ഇസ്ലാമാബാദ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പാകിസ്താനിൽ 49 മരണം. വടക്കുപടിഞ്ഞാറൻ പാകിസ്താനിലും രാജ്യത്തിന്റെ മറ്റിടങ്ങളിലുമായി 49 പേർക്ക് ജീവൻ നഷ്ടമായെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മണ്ണിടിച്ചിലിൽ കുടുങ്ങിയ 1,300 വിനോദ സഞ്ചാരികളെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു.
ഒരു പർവതപ്രദേശത്ത് നിന്നാണ് ഇത്രയും പേരെ രക്ഷിച്ചത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതോടെ പാകിസ്താനിലെ വിവിധയിടങ്ങളിലെ ജനജീവിതം താറുമാറായി. മരണങ്ങളിൽ ഭൂരിഭാഗവും വടക്കുപടിഞ്ഞാറൻ പാകിസ്താനിലാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ഗിൽഗിറ്റ് – ബാൾട്ടിസ്ഥാൻ മേഖലയിലെ ഗസർ ജില്ലയിൽ വ്യാഴാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ 10 പേർ മരിച്ചതായി പ്രാദേശിക സർക്കാർ വക്താവ് ഫൈസുള്ള ഫറാഖ് പറഞ്ഞു.
വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽ വ്യാഴാഴ്ച സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേർ മരിച്ചതായി രക്ഷാപ്രവർത്തകൻ അംജദ് ഖാൻ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ പ്രദേശത്ത് നിന്ന് കാണാതായ 17 പേരെക്കുറിച്ച് ഇതുവരെയും വിവരങ്ങൾ ലഭ്യമായിട്ടില്ല.
വടക്കുപടിഞ്ഞാറൻ ജില്ലയിലെ ബട്ടഗ്രാമിലും10 പേർ മരിച്ചതായി സർക്കാർ അഡ്മിനിസ്ട്രേറ്റർ സലീം ഖാൻ പറഞ്ഞു. 18 പേരെ കാണാതായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിൽ വ്യാഴാഴ്ചയുണ്ടായ മഴയിൽ വ്യത്യസ്ത സംഭവങ്ങളിൽ ഏഴ് കൂടി മരിച്ചു.
വ്യാഴാഴ്ച മൻസെഹ്ര ജില്ലയിലെ സിറാൻ താഴ്‌വരയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിയ 1,300 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം പരിശ്രമിച്ചതായി ഖൈബർ പഖ്തുൻഖ്വയിലെ പ്രവിശ്യാ അടിയന്തര സേവന വക്താവ് ബിലാൽ ഫൈസി പറഞ്ഞു.
ജൂലൈ മുതൽ ഗിൽജിത് – ബാൾട്ടിസ്ഥാനിൽ നിരവധി വെള്ളപ്പൊക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പാകിസ്താനെയും ചൈനയെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര – യാത്രാ പാതയായ കാരക്കോറം ഹൈവേയിൽ മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ടെന്നും സർക്കാർ വക്താവ് ഫൈസുള്ള ഫറാഖ്. വടക്കൻ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികൾ യാത്ര ചെയ്യുന്ന പാതയാണിത്. വടക്കൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് പാക് ദുരന്ത നിവാരണ ഏജൻസി മുന്നറിയിപ്പ് നൽകി.
ദുരന്തബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കാൻ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 26 മുതൽ പാകിസ്താനിലുടനീളം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 360ൽ അധികം ആളുകൾ മരിച്ചുവെന്നാണ് കണക്ക്.



