സമൂഹത്തില്‍ കണ്ടുവരുന്ന വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. മക്കളെ ഉപകരണമായി കണ്ട് മാതാപിതാക്കള്‍ അവരവരുടെ ഭാഗത്തെ ന്യായീകരിക്കുമ്പോള്‍ കുട്ടികളുടെ ഭാവിയാണ് നശിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. തിരുവല്ല മാമ്മന്‍മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു.
ഐസിഎഡിഎസിന്റെ സഹായത്തോടെ വനിതാ കമ്മിഷന്‍ കൗണ്‍സിലിംഗ് നടത്തുന്നത് ചെയര്‍പേഴ്‌സണ്‍ ചൂണ്ടികാട്ടി. കുടുംബ ബന്ധങ്ങള്‍ യോജിപ്പിക്കാനുള്ള ശ്രമമാണ് കൗണ്‍സിലിംഗിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണ്. ജില്ലയിലെ നേഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലിസിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയതായി സതീദേവി വ്യക്തമാക്കി.
അദാലത്തില്‍ ലഭിച്ച 57 പരാതികളില്‍ 12 എണ്ണം ഒത്തുതീര്‍പ്പാക്കി. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും നാല് എണ്ണം ജാഗ്രതാ സമിതി റിപ്പോര്‍ട്ടിനുമായി അയച്ചു. സൗജന്യ നിയമസഹായത്തിനായി ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 34 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി ടീച്ചര്‍, അഭിഭാഷകരായ സിനി, രേഖ, പൊലിസ് ഉദ്യോഗസ്ഥര്‍, ഐസിഡി എസ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.