Wednesday, December 25, 2024
Homeഅമേരിക്കബിന്ദുവിൽ നിന്നു ബ്രഹ്മാണ്ഡം ✍ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട

ബിന്ദുവിൽ നിന്നു ബ്രഹ്മാണ്ഡം ✍ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട

ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട

പ്രകൃതിയിൽ പെട്ടെന്നൊരു പൊട്ടിത്തെറിയുണ്ടായി; മഹാവിസ്ഫോടനം അഥവാ ബിഗ്ബാങ് . ഒരു ബിന്ദു രൂപപ്പെട്ടു. അതു വളരാനും വലുതാകാനും വികസിക്കാനും തുടങ്ങി. അമ്പിളി മുത്തശ്ശൻ, പിച്ച നടത്തുന്ന നക്ഷത്രക്കൊച്ചുങ്ങളുടെ മാലയുണ്ടായി; നക്ഷത്രമാല അഥവാ ഗാലക്സികൾ. ഒന്നോ രണ്ടോ അല്ല, പതിനായിരം കോടി ഗാലക്സികൾ. അതിലൊന്നാണ് ക്ഷീരപഥം അഥവാ മിൽക്കിവേ. പച്ച മലയാളത്തിൽ പറഞ്ഞാൽ പാൽ പാത. അതിലെ സൂര്യൻ എന്ന ഒരു നക്ഷത്രത്തിൻ്റെ ചുറ്റും കറങ്ങുന്ന ഒരു ചെറുഗോളം മാത്രമാണ് ഭൂമി. മഹാവിസ്ഫോടനസമയത്ത് ഉണ്ടായ ബിന്ദുവാണ് ബ്രഹ്മാണ്ഡം അല്ലെങ്കിൽ പ്രപഞ്ചം. അതുണ്ടായത് 1,38,000ലക്ഷം (1.38 ബില്യൺ) വർഷങ്ങൾക്കു മുമ്പാണ്.

നാം എത്ര നിസ്സാരരാണ്!
അനന്തമജ്ഞാതവർണ്ണനീയം ,
ഈലോകഗോളം തിരിയുന്ന മാർഗ്ഗം,
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു,
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?
നാലപ്പാട്ടു നാരായണമേനോൻ, എന്ന കവി പാടിയിരിക്കുന്നത് എത്ര അർത്ഥവത്താണ്?

ഭൂമി ഉണ്ടായത് ഇങ്ങനെയാണെന്നു കരുതുന്നു. സൂര്യനിൽ നിന്ന് ഒരു ഭാഗം ഏതോ കാരണത്താൽ അടർന്നു മാറി. തണുത്തുറഞ്ഞു. മുകളിൽ പൊന്തിനിന്ന വസ്തുക്കൾ കട്ടിയായി. ഉള്ളിലെ ചൂടു പുറത്തു പോകാൻ വഴിയില്ലാതെ വന്നു. ഭൂമിയുടെ ഉള്ളിലെ ഘടന നാടൻ കോഴിയുടെ മുട്ടയുടെ ഉൾവശം പോലെയാണ്. പുറംതോട് ( ക്രസ്റ്റ് ),
ആവരണം ( മാൻ്റിൽ ) ,
പുറംകാമ്പ് ( ഔട്ടർ കോർ ) ,
അകക്കാമ്പ് ( ഇന്നർ കോർ ).
മുട്ടയുടെ തോട്, വെള്ള, മഞ്ഞ, ഭ്രൂണം പോലെ .

ഭൂമിക്കു ഗോളാകൃതിയാണ്. എഴുപതുശതമാനത്തിലധികം സമുദ്രമാണ്. ഭൂമിയിലെ മൊത്തം വെള്ളത്തിൻ്റെ 98 ശതമാനവും ഉപ്പുള്ള സമുദ്രജലമാണ്.
ഭൂമിക്ക് ഒരു അന്തരീക്ഷമുണ്ട്. അന്തരീക്ഷത്തെയും ജീവനെയും നിലനിറുത്താൻ കഴിയുന്ന താപനിലയും മറ്റു സാഹചര്യങ്ങളുമാണ് ഭൂമിയിലുള്ളത്. സ്വയം കറങ്ങുന്നതുകൊണ്ട് പകലും രാത്രിയും ഉണ്ടാകുന്നു.

