Friday, March 13, 2026
Homeഅമേരിക്കസ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് - ഭാഗം 9) 'തസ്മൈ ശ്രീ ഗുരവേ നമ:' ✍ ഗിരിജാവാര്യർ

സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് – ഭാഗം 9) ‘തസ്മൈ ശ്രീ ഗുരവേ നമ:’ ✍ ഗിരിജാവാര്യർ

ഗിരിജാവാര്യർ

തസ്മൈ ശ്രീ ഗുരവേ നമ:
======================
“അന്ധകാരത്തെ അകറ്റുന്നവൻ” എന്നാണ് ‘ഗുരു’വെന്ന സംസ്കൃതപദത്തിന്റെ നിഷ്പത്തി.
“അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം..”ചെയ്യുന്ന ദൈവമായാണ് ഭാരതീയർ ഗുരുസങ്കല്പത്തെ വിവക്ഷിക്കുന്നത്. അദ്ധ്യാപകനെ ഗുരുനാഥൻ എന്നു പറയാറുണ്ടെങ്കിലും, ‘അദ്ധ്യാപകൻ’,’ആചാര്യൻ’,’ഗുരു’ എന്നീ പദങ്ങളുടെ ആഴത്തിനും പരപ്പിനും വ്യത്യാസമുണ്ട്. അറിവു പകർന്നുനൽകുന്നവനാണ് അദ്ധ്യാപകൻ. അതു പുസ്തകങ്ങളിലെ അറിവോ ജീവിതാനുഭവങ്ങളിലെ അറിവോ ആകാം.അത്തരം അറിവുകൾ ആചരിച്ചുകാട്ടി ശിഷ്യരെ ഗ്രഹിപ്പിക്കുന്നവനാണ് ‘ആചാര്യൻ ‘!ഇതു കുറച്ചുകൂടി മഹത്വമേറിയ പദവിയാണ്. ‘ഗുരു’വാകട്ടേ ശിഷ്യനിൽ സമൂലമായ മാറ്റം (Transformation)വരുത്തുന്ന വ്യക്തിയും!അങ്ങനെ അടിമുടി മാറ്റം വരുത്താൻ പ്രാപ്തിയുള്ള ഒട്ടേറെ ഗുരുനാഥന്മാർ നമ്മുടെ ആർഷഭാരതത്തിലുണ്ടായിരുന്നു. രാമകൃഷ്ണപരമഹംസർ, രമണമഹർഷി മുതലായവർ,അവരിൽ ചിലർ മാത്രം. “കാരണഗുരു” എന്ന് നമുക്ക് അവരെ വിശേഷിപ്പിക്കാം. ശിഷ്യന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിവുള്ളവരാണ് അവർ. അത്തരം ഒരു കാരണഗുരുവാണ് എന്റെ ചെല്ലപ്പൻ മാഷ്!

