കോയമ്പത്തൂർ: മൊബൈൽ ഫോണിൽ നോക്കിക്കൊണ്ട് അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവാവിനെ തല്ലുന്ന പൊലീസുകാരന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ അന്വേഷണം തുടങ്ങി. കോയമ്പത്തൂരിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹെൽമെറ്റില്ലാതെ ബൈക്കിൽ വരികയായിരുന്ന പൊലീസുകാരനാണ് യുവാവിനെ തല്ലിയത്.
കിട്ടിയ അടിയുടെ അഘാതത്തിൽ യുവാവ് റോഡിന്റെ റോഡിൽ തന്നെ ഇരിക്കുന്നതും വീഡിയോയിൽ കാണാം.
തിരക്കേറിയ നല്ലംപാളയം-സംഗനൂർ റോഡിലായിരുന്നു സംഭവം. ചിന്നവേടംപട്ടി സ്വദേശിയായ മോഹൻ രാജ് എന്ന യുവാവിനാണ് അടിയേറ്റത്.
നല്ലംപാളയത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് മോഹൻ. മൊബൈൽ ഫോണിൽ നോക്കിക്കൊണ്ട് അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാവുണ്ടംപാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ജയപ്രകാശ് അതുവഴി ബൈക്കിൽ എത്തി.
യുവാവ് റോഡ് മുറിച്ചുകടക്കുന്നതിനിടെ തൊട്ടുമുന്നിലെത്തിയ പൊലീസുകാരൻ ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ തന്റെ വലതു കൈ ഉയർത്തി യുവാവിന്റെ മുഖത്ത് ശക്തിയായി അടിക്കുകയായിരുന്നു. അടിയുടെ വേദനയിൽ മോഹൻ രാജ് റോഡിൽ ഇരുന്നു. പൊലീസുകാരൻ ഹെൽമറ്റ് ധരിക്കാതെയാണ് ഈ സമയം ബൈക്ക് ഓടിച്ചിരുന്നത്.
പരിസരത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ തിങ്കളാഴ്ച പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ സംഭവം ചർച്ചയായി.യുവാവ് റോഡ് മുറിച്ചുകടന്നപ്പോൾ മൊബൈൽ ഫോണിൽ നോക്കിയെങ്കിൽ, പൊലീസുകാരൻ ഹെൽമറ്റ് ധരിക്കാത്തതും കുറ്റമല്ലേയെന്ന് പലരും കമന്റ് ചെയ്യുന്നു. നടുറോഡിലിട്ട് ആളുകളെ തല്ലാൻ എന്ത് അധികാരമെന്നുമൊക്കെയുള്ള കമന്റുകളുമുണ്ട്.
സംഭവം വൈറലായതോടെ മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലുമെത്തി. അന്വേഷണത്തിനായി ജയപ്രകാശിനോട് സിറ്റി പൊലീസ് കൺട്രോൾ റൂമിൽ എത്താൻ നിർദേശിച്ചിരിക്കുകയാണ് ഇപ്പോൾ.