നവനീതചന്ദ്രിക കുളിർ തൂകി
നിൽക്കുമീ..
മധുമഴ പൊഴിയുന്ന നീലരാവിൽ
നീഹാര ബിന്ദുക്കൾ
കമലദളങ്ങളിൽ
വൈഡൂര്യ കാന്തി
പകർന്നിടുമ്പോൾ..
പുഷ്പ നികുഞ്ജങ്ങൾ തെന്നലിൻ
താളത്തിൽ
നവ്യസുഗന്ധം പകർന്നുനിൽക്കേ
നീരദ മറനീക്കി
പൂർണ്ണേന്ദുപ്പെൺകൊടി
പാലൊളിപ്പുഞ്ചിരി തൂകി നിന്നൂ..
മാകന്ദമലരുകൾ പൂത്താലമേന്തിയ
മകരനിലാവിന്റെ
ലാസ്യഭാവങ്ങളിൽ
മിഴികളിലഞ്ജന
മെഴുതിയ രാവിന്റെ
വർണ്ണങ്ങളിൽ മേദിനി
പുഷ്പിണിയായ്..
വിണ്ണിൽ വിതാനിച്ച
താരകപ്പൂക്കളാൽ
ശ്യാമാംബരം തങ്ക
ക്കസവണിഞ്ഞു
വിടരും മിഴികളാൽ ബാലാർക്ക
കിരണത്തിൻ
പരിരംഭണങ്ങൾക്കായ് ഒരുങ്ങി
നിന്നൂ..