ചെറിയ ക്ലാസുകളിലൊന്നും എന്നിലെ ‘എന്നെ’തിരിച്ചറിയാൻ എന്റെ ഗുരുനാഥന്മാർക്ക് കഴിഞ്ഞിട്ടില്ല. എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ’മാഘൻ’എന്ന കവിയെക്കുറിച്ച് ഒരു കവിത ഉണ്ടായിരുന്നു.
“കണ്ണുകൾ നിറംമങ്ങിക്കാതുകൾ കേളാതായി പണ്ഡിതൻ മഹാകവി വാണിതക്കുഗ്രാമത്തിൽ” എന്ന് തുടങ്ങുന്ന കവിതയിലെ “ഹിരണ്യമേവാർജയ നിഷ്ഫലാ കലാ “എന്ന ആശയത്തെ ആധാരമാക്കി കഥയോ കവിതയോ രചിക്കാൻ മാഷ് ആവശ്യപ്പെടുകയുണ്ടായി. അതാണ് എന്റെ ഓർമ്മയിൽ ഞാൻ എഴുതിയ ആദ്യകഥ! പിന്നീട് എപ്പോഴൊക്കെയോ നോട്ടുബുക്കിന്റെ താളുകളിൽ ഞാൻ കുറിച്ചുവച്ചിരുന്ന വരികൾ അദ്ദേഹം കാണാനിടയാവുകയും അവയെ കഥയുടെ രൂപത്തിൽ വികസിപ്പിക്കാൻവേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു. മാഷ് പറഞ്ഞു തന്ന പലആശയങ്ങളിലും ഞാൻ എഴുതാൻ തുടങ്ങി. യുവജനോത്സവങ്ങളിൽ വാശിയോടെ പങ്കെടുത്തു. ഒമ്പതാം ക്ലാസ് പകുതിയാകുമ്പോഴേക്കും മാഷ് പി. എസ്.സി വഴി പോസ്റ്റിങ്ങ് കിട്ടി,ഗവൺമെന്റ് സ്കൂളിലേക്ക് മാറി. ഫോൺ സർവ്വസാധാരണമല്ലാത്ത 76- 77 കാലം. കത്തുകളിൽ കൂടി അദ്ദേഹം എനിക്ക് ആവേശം പകർന്നു. അങ്ങനെ 1978 ലെ സംസ്ഥാന യുവജനോത്സവത്തിൽ,അടയ്ക്കാപുത്തൂർ എന്ന കുഗ്രാമത്തിലെ ‘ഗിരിജ’ എന്ന പതിനഞ്ചുകാരി കഥാരചനയിൽ ഒന്നാം സ്ഥാനക്കാരിയായി. പിൽക്കാലത്ത് അമ്പത്തിയാറാം വയസ്സിൽ, അവളുടെ ആദ്യ ചെറുകഥാസമാഹാരം പുറത്തിറങ്ങുമ്പോൾ, അതിന് ആശംസകൾ നൽകാനും വേദിയിൽവച്ച് പുസ്തകം ഏറ്റുവാങ്ങാനും അദ്ദേഹത്തിന് കഴിഞ്ഞത്, ശിഷ്യയുടെ മനസ്സിലെ ‘ഗുരു’എന്ന സങ്കല്പത്തിന്റെ സൂര്യകോടിപ്രകാശംകൊണ്ടുതന്നെയാണ്! ഇതെന്റെ ജന്മ പുണ്യം! അദ്ദേഹം എനിക്ക് വെറുമൊരു അദ്ധ്യാപകനല്ല. എന്റെ കാരണഗുരുവാണ്. ഗിരിജാവാര്യരുടെ പേരിൽ ഇന്ന് നാല് ചെറുകഥാസമാഹാരങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടു കവിതാസമാഹാരവും. ഇതിനെല്ലാം കാരണം ആര് എന്ന് ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. “എന്റെ ചെല്ലപ്പൻ മാഷ് ” എനിക്ക് അദ്ധ്യാപകർ കുറേയുണ്ട്. പക്ഷേ ‘ഗുരു’ഒന്നേയുള്ളൂ അത് എന്റെ ചെല്ലപ്പൻമാഷാണ്!

മാഷുടെ വാക്കുകളിൽ പറഞ്ഞാൽ,
” ഗിരിജേ,ഈ പ്രപഞ്ചം എത്രയോ വലുതാണ്. നാം നിസ്സാരമെന്ന് കരുതുന്ന പലതും മഹത്തായ കാവ്യങ്ങൾക്ക് വിഷയീഭവിക്കാം! അവ സൂക്ഷിച്ചു നിരീക്ഷിച്ച്, സ്വാംശീകരിച്ച് പുത്തനായവതരിപ്പിക്കാൻ ശ്രമിക്കണം. നിനക്കതിനു കഴിയും.”

1978ൽ അദ്ദേഹം എനിക്കുനൽകിയ ഈ ഉറപ്പല്ലേ, അനുഗ്രഹമല്ലേ, ഏതു ശിഷ്യർക്കും വേണ്ടത്? എന്നെന്നും മാർഗ്ഗദീപമായി ഇന്നും ആ പുണ്യതേജസ്സ് ഉള്ളിലുണ്ട്!

അവതരണം: ഗിരിജാവാര്യർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com