ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്തമഴ. യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി മറികടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി. ചൊവ്വാഴ്ചയും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
മഴ കനത്തതോടെ ഹത്നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയും വെള്ളം തുറന്നുവിടാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുതുടങ്ങിയത്.
അടുത്ത 32 മണിക്കൂറിനുള്ളിൽ കൂടുതൽ ജലം യമുന നദിയിലേക്ക് ഒഴുകിയെത്തും. ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത തള്ളികളയാനാകില്ല.
കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് യമുന നദിയിലെ ജലനിരപ്പ് അപകട പരിധി കടന്നതോടെ ഡൽഹി-എൻസിആറിലെ വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്കം ഡൽഹി-ഗുരുഗ്രാം അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്.
നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ യമുനയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തിങ്കളാഴ്ച അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതൽ പഴയ റെയിൽവേ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉത്തരവിട്ടിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് തലസ്ഥാനത്ത് വിമാന സർവീസുകളും തടസ്സപ്പെടുന്നുണ്ട്.



