കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക. എന്നാണ് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് പ്രേരണ കുറ്റം ചുമത്തിയ മൂന്നു കോൺഗ്രസ് നേതാക്കളായ എംഎൽഎ ഐസി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മറ്റൊരു കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവർക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്.
എൻഎം വിജയൻ്റെ മരണത്തിൽ ആദ്യം കുടുംബത്തെ കൈവിട്ട നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെങ്കിലും പിന്നീട് വിവാദം കൈവിട്ടതോടെ നിലപാട് മയപ്പെടുത്തുകയായിരുന്നു.
എൻഎം വിജയന്റെ കുടുംബത്തെ അനുനയിപ്പിക്കാണ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചു.
അന്വേഷണം നടക്കട്ടെയെന്നാണ് കുടുംബം പ്രതികരിച്ചത്. തുടക്കത്തിൽ പാർട്ടി നന്നായി ഇടപെട്ടിരുന്നെങ്കിൽ ഇത്രത്തോളം വഷളാകില്ലായിരുന്നു. അച്ഛൻ വിശ്വസിച്ച പാർട്ടിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു. കടബാധ്യത പാർട്ടിയുടേത് എന്ന് നേതാക്കന്മാർ അംഗീകരിച്ചുവെന്നും കുടുംബം പറഞ്ഞെങ്കിലും കേസന്വേഷണം അതിൻ്റെ വഴിക്ക് പോകട്ടെയെന്നാണ് നിലപാട്.