമേൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒരു കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു. ഇതിൽ 4 മാസം പ്രായമുള്ള ഇരട്ടകളുൾപ്പെടെ 5 കുട്ടികളും ഉൾപ്പെടുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടങ്ങി ഏതാനും ആഴ്ചയ്ക്കുളളിൽ റഫ നിവാസിയായ റാനിയ അബു അൻസ പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങളുടെ ജീവനാണു പൊലിഞ്ഞത്. 11 വർഷത്തെ കാത്തിരിപ്പിനുശേഷമായിരുന്നു റാനിയയ്ക്കും ഭർത്താവ് അബുവിനും ഇരട്ടകളായി ആണും പെണ്ണും പിറന്നത്.

പട്ടിണി പടരുന്നതിനിടെ, ഗാസ സിറ്റിയിലെ കമാൽ അദ്‌വാൻ ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസങ്ങളിൽ പോഷകാഹാരക്കുറവും നിർജലീകരണവും മൂലം 15 കുട്ടികൾ മരിച്ചു. മധ്യ ഗാസയിൽ സഹായവിതരണ ട്രക്കിനു ചുറ്റും കൂടിയവർക്കു നേരെ ഇസ്രയേ‍ൽ സേന നടത്തിയ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ 90 പേർ കൊല്ലപ്പെട്ടെന്നു ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെടിനി‍ർത്തലിനായി ലോകം ഒറ്റക്കെട്ടായി ആഹ്വാനം ചെയ്യണമെന്നും ഇസ്രയേലിനു വീണ്ടും ആയുധം നൽകുന്നത് യുഎസ് അവസാനിപ്പിക്കണമെന്നും പലസ്തീൻ ആരോഗ്യമന്ത്രി മായി അൽ കയ്‌ല ആവശ്യപ്പെട്ടു.
ഇതേസമയം പട്ടിണി പടർന്ന ഗാസയിൽ പോഷകാഹാരക്കുറവുമൂലം ജീവൻ നഷ്ടമാകുന്ന കുഞ്ഞുങ്ങൾ പെരുകുന്നു. ഗുരുതരനിലയിൽ ആശുപത്രിയിലെത്തിച്ച കുഞ്ഞുങ്ങളിൽ 16 പേർ കൂടി കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചു. പട്ടിണിക്കൊപ്പം പകർച്ചവ്യാധികളും ഗാസയിൽ പടരുന്നു. ആരോഗ്യപരിപാലനം താറുമാറായ ഗാസയിൽ 10 ലക്ഷം പേരെങ്കിലും രോഗബാധിതരാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

* അടുത്തയാഴ്ചയോടെ റമസാൻ വ്രതം ആരംഭിക്കാനിരിക്കേ ഗാസയിൽ വെടിനിർത്തലിനുള്ള കയ്റോ ചർച്ച തീരുമാനമാകാതെ മൂന്നാം ദിവസത്തിലേക്കു നീണ്ടു. പട്ടിണി വ്യാപകമായ സാഹചര്യത്തിൽ, യുഎസ്, ജോർദാൻ, ഫ്രാൻസ്, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഗാസയിൽ വിമാനം വഴി ഭക്ഷണപ്പൊതി വിതരണം തുടർന്നു. ഇന്നലെ യുഎസും ജോർദാനും 36,800 ഭക്ഷണം പൊതികൾ വിമാനം വഴി ഇട്ടുകൊടുത്തു. ഗാസ സിറ്റിയിൽ ഭക്ഷണത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ ഇസ്രയേൽ സൈന്യം വെടിയുതിർക്കുന്ന ദൃശ്യം പുറത്തുവന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണിത്. യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഞായറാഴ്ച ആരംഭിച്ച ചർച്ചയിൽ 40 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിക്കുമെങ്കിൽ 40 ബന്ദികളെ മോചിപ്പിക്കാമെന്ന നിർദേശമാണു ഹമാസ് മുന്നോട്ടുവച്ചത്.