ഭൂമി കിഴക്കോട്ടു കറങ്ങുന്നു. ചുററുപാടും വെള്ളമായതുകൊണ്ടു പുറമെ നിന്നു നോക്കുമ്പോൾ നീലനിറം. ഭൂമിയെ നീലഗ്രഹം എന്നും പറയും. ഭൂമിയിൽ ജീവൻ കണ്ടു തുടങ്ങിയിട്ടു 100 കോടി വർഷങ്ങളായി. ഇനിയും 150 കോടി വർഷങ്ങളുടെ ആയുസ്സുണ്ട്. ഈ ബ്രഹ്മാണ്ഡത്തിൽ ജീവൻ നിലനിൽക്കുന്ന ഏകയിടമാണ് ഭൂമി. ഗ്രീക്കു റോമൻ ദേവന്മാരുടെ പേരില്ലാത്ത സൗരയൂഥത്തിലെ ഒരേ ഒരു ഗ്രഹമാണ് ഭൂമി.

ഇല്ലാത്ത ഒരു അച്ചുതണ്ടിലാണ് ഭൂമി തിരിയുന്നതെന്നു നാം കരുതുന്നു. രാപകൽ വ്യവസ്ഥ നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നു. ശരീരം , മനസ്സു്, പെരുമാറ്റം എന്നിവയുടെ സ്ഥിതി നിർണയിക്കുന്നു. നാം വെളിച്ചമണച്ച് ഉറങ്ങുന്നു. പകൽ വെളിച്ചത്തിൽ ജോലി ചെയ്യുന്നു. മനസ്സും ശരീരവും ഇതനുസരിച്ച് സ്വയം ക്രമപ്പെടുത്തുന്നു. ഈ താളക്രമം ഒരു കാണാഘടികാരം അല്ലെങ്കിൽ ജൈവഘടികാരമാണ്. താളക്രമം തെറ്റിച്ചാൽ അസ്വസ്ഥതയുണ്ടാകുന്നു. ഉറക്കത്തെ നിയന്ത്രിക്കുന്ന മെലറ്റോനിൻ എന്ന ഹോർമോൺ ഉല്പാദനം കുറയുന്നു. നല്ല ഉറക്കം കിട്ടാതാകുന്നു. രോഗിയാകുന്നു. അതുകൊണ്ടു വെളിച്ചത്തിനു മാത്രമല്ല, ഇരുട്ടിനും നമ്മുടെ ജീവിതത്തിൽ പങ്കുണ്ട്.

ഒരു ദിവസം കൊണ്ടു തീർക്കുന്ന ഭൂമിയുടെ സ്വയം കറക്കത്തിനിടയിലും വർഷത്തിൽ ഒരു തവണ സൂര്യനെ ചുറ്റുന്നുണ്ട്. അതു കൊണ്ടു ഋതുക്കൾ അല്ലെങ്കിൽ പലതരം കാലാവസ്ഥകൾ അനുഭവപ്പെടുന്നു. ഭൂമിക്ക് ഒരു ചന്ദ്രനുണ്ട്. അനേകം അദ്‌ഭുതങ്ങളുടെ കേന്ദ്രമാണ് ഭൂമി. മനുഷ്യൻ്റെ ഇടപെടൽ കൊണ്ടു ഭൂമിയുടെ രസതന്ത്രത്തിൽ മാറ്റം സംഭവിക്കുന്നുണ്ട്. ഇതു മനുഷ്യൻ്റെ നിലനില്പിനു ഭീഷണിയാകുന്നു. ബ്രഹ്മാണ്ഡം അഥവാ പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യൻ നിസ്സഹായനായി ഇവയെല്ലാം മനസ്സിലാക്കി ഇങ്ങനെ തന്നെ കഴിയുന്നു.

ഇനിയും 150 കോടി വർഷങ്ങൾ കഴിയുമ്പോൾ പ്രകാശവും ചൂടും വർദ്ധിക്കും. അന്തരീക്ഷം നശിക്കും. സകല ജീവജാലങ്ങളും ഇല്ലാതാകും.മഹാവിസ്ഫോടന സിദ്ധാന്തം പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുകയും എല്ലാ പ്രപഞ്ച പ്രതിഭാസങ്ങളുമായും മനുഷ്യരാശിയുടെ പരസ്പരബന്ധത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ, അത് പര്യവേക്ഷണങ്ങൾക്കും പുതിയ കണ്ടെത്തലുകൾക്കും ഇടം നൽകുന്നു.

ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട✍

trjohny@gmail.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments