യു എസ്:- പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ടിക് ടോക്കിലൂടെ തനിക്ക് വലിയ രീതിയിലുള്ള പ്രചരണം ലഭിച്ചുവെന്നും അതിനാല്‍ കുറച്ചധികം സമയം കൂടി യുഎസില്‍ പ്രവര്‍ത്തിക്കാന്‍ ടിക് ടോക്കിന് അനുമതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അരിസോണയിലെ ഫീനിക്‌സില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക് പിന്‍വലിക്കണമെന്ന് ടിക് ടോക്കിന്റെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിനോട് യുഎസ് സെനറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച നിയമവും സെനറ്റ് പാസാക്കിയിരുന്നു. ടിക് ടോക് നിരോധിക്കുന്നതിനുള്ള നിയമം വലിയ തോതിലുള്ള ഭൂരിപക്ഷത്തോടെയാണ് സെനറ്റ് പാസാക്കിയത്.
ഏപ്രിലില്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് ജനുവരി 19വരെയാണ് ടിക് ടോകിന് യുഎസില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയുള്ളത്. എന്നാല്‍ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടിക് ടോക് ഉടമകള്‍ യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി വിധി ബൈറ്റ്ഡാന്‍സിന് അനുകൂലമല്ലെങ്കില്‍ ജനുവരി 19 ഓടെ യുഎസില്‍ ടിക് ടോക് നിരോധനം പ്രാബല്യത്തില്‍ വരും. ജനുവരി 20നാണ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.
ടിക് ടോക് റദ്ദാക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ ഒന്നുകൂടി ചിന്തിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നുവെന്ന് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ലക്ഷക്കണക്കിന് പ്രതികരണങ്ങളാണ് ടിക് ടോക്കിലൂടെ തങ്ങള്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ചൈനയുടെ നിയന്ത്രണത്തിലുള്ള ടിക് ടോക് ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ഈ വാദത്തെ അംഗീകരിച്ച് യുഎസിലെ ഭൂരിഭാഗം ജനപ്രതിനിധികളും രംഗത്തെത്തി.
ടിക് ടോക്കിന്റെ പ്രവര്‍ത്തനത്തെ നീതിന്യായ വകുപ്പ് തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ടിക് ടോക് അധികൃതര്‍ പറഞ്ഞു. ആപ്പിന്റെ യുഎസിലെ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നത് യുഎസ് തന്നെയാണെന്നും കമ്പനി അറിയിച്ചു.