ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ഓപ്പണ്‍ എഐയുടെ ബോര്‍ഡ് അംഗത്വം ഉപേക്ഷിച്ച് മൈക്രോസോഫ്റ്റും ഓപ്പണ്‍ എഐയും. ഓപ്പണ്‍ എഐയിലെ പ്രധാന നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. ഓപ്പണ്‍ എഐ ബോര്‍ഡില്‍ ഒബ്‌സര്‍വര്‍ സ്ഥാനമാണ് മൈക്രോസോഫ്റ്റിനുണ്ടായിരുന്നത്. നവംബറില്‍ ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സിഇഒ സാം ഓള്‍ട്ട്മാന്‍ തല്‍സ്ഥാനത്തേക്ക് തിരികെ എത്തുകയും പഴയ ബോര്‍ഡ് അംഗങ്ങളെ പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്ത സമയത്താണ് മൈക്രോസോഫ്റ്റും നിരീക്ഷക അംഗമായി ബോര്‍ഡില്‍ ഇടം പിടിച്ചത്.
ഐഫോണുകളിലും ആപ്പിളിന്റെ മറ്റ് പ്ലാറ്റ്‌ഫോമുകളിലും ജനറേറ്റീവ് എഐ സൗകര്യങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ആപ്പിള്‍ ഓപ്പണ്‍ എഐയുടെ ബോര്‍ഡ് ഒബ്‌സര്‍വര്‍ സ്ഥാനത്തേക്ക് ക്ഷണിക്കപ്പെട്ടത്.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ മൈക്രോസോറ്റിന് ഒബ്‌സര്‍വര്‍ സ്ഥാനം ലഭിച്ചിരുന്നതിനാല്‍ കമ്പനിയുടെ പ്രതിനിധി ഓപ്പണ്‍ എഐയുടെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആപ്പിള്‍ ഇതുവരെ യോഗങ്ങളില്‍ ഭാഗമായിട്ടില്ലെന്നാണ് വിവരം. ഇരു കമ്പനികളും ഒബ്‌സര്‍വര്‍ സ്ഥാനം ഉപേക്ഷിച്ചതോടെ ഓപ്പണ്‍ എഐ ബോര്‍ഡില്‍ ഇപ്പോള്‍ ഒബ്‌സര്‍വര്‍ അംഗങ്ങള്‍ ആരുമില്ല.
ബോര്‍ഡിലെ വോട്ടവകാശമില്ലാത്ത അംഗമാണ് ഒബ്‌സര്‍വര്‍. ബോര്‍ഡ് യോഗങ്ങളില്‍ പങ്കാളിയാവാനും കമ്പനിയുടെ ചര്‍ച്ചകളും തീരുമാനങ്ങളും നേരിട്ടറിയാനും സാധിക്കുമെങ്കിലും തീരുമാനങ്ങളെടുക്കാനുള്ള വോട്ടവകാശം ഉണ്ടാവില്ല.
എന്നാല്‍ ഓപ്പണ്‍ എഐയിലെ ഒബ്‌സര്‍വര്‍ അംഗത്വവും 1000 കോടിയിലേറെ ഡോളര്‍ വരുന്ന മൈക്രോസോഫ്റ്റിന്റെ നിക്ഷേപവും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേയും യുകെ, യുഎസ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഏജനസികളിൽ ആശങ്കകയ്ക്കിടയാക്കി. ഓപ്പണ്‍ എഐയില്‍ മൈക്രോസോഫ്റ്റിന് എത്രത്തോളം നിയന്ത്രണാധികാരം ഉണ്ട് എന്നത് സംബന്ധിച്ചാണ് ഇവര്‍ ആശങ്ക ഉയര്‍ത്തിയത്.
“അതേസമയം കഴിഞ്ഞ എട്ട് മാസങ്ങളായി പുതിയതായി രൂപീകരിച്ച ബോര്‍ഡിന്റെ സുപ്രധാനമായ മുന്നേറ്റങ്ങള്‍ക്ക് സാക്ഷിയാണെന്നും കമ്പനിയുടെ ഇപ്പോഴുള്ള ദിശയില്‍ ആത്മവിശ്വാസമുണ്ടെന്നും അതുകൊണ്ടുതന്നെ ഒബ്‌സര്‍വര്‍ എന്ന നിലയിലുള്ള തങ്ങളുടെ പരിമിതമായ സ്ഥാനത്തിന്റെ ആവശ്യകതയില്ലെന്നും ജൂലായ് 9 ന് ഓപ്പണ്‍ എഐയ്ക്ക് നല്‍കിയ കത്തില്‍ മൈക്രോസോഫ്റ്റ് പറഞ്ഞു.
ആപ്പിള്‍ ഉല്പന്നങ്ങളുടെ സോഫ്റ്റ് വെയര്‍ തലത്തില്‍ ഉള്‍പ്പെടുത്തുന്ന ഓപ്പണ്‍ എഐ സേവനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താന്‍ ബോര്‍ഡ് അംഗത്വത്തിലുൂടെ ആപ്പിളിന് സാധിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ഓപ്പണ്‍ എഐയിലേ ഏറ്റവും വലിയ നിക്ഷേപകരാണെന്നതിന് പുറമെ ആപ്പിളിനെ പോലെ തന്നെ ഓപ്പണ്‍ എഐയുടെ എഐ മോഡലുകളുടെ ഉപഭോക്താവ് കൂടിയാണ് മൈക്രോസോഫ്റ്റ്.