ഷാർജ : നാൽപ്പത്തി നാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2025 ൽ, നിറഞ്ഞു നിൽക്കുന്ന പുസ്തകലോകങ്ങളുടെ ഇടയിൽ ബുക് അതോറിറ്റിയുടെ പ്രത്യേക ക്ഷണിതാവായി ഇത്തവണ എത്തിച്ചേർന്നിരിക്കുന്നത് ഗ്രീസ് എന്ന രാജ്യമാണ്. കല, സാഹിത്യം, തത്ത്വചിന്ത, ശാസ്ത്രം, രാഷ്ട്രതന്ത്രം, പുരാണങ്ങൾ, തുടങ്ങിയ നിരവധി കൃതികളും ഗ്രന്ഥങ്ങളും അടങ്ങിയതാണ് ഗ്രീക്ക് പവലിയൻ.

പാശ്ചാത്യ സംസ്ക്കാരത്തിൻ്റെ ഉറവിടമായ യൂറോപ്പിലെ ഒരു രാജ്യമാണ് ഗ്രീസ്. ഇതിഹാസകൃതികൾക്ക് പേരുകേട്ട രാജ്യം. ഹോമറിന്റെ ‘ഇലിയഡ്, ‘ഒഡീസ്സി തുടങ്ങിയ ഇതിഹാസ സാഹിത്യ സൃഷ്ടികൾ ഗ്രീസിൻ്റെ സംഭാവനകളാണ്. സോക്രട്ടീസ് അരിസ്റ്റോട്ടിൽ, പ്ലേറ്റോ തുടങ്ങിയ തത്വചിന്തകരുടെ നാടു കൂടെയാണിത്. ലോക ചരിത്രത്തിൽ എപ്പോഴും ഗ്രീക്ക് നാഗരികതയെക്കുറിച്ച് നമ്മൾ പഠിക്കുന്നു. അപ്പോൾ എന്തുകൊണ്ടും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ഗ്രീസിനെപ്പോലുള്ള ഒരു രാജ്യത്തിൻ്റെ ചരിത്രം നിറഞ്ഞുനിൽക്കേണ്ടത് ആവശ്യമാണ്.
2025 ലെ പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഗ്രീസ് എത്തുമ്പോൾ ഗ്രീക്ക് സംസ്കാരത്തിൻ്റെ, നാഗരികതയുടെ ജനാധിപത്യത്തിൻ്റെ ചരിത്രത്താളുകൾ അവിടെ മറിച്ചിടപ്പെടുമ്പോൾ, അവരുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും വാക്കുകളിലൂടെ പരിചയപ്പെടുത്താനും നിരവധി പ്രസിദ്ധരായ എഴുത്തുകാരും, ചരിത്ര ചിന്തകന്മാരും പുസ്തകമേളയിൽ എത്തുന്നു.

പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകളും, സംവാദങ്ങളുമായി വരും നാളുകളിൽ ഗ്രീസ് പവലിയൻ കൂടുതൽ തിരക്കിലേക്ക് കടക്കും എന്നാണ് സംഘാടകരും ഗ്രീക്ക് പ്രതിനിധികളും പറയുന്നത്. കൂടാതെ പാട്ടും കളികളും ഒക്കെയായി ഗ്രീസ് ഷാർജ പുസ്തകമേളയിൽ എത്തുന്ന വായനക്കാരെ, ജനങ്ങളെ വരവേൽക്കുന്നു.





