ന്യൂ യോർക്കിലെ ഇന്ത്യൻ നഴ്സുമാരുടെ സ്വരമായ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) അതിന്റെ ഇരുപതാം പ്രവർത്തനവര്ഷത്തിലേക്കു കയറുന്നു. ഇന്ത്യൻ കമ്യൂണിറ്റിക്കും നഴ്സിംഗ് സമൂഹത്തിനും ആഗോളതലത്തിലും അനേകമനേകം സന്നദ്ധ സേവനങ്ങൾ ചെയ്ത ഈ പ്രൊഫെഷണൽ സംഘടന പുതിയൊരു നാഴികക്കല്ല് കടക്കുന്ന അവസരം വർണ്ണ ഭംഗിയോടും അര്ഥപൂര്ണമായും ആഘോഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
ന്യൂ യോർക്ക് സിറ്റിയും ചുറ്റുപാടുകളും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതുകൊണ്ടു ലോങ്ങ് ഐലൻഡിൽ വെച്ചായിരിക്കും ആഘോഷങ്ങൾ. സ്ഥലം ജെറിക്കോയിലെ കൊട്ടിലിയൻ കേറ്ററേഴ്സ്. സംഘടനാപരിചയവും നേതൃപാടവവും തെളിയിച്ചിട്ടുള്ള സംഘാടകനേതൃത്വത്തെയാണ് ആഘോഷങ്ങൾ വിജയകരമായി സംഘടിപ്പിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഐനാനി പ്രസിഡന്റ് ഡോ. അന്നാ ജോർജ് അറിയിച്ചു. നോർത് വെൽ ഹെൽത് സിസ്റ്റത്തിൽ നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ആനി സാബുവാണ് കൺവെൻഷൻ കൺവീനർ. നാസൗ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ എഡ്യൂക്കേറ്റർ ആൽഫി സൺഡ്രൂപ് കോ-കൺവീനറും. ഇരുപതാം വാർഷികാഘോഷത്തിനോടൊപ്പം ഒരു സുവനീർ ഇറക്കുവാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ കമ്മിറ്റി ചെയർ ആയി സൗത്ത് ബീച്ച് സൈക്കയാട്രിക് സെന്റർ ചീഫ് നഴ്സിംഗ് ഓഫീസർ ഡോ. ഷൈല റോഷിനും കോ-ചെയർ ആയി ലോങ്ങ് ഐലൻഡ് യൂണിവേഴ്സിറ്റിയിലെ ആഡ്ജംക്ട് നഴ്സിംഗ് പ്രൊഫസ്സറും നോർത്ത് വെൽ ഹെൽത് സിസ്റ്റത്തിൽ കൺസൾട്ടന്റുമായ പോൾ ഡി. പനക്കലും പ്രവർത്തിക്കും.
ന്യൂ യോർക്ക് സംസ്ഥാനത്തെ ആയിരക്കണക്കിന് ഇന്ത്യൻ വംശക്കാരായ നഴ്സുമാരുടെ പ്രാതിനിധ്യം മുഖ്യധാരയിലും ഔദ്യോഗിക തലങ്ങളിലും പ്രകടമാക്കുക, നഴ്സിംഗ് കമ്മ്യൂണിറ്റിക്കും സമൂഹത്തിനും നഴ്സുമാർക്ക് ചെയ്യാവുന്ന സേവനങ്ങൾ നടപ്പിലാക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ രണ്ടായിരത്തിനാലിൽ ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക്. അനേകം നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകിയിട്ടുള്ള ഈ സംഘടന ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു ട്യൂഷൻ ഇളവു ഉറപ്പുവരുത്തിയത് അനേകം ഇന്ത്യൻ നഴ്സുമാർക്ക് ഉപരിപഠനം
നടത്തുന്നതിനു സഹായകമായി. നഴ്‌സുമാർക്കും നേഴ്സ് പ്രാക്ടീഷണര്മാര്ക്കും അവരുടെ ലൈസൻസും സെർറ്റിഫിക്കേഷനും പുതുക്കുന്നതിനാവശ്യമായ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ ക്രെഡിറ് ക്‌ളാസ്സുകൾ സൗജന്യമായി ഐനാനി വളരെ വര്ഷങ്ങളായി നടത്തിവരുന്നു. ഫിലിപ്പീൻസ്, ഹേയ്ട്ടി, ഇന്ത്യ എന്നീ രാജ്യങ്ങളിലും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ ഐനാനി നഴ്സുമാർ നേരിട്ടു പോയി ദുരിതാശ്വാസ പ്രവർത്തന സേവനങ്ങൾ ചെയ്യുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഹെൽത് ഇൻഷുറൻസില്ലാത്ത ആളുകൾ താമസിക്കുന്ന പ്രദേശങ്ങളിൽ ഹെൽത് ഫെയറുകൾ നടത്തുകയും ജീവ രക്ഷയ്ക്ക് രക്തത്തിന്റെ കരുതൽ കുറഞ്ഞ അവസരങ്ങളിൽ ബ്ലഡ് ഡൊനേഷന് സംഘടിപ്പിക്കുന്നതിനും ഐനാനി മുന്നിൽ നിൽക്കുന്നുണ്ട്. കോവിഡ് പകർച്ചവ്യാധിയുടെ ആരംഭത്തെ തുടർന്ന് അമേരിക്കൻ സമൂഹത്തിൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഉയർന്നുവന്ന ഏഷ്യൻ വിരുദ്ധ സംഭവങ്ങളെ നേരിടുന്നതിന് ന്യൂ യോർക്ക് സംസ്ഥാനം ഐനാനിക്ക് പതിനായിരം ഡോളറിന്റെ ഗ്രാന്റ് കിട്ടിയിരുന്നു.
