Friday, March 13, 2026
Homeകേരളംനിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം

നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം

കേരള നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാനതല നോഡൽ ഓഫീസറായി ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചുമതലപ്പെടുത്തി. ഇതനുസരിച്ചുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.

2025-ലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ മാതൃകയുടെ തുടർച്ചയായി, തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വഴി പരിസ്ഥിതിക്ക് നാശം സംഭവിക്കാതിരിക്കാനും മാലിന്യം പരമാവധി കുറയ്ക്കാനും രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനം ഇത്തവണയും ഉറപ്പാക്കും. ഇതിനായുള്ള സർക്കുലറും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഔദ്യോഗിക പ്രവർത്തനങ്ങളിലും ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, പോസ്റ്ററുകൾ, കമാനങ്ങൾ, കൊടിതോരണങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നതിനായി പി.വി.സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങി പുനഃചംക്രമണം സാധ്യമല്ലാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം. പകരം,സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പുനഃചംക്രമണയോഗ്യമായ പോളി എതിലീൻ അല്ലെങ്കിൽ 100 ശതമാനം കോട്ടൺ ഉപയോഗിച്ചുള്ള ബാനറുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിക്കണം.

പ്രചാരണത്തിനുൾപ്പെടെയുള്ള ബാനറുകളിൽ പ്രിന്റിങ് യൂണിറ്റിന്റെ പേര്, നമ്പർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ അല്ലെങ്കിൽ ക്യൂ. ആർ. കോഡ് എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടാതെ പ്രചാരണ പരിപാടികളിലും സമ്മേളനങ്ങളിലും റാലികളിലും റോഡ് ഷോകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ബോട്ടിലുകൾ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കി സ്റ്റീൽ, ഗ്ലാസ് എന്നിവ പോലുള്ള പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കണം.

പ്രചാരണ പരിപാടികളിൽ അലങ്കാരത്തിനായി പുനരുപയോഗിക്കാവുന്ന സാമഗ്രികൾ മാത്രം ഉപയോഗിക്കണമെന്നും ശബ്ദമലിനീകരണം ഒഴിവാക്കുന്നതിനായി നിയമപരമായ പരിധിയിൽ മാത്രമേ ലൗഡ് സ്പീക്കറുകളും മറ്റ് ശബ്ദ സംവിധാനങ്ങളും ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രികളുടെ വിതരണം നടത്തുന്ന കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനങ്ങളും ഒരുക്കും.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്റുമാർക്കും ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച പരിശീലനം ശുചിത്വ മിഷന്റെയും ഈ രംഗത്തെ മറ്റ് ഏജൻസികളുടെയും സഹകരണത്തോടെ ജില്ലാ കളക്ടർമാർ സംഘടിപ്പിക്കും.
ഗ്രീൻ പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ശക്തമായ എൻഫോഴ്‌സ്‌മെന്റ് സംവിധാനവും നടപ്പിലാക്കും.

നിബന്ധനകൾ ലംഘിച്ച് സ്ഥാപിക്കുന്ന കമാനങ്ങൾ, പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയ പ്രചാരണ സാമഗ്രികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കം ചെയ്യും. ഇത്തരം സാമഗ്രികൾ നീക്കം ചെയ്യുന്നതിനുള്ള ചെലവ് അവ സ്ഥാപിച്ച വ്യക്തികളിൽ നിന്നും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഈടാക്കുന്നതോടൊപ്പം ആവശ്യമായ സാഹചര്യങ്ങളിൽ കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം പിഴയും ചുമത്തുന്നതാണ്.

നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് പൂർണമായും ഹരിതചട്ടം പാലിച്ച് നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ശുചിത്വമിഷൻഎക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് അഭ്യർഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com