ഷാർജ : നമ്മൾ കാണുന്ന കാഴ്ച്ചകളിൽ നിറങ്ങൾ തെളിയുന്നെങ്കിൽ, പുസ്തകങ്ങൾ നിറഞ്ഞ ലോകത്ത് ആസ്വാദനങ്ങൾ കൂടുന്നെങ്കിൽ അവിടെ മനുഷ്യത്വത്തിൻ്റെ നശിക്കാത്ത ലോകം കാണാം. അതെ ഇവിടെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വർണ്ണക്കാഴ്ച്ചകളും ആസ്വാദനങ്ങളും നിറഞ്ഞു കവിയുകയാണ്. അവിടെ അക്ഷരങ്ങൾ ചിരിക്കുന്നു. പുസ്തകങ്ങൾ പറയുന്നു. ജനങ്ങൾ ഒഴുകുന്നു. നാം മനുഷ്യരാണെന്നും സാഹോദര്യമാണ് നമ്മുടെ വിജയം എന്നും ഷാർജയുടെ സുൽത്താൻ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നമ്മെ പഠിപ്പിക്കുന്നു.

ഷാർജ അന്താരാഷ്ട്ര പുസ്തക മേളയുടെ മൂന്നാം ദിവസമായ ഇന്ന് 07-11-2025 ന് പുസ്തക സ്റ്റാളുകളിലൂടെ ലോകത്തിൻ്റെ സംസ്ക്കാര സമ്പന്നതയിലൂടെ നടന്നു നീങ്ങുമ്പോൾ, ഷാർജയുടെ പ്രസിദ്ധീകരണ നഗരമാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. വളരെ മനോഹരമായി കരവിരുതിൽ തീർത്ത മാസ്മരീകത തുടിക്കുന്ന ഒരു പവലിയൻ. പ്രസിദ്ധീകരണങ്ങളും, വിൽപ്പനയും, പുസ്തകങ്ങളുടെ പരിചയപ്പെടുത്തലുകളുമായി തിരക്ക് പിടിച്ച ഒരിടം. ഷാർജയുടെ നിരവധി ചെറുതും വലുതുമായ എഴുത്തുകാർ ഒത്തുകൂടുന്ന ഒരിടം. നിങ്ങൾക്ക് ഷാർജയുടെ പുസ്തകങ്ങളെക്കുറിച്ച് അറിയാൻ, പ്രസാധകരെക്കുറിച്ച് അറിയാൻ, എഴുത്തുകാരെക്കുറിച്ച് അറിയാൻ ഷാർജ പ്രസിദ്ധീകരണ നഗരം നിങ്ങളെ വരവേൽക്കുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇന്ന് സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് വെള്ളിയാഴ്ച്ചയായതിനാൽ വൈകുന്നേരം നാലുമണിമുതൽക്കാണ് സന്ദർശകരെ അനുവദിച്ചിരുന്നത്. ഓരോ രാജ്യങ്ങളുടേയും പ്രത്യേകം പ്രത്യേകം പുസ്തക വിൽപ്പന കേന്ദ്രങ്ങളിൽ തങ്ങളുടെ നാട്ടിലെ എഴുത്തുകാരെ പരിചയപ്പെടാനും അവരുമായി സംസാരിക്കാനും ഫോട്ടോ എടുക്കാനും എത്തുന്നവരുടെ എണ്ണം അനുദിനം കൂടുകയാണ്.

ഇന്ന് പുസ്തകോത്സവ നഗരിയിൽ എത്തുന്നവരെ വരവേൽക്കാൻ പ്രത്യേകം വാദ്യസംഘങ്ങളുടെ പര്യടനം ഉണ്ടായിരുന്നു. ഇവർ പുസ്തകോത്സവനഗരിയെ വലംവച്ചുകൊണ്ട് ആടിയും പാടിയും ജനങ്ങളുടെ ഇടയിലൂടെ കാണികൾക്കാകെ ഹരം പകർന്ന് സ്വാഗത ഗാനം പാടി. പ്രത്യേകമായ വസ്ത്ര രീതികളും വ്യത്യസ്ഥങ്ങളായ ചുവടുകളും നൂതന വാദ്ധ്യോപകരണങ്ങളുമായി മനംകവർന്ന താളങ്ങളിലൂടെ അവർ കാണികളെ കൈയ്യിലെടുത്തു.

കൂടാതെ വളരെ രസകരമായ അവതരണത്തിലൂടെ ഒരു പ്രത്യേക തരം ബഹ്റിൻ വിഭവം ഉണ്ടാക്കാൻ പഠിപ്പിക്കുന്ന പാചക പരിശീലനക്കളരിയും കൗതുകമായി. പാചക കലയിൽ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുകയും അതിനെക്കുറിച്ച് പുസ്തകങ്ങൾ എഴുതുകയും ചെയ്ത പ്രസിദ്ധയായ ബഹ്റിൻ വനിതയാണ് ഇന്നത്തെ കുക്കറിഷോ അവതരിപ്പിച്ചത്.

ഇതിനെല്ലാം പുറമേ കേരളത്തിൻ്റെ പവലിയനായ ഹാൾ നമ്പർ ഏഴിൽ നിരവധി പുസ്തക പ്രകാശനങ്ങളും നടന്നു. പുസ്തക വിൽപ്പനയിൽ അനുദിനം മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന മലയാള പുസ്തകച്ചന്തകളിൽ എത്തുന്ന സാഹിത്യകാരന്മാരുടേയും കവികളുടേയും സാംസ്ക്കാരിക നായകന്മാരുടേയും എണ്ണത്തിലും ഗണ്യമായ വർദ്ധനയുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അൻപതിൽ പ്പരം പുതിയ പുസ്തകങ്ങളാണ് ഇവിടെ പ്രകാശനം ചെയ്യപ്പെട്ടത്. പുസ്തകങ്ങളുടെ രചയിതാക്കളും പുസ്തങ്ങൾ വാങ്ങാനെത്തുന്ന അവരുടെ സൗഹൃദങ്ങളും ഓരോ പ്രകാശന കർമ്മങ്ങളും മഹനീയമാക്കി.



