ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. നേരത്തെ ദുബായ് വഴി യൂറോപ്പിലേക്കു യാത്ര ചെയ്തിരുന്നവർ ഇപ്പോൾ ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവന്നതോടെ വിവിധ വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിച്ചു.
ഇതിനിടെ യുഎസിലേക്കുള്ള ടിക്കറ്റ് നിരക്ക് രണ്ട് ലക്ഷം രൂപവരെ എത്തി. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ ഗൾഫ് നഗരങ്ങളിലേക്കുള്ള അടുത്ത ആഴ്ചയിലെ ടിക്കറ്റുകൾക്കും 40,000 രൂപയ്ക്ക് മുകളിലാണ് വില.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ചില ദിവസങ്ങളിൽ നാലിരട്ടിവരെ വർധിച്ചതായി യാത്രക്കാർ പറയുന്നു. അതേസമയം, കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന മസ്കത്ത് സർവീസിന് സാധാരണ നിരക്കുകളാണ് ഈടാക്കുന്നത്.
ഇതിനൊപ്പം ബഹ്റൈൻ, കുവൈത്ത് വിമാനത്താവളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്. ഖത്തറിൽ നിന്ന് നാമമാത്ര സർവീസുകൾ മാത്രമാണ് പുനരാരംഭിച്ചിരിക്കുന്നത്.