കോവിഡിനു കാരണം ഏഷ്യക്കാരാണെന്നും കൊറോണഅവർ വൈറസ് കൊണ്ടുനടക്കുന്നവരാണെന്നും മറ്റുമുള്ള അബദ്ധ ധാരണകളും അന്ധമായ വർഗ്ഗീയ വിധ്വേഷവും കൊണ്ട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി ഉണ്ടായിക്കൊണ്ടിരുന്ന ആയിരക്കണക്കിന് ഏഷ്യൻ വിരുദ്ധ സംഭവങ്ങളെ നേരിടുന്നതിന് ഐനാനി ശ്രമിച്ചത് സംഭവങ്ങൾക്കിരയാകുന്നവരെ സഹായിക്കുന്നതിനാണ്. ജോലിസ്ഥലത്തും കടകളിലും സ്‌കൂളുകളിലും മറ്റു പൊതുസ്ഥലങ്ങളിലും വിവേചനത്തിനും ഒറ്റപ്പെടുത്തലുകൾക്കും ഭീഷണികൾക്കും മറ്റു മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കും ഇരയാകുന്നവർ എങ്ങനെ സഹായിക്കാൻ കാണികൾക്കു കഴിയുമെന്ന ഒരു പരിശീലന പരമ്പര ഐനാനി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കു വേണ്ടി നടത്തി. കൊയാലിഷൻ ഓഫ് ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ് എന്ന സംഘടനയുമായി സഹകരിച്ചാണ് ഐനാനി ഈ സംരംഭം നടപ്പിലാക്കിയത്.
സ്ഥാപക പ്രസിഡന്റ് ഡോ. ആനി പോൾ, തുടർന്ന് സംഘടനയ്ക്ക് ചുക്കാൻ പിടിച്ച സൂസമ്മ ആൻഡ്രൂസ്, ഉഷ ജോർജ്, മേരി ഫിലിപ്പ്, താര ഷാജൻ, ഇപ്പോഴത്തെ പ്രസിഡന്റ് ഡോ. അന്നാ ജോർജ് എന്നീ ദാര്ശനിക നേതൃപാടവം പ്രകടമാക്കിയ നഴ്സിംഗ് നേതാക്കൾ താഴ്ന്ന പ്രൊഫൈൽ സൂക്ഷിച്ചുകൊണ്ട് ആല്മാര്തമായി പ്രവർത്തിക്കുന്ന അനേകം സഹ നേതാക്കളെ സഹകരിപ്പിച്ച് ഐനാനിയെ പുരോഗതിയിലേക്കുള്ള പരിവർത്തനപാതയിലൂടെ തുടർച്ചയായി നയിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാപക പ്രസിഡന്റ് ഡോ. ആനി പോൾ, തുടർന്ന് സംഘടനയ്ക്ക് ചുക്കാൻ പിടിച്ച സൂസമ്മ ആൻഡ്രൂസ്, ഉഷ ജോർജ്, മേരി ഫിലിപ്പ്, താര ഷാജൻ,
ഇപ്പോഴത്തെ പ്രസിഡന്റ് ഡോ. അന്നാ ജോർജ് എന്നീ ദാര്ശനിക നേതൃപാടവം പ്രകടമാക്കിയ നഴ്സിംഗ് നേതാക്കൾ താഴ്ന്ന പ്രൊഫൈൽ സൂക്ഷിച്ചുകൊണ്ട് ആല്മാര്തമായി പ്രവർത്തിക്കുന്ന അനേകം സഹ നേതാക്കളെ സഹകരിപ്പിച്ച് ഐനാനിയെ പുരോഗതിയിലേക്കുള്ള പരിവർത്തനപാതയിലൂടെ തുടർച്ചയായി നയിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ രംഗത്ത് പ്രാഗൽഭ്യം നേടിയവരും ദേശീയ തലത്തിൽ തന്നെ അക്കാദമിക് തലത്തിലും ആതുര സുസ്രൂഷ/ചികിത്സാ തലത്തിലും അംഗീകാരം നേടിയവരും ഹോസ്പിറ്റലുകളുടെ ഉന്നത ഭരണനേതൃത്വത്തിലുമുള്ള അനേകം നഴ്സുമാർ ഐനാനിയുടെ അംഗത്വബലമാണ്.
ഐനാനിയുടെ സേവനങ്ങളെ ന്യൂ യോർക്ക് സിറ്റി മേയർ എറിക് ആഡംസും ഗവർണ്ണർ കാത്തി ഹോക്കുളും വിലമതിക്കുകയുണ്ടായി.
മെയ് നാലിന് നഴ്സസ് വീക്കിനോടനുബന്ധിച്ചായിരിക്കും ആഘോഷം നടക്കുക.