ഗാസയിൽ ശേഷിക്കുന്ന നൂറിലേറെ തടവുകാരെയും വിട്ടയയ്ക്കണമെങ്കിൽ സ്ഥിരമായ വെടിനിർത്തലും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റവുമാണ് ഹമാസ് ആവശ്യപ്പെടുന്നത്. ഈ നിർദേശങ്ങൾ ഇസ്രയേലിനു സ്വീകാര്യമല്ലെന്നാണു വിവരം. കയ്റോ ചർച്ചയിൽ ഇസ്രയേൽ പങ്കെടുത്തിരുന്നില്ല.ഇത് സംബന്ധിച്ചു ഇസ്രയേലുമായി ചർച്ച തുടരുമെന്നാണ് മധ്യസ്ഥ രാജ്യങ്ങൾ പറയുന്നത്. അതേസമയം, ഗാസയിൽ യുഎൻ ഭക്ഷണവണ്ടികൾ ഇസ്രയേൽ സൈന്യം തടഞ്ഞു. യുഎന്നിനു കീഴിലുള്ള വേഡ് ഫുഡ് പ്രോഗ്രാമിന്റെ ഭക്ഷണവണ്ടികളാണ് വടക്കൻ ഗാസയിൽ പ്രവേശിക്കുന്നതു സൈന്യം തടഞ്ഞത്.

* പ്രധാനമന്ത്രിയുടെ വാർഷിക പത്രസമ്മേളനം റദ്ദാക്കി ചൈന. ചൈനയിലെ ഉന്നത ഭരണാധികാരി നേരിട്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരേയൊരു സന്ദർഭമായിരുന്നു ഈ പത്രസമ്മേളനം. ചൈനീസ് പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രിയാണ് പത്രസമ്മേളനം നടത്താറുള്ളത്. ഇത്തവണ പ്രധാനമന്ത്രി ലീ ചിയാങ് പത്രസമ്മേളനം നടത്തുന്നില്ലെന്ന് നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ വക്താവ് അറിയിച്ചു. കാരണം പറഞ്ഞിട്ടില്ല. തുടർന്നുള്ള ഏതാനും വർഷങ്ങളിലും പത്രസമ്മേളനം ഉണ്ടാവില്ലെന്നും വക്താവ് പറഞ്ഞു. മോശം സാമ്പത്തിക വളർച്ചയിലൂടെയാണ് ഇപ്പോൾ ചൈന കടന്നുപോകുന്നത്. ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാക്കാനാണ് ഈ തീരുമാനമെന്നാണ് അനുമാനം.

* ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം തുടരുന്നതിനിടെ ചൈനയുമായി സുപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെട്ട് മാലദ്വീപ്. ചൈന സൗജന്യമായി സൈനിക സഹായം ലഭ്യമാക്കുന്ന സഹകരണ കരാറിലാണ് ഇരുരാജ്യങ്ങളും തിങ്കളാഴ്ച ഒപ്പുവച്ചത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു നീക്കം.

അതിനിടെ, മേയ് 10-ന് ശേഷം ഒറ്റ ഇന്ത്യന്‍ സൈനികൻ പോലും മാലദ്വീപിലുണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. സാധാരണ വേഷത്തില്‍ പോലും സൈനികരെ അനുവദിക്കില്ല. സൈനികര്‍ക്കു പകരം ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ ദ്വീപിലെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് മുയിസുവിന്റെ പ്രസ്താവന. ചൈനയുമായി സൈനിക സഹായ കരാര്‍ ഒപ്പിട്ടതിനു പിന്നാലൊണ് മുയിസ് നിലപാട് കടുപ്പിച്ചത്.

‌മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന പ്രസിഡന്റ് മുഹമ്മദ് മുയ്സുവിന്റെ അന്ത്യശാസനത്തിനു പിന്നാലെയാണു ചൈനയോട് അടുക്കുന്നതെന്നതു ശ്രദ്ധേയം. സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാലദ്വീപ് പ്രതിരോധമന്ത്രി മുഹമ്മദ് ഖാസൻ മൗമൂനും ചൈനയുടെ രാജ്യാന്തര സൈനിക സഹകരണ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ സാങ് ബൗഖുനും ചർച്ച നടത്തി. സഹകരണ കരാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 12 പരിസ്ഥിതി സൗഹൃദ ആംബുലൻസുകളും മാലദ്വീപിനു ചൈന നൽകിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം ചൈനയുടെ ചാരക്കപ്പലിനു നങ്കൂരമിടാൻ മാലദ്വീപ് അനുമതി നൽകിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം മുൻനിർത്തി ഇതേ ചാരക്കപ്പലിന് ഇക്കഴിഞ്ഞ ജനുവരിയിൽ ശ്രീലങ്ക അനുമതി കൊടുത്തിരുന്നില്ല. മാലദ്വീപിലെ ഇന്ത്യൻ സൈനിക സാങ്കേതികവിദഗ്ധരെ പിൻവലിക്കുന്നതിനു പകരമായി സിവിലിയൻ വിദഗ്ധരെയാണു നിയമിച്ചിരിക്കുന്നത്.

മാലദ്വീപിൽ ഇന്ത്യാവിരുദ്ധ ജനവികാരം ഉയർത്തി അധികാരത്തിലെത്തിയ പ്രസിഡന്റ് മുയ്സുവിന്റെ ആവശ്യപ്രകാരമാണ് ഇന്ത്യ നിർമിച്ചുനൽകിയ തീരദേശ റഡാർ ശൃംഖലയും പര്യവേക്ഷണ ഹെലികോപ്റ്ററും പട്രോൾ ബോട്ടും പ്രവർത്തിപ്പിക്കുന്ന സൈനിക സാങ്കേതികവിദഗ്ധരെ പിൻവലിക്കാൻ നിർബന്ധിതമായത്. ചർച്ചകളെത്തുടർന്ന് സിവിലിയൻ വിദഗ്ധരെ പകരം അയയ്ക്കാൻ മാലദ്വീപ് സർക്കാർ അനുവദിച്ചു. മാലദ്വീപിൽ ഉണ്ടായ കോട്ടം തീർക്കാനെന്നവണ്ണം അൽപം കൂടി തെക്കുപടിഞ്ഞാറുള്ള മൊറീഷ്യസുമായി നേരത്തേ നിലവിലുള്ള ധാരണയനുസരിച്ച് പുതിയ സാമുദ്രികശാക്തിക നിക്ഷേപത്തിനുള്ള നീക്കത്തിലാണ് ഇന്ത്യ.

ഇന്ത്യയെ പിണക്കിയതോടെ ആടിയുലഞ്ഞു മാലദ്വീപ് ടൂറിസം. മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണം 33 ശതമാനം ഇടിഞ്ഞതായി റിപ്പോർട്ട്‌. കഴിഞ്ഞവർഷം മാലദ്വീപ് ടൂറിസത്തിന്റെ 10 ശതമാനം ഇന്ത്യയിൽനിന്നായിരുന്നു. ഇപ്പോഴതു ആറായി ചുരുങ്ങിയിട്ടുണ്ട്.

* ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ് തീരുമാനിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. വൻ കരഘോഷത്തോടെയാണ് അംഗങ്ങൾ പ്രഖ്യാപനം സ്വീകരിച്ചത്. കോൺഗ്രസ് അംഗീകരിച്ചാൽ ഇതു പ്രാബല്യത്തിൽ വരും.

ഫ്രാൻസിൽ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം 1975ല്‍ പാസാക്കിയിട്ടുണ്ട്. എന്നാല്‍, ഗർഭഛിദ്രത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ഒന്നും ഭരണഘടനയില്‍ ഇല്ലായിരുന്നു. 2022ൽ മാത്രം 234,000 ഗര്‍ഭഛിദ്രങ്ങള്‍ ഫ്രാന്‍സില്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫ്രാന്‍സിലെ ജനങ്ങളില്‍ 89 ശതമാനം പേരും പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമായിട്ടുള്ളത്.

തീരുമാനം ഫ്രാൻസിന്റെ അഭിമാനം വാനോളം ഉയർത്തുന്നെന്നും ആഗോളസന്ദേശം നൽകുന്നതാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവർ മക്രോ പറഞ്ഞു. പാർലമെന്റ് തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ പാരിസിലെ ഈഫൽ ടവറിനു താഴെ ‘എന്റെ ശരീരം എന്റെ അവകാശം’ എന്ന മുദ്രാവാക്യത്തോടെ ആഘോഷങ്ങൾ തുടങ്ങി.

* ചെങ്കടലിൽ ഹൂതി മിസൈൽ ആക്രമണത്തിൽ മൂന്നു കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. നാലു പേർക്കു പരുക്കേറ്റതായാണ് വിവരം. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. ആക്രമണത്തിൽ കപ്പലിനു കാര്യമായ നാശനഷ്ടമുണ്ടായി. ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയാണു ഹൂതി. ആക്രമണത്തിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.

ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോൺഫിഡൻസ് എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കരീബിയൻ രാജ്യമായ ബാർബഡോസിനു വേണ്ടി സർവീസ് നടത്തുകയായിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിനിരയായ ഗാസയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഒക്‌ടോബർ മുതൽ ഇസ്രയേലുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകൾ, എണ്ണ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതിക്കുള്ള പ്രധാന വഴികളിലൊന്നാണ് ചെങ്കടൽ. ഹൂതി ആക്രമണത്തെ തുടർന്ന് നിരവധി ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള കയറ്റുമതി നിർത്തിവച്ചു. കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകുന്ന ബദൽ റൂട്ടാണ് പല കപ്പലുകളും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇതുവഴി കപ്പലുകൾക്ക് 3,500 നോട്ടിക്കൽ മൈൽ ദൂരം അധിക യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഇത് യാത്രാ ചെലവും വർധിപ്പിച്ചു.

* താനൊഴികെ ബാക്കിയെല്ലാവരെയും രാജ്യശത്രുവായി പ്രഖ്യാപിക്കുന്ന വ്ലാദിമിർ പുട്ടിന്റെ അവസാന നാളുകൾ അടുത്തെന്നു മുൻ ലോക ചെസ് ചാംപ്യനും പുട്ടിൻ വിമർശകനുമായ ഗാരി കാസ്പറോവ്. യുക്രെയ്ൻ യുദ്ധമടക്കമുള്ള കാര്യങ്ങൾ കടുത്ത വിമർശനമുന്നയിക്കുന്ന കാസ്പറോവിനെ റഷ്യയുടെ ധനകാര്യ നിരീക്ഷണ ഏജൻസിയായ റോസ്ഫിൻമോണിറ്ററിങ് കഴിഞ്ഞദിവസം തീവ്രവാദികളുടെയും ഭീകരരുടെയും പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പട്ടികയിലുള്ളവർ റഷ്യയിലെ ബാങ്ക് ഇടപാടുകൾക്കു മുൻകൂർ അനുമതി തേടണം. 2014 ൽ റഷ്യ വിട്ട കാസ്പറോവ് യുഎസിലാണു താമസം.

* ഇന്ത്യ–ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ചൈന രംഗത്ത്. ഇന്ത്യയുടെ നീക്കം സംഘർഷം ലഘൂകരിക്കുന്നതിന് അനുയോജ്യമല്ലെന്ന് ചൈന കുറ്റപ്പെടുത്തി. ഇന്ത്യ–ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് പതിനായിരം സൈനികരെ വിന്യസിച്ചിട്ടുള്ളതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.

അതിർത്തിയിൽ നേരത്തേ നിയോഗിച്ച 9000 സൈനികർ പുതുതായി രൂപം നൽകിയ കമാൻഡിന് കീഴിലായിരിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവയെ ചൈന അധിനിവേശ ടിബറ്റ് മേഖലയിൽ നിന്ന് വേർതിരിക്കുന്ന 532 കിലോമീറ്റർ അതിർത്തി ഈ സംയോജിത സേനയുടെ സംരക്ഷണയിലായിരിക്കും. അതിർത്തി പ്രദേശങ്ങളിലെ സമാധാനവും സുസ്ഥിരതയും സംരക്ഷിക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന പ്രതിജ്ഞാബദ്ധരാണ്. എന്നാൽ ഇന്ത്യയുടെ നീക്കം സമാധാനം സംരക്ഷിക്കാൻ സഹായിക്കുന്നതോ, സംഘർഷം ലഘൂകരിക്കാൻ സഹായിക്കുന്നതോ അല്ല.’’ ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു.

ഇന്ത്യ ഏത് ആക്രമണത്തെയും നേരിടാൻ സുസജ്ജമാണെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അതിർത്തിയിൽ സുപ്രധാന നീക്കം ഉണ്ടായിരിക്കുന്നത്.

സ്റ്റെഫി ദിപിൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments