“ ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽത്തരിപോലെയും വർദ്ധിപ്പിക്കും. നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും “
ഇന്നെനിക്കു സുഖമായി കിടന്നുറങ്ങാം. എനിക്കു താങ്ങായി ഉണർന്നിരിക്കാൻ എന്റെ ദൈവമുണ്ടല്ലോ കൂടെ.
ഭയവും നിരാശയും ഉരുകിയൊലിച്ചതുപോലെ! ഇപ്പോൾ ഇവിടുത്തെ നിശ്ശബ്ദതപോലും ഭയപ്പെടുത്തുന്നില്ല.
ഇന്നലെ ജോമോൻ വന്നിരുന്നു.അവന്റെ മുഖത്ത് ഇന്നോളം കണ്ട വെറുപ്പില്ല. ‘മമ്മാ’ എന്ന വിളിയിൽ വേദനയുടെ കടലിരമ്പം കേട്ടപ്പോൾ അദ്ഭുതംതോന്നി.അവന്റെ മുഖത്തുപതിച്ച കണ്ണുകൾ പറിച്ചെടുക്കാനാവാതെ എത്രനേരമാണ് അങ്ങനെ നിന്നത് എന്നോർമ്മയില്ല. തൊണ്ണു കാട്ടിച്ചിരിക്കുന്ന ഒരു പിഞ്ചുപൈതൽ മുന്നിൽ. അമ്മയെനോക്കുമ്പോൾ കൈകാൽ കുടഞ്ഞ അവന്റെ കീഴ്ച്ചുണ്ടിൽനിന്നുമിറ്റിയ തേൻകണം.
എന്റെ കഴുത്തിൽ കൈയിട്ടുതൂങ്ങി മാനത്തേക്ക്ചൂണ്ടി അവൻ പറഞ്ഞു. “അങ്ങു ദൂരെയൊരു നക്ഷത്രം കണ്ടോ മമ്മാ? ആ വെളിച്ചം കണ്ടോ?”ഞാൻ ചിരിച്ചു.. അവനും..
എന്നാലിന്ന്..ശ്മശ്രുക്കൾ വളർന്നു കോലംകെട്ട ഈ മുഖം എന്റെ കുഞ്ഞിന്റേതോ??
ഇരുമ്പഴികളിൽ അമർന്ന എന്റെ വിരലുകൾ അവൻ കൈക്കുള്ളിലാക്കി. അവന്റെ കൈയിനു വല്ലാത്ത ചൂട്! മരവിക്കുന്ന തണുപ്പിൽ ചൂട് പകരാനെത്തിയ ആ വിരലുകളെ ഞാൻ നന്ദിയോടെ നോക്കി.
“ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയാണ്.എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു. “
മോഹങ്ങൾ ഇനിയും തളിർക്കുമെന്നോ? കർത്താവേ, ഇതെന്തൊരു പരീക്ഷണമാണ്!
“മമ്മാ, ഞാനെല്ലാം അറിഞ്ഞു. സോറി മമ്മാ.. എന്നോട് പൊറുക്കാൻ മമ്മയ്ക്കാവുമോ? “
ആ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ തുടക്കാനാവാതെ ഞാൻ. ഇതു ഞാൻ സ്വപ്നം കാണുന്നതാണോ?
ഡിസംബറുകൾ എന്നും ഓർമ്മയിൽ സൂക്ഷിക്കാനുള്ള വളപ്പൊട്ടുകളാവുന്നത് എന്തുകൊണ്ടാണ്?
ജോമോനെ ടവ്വലിൽപൊതിഞ്ഞുപിടിച്ച് ജോലിസ്ഥലത്തേക്ക് വണ്ടികയറിയത് 1992 ൽ. പള്ളിയുടെ മിനാരങ്ങൾ തകരും, രാജ്യം സ്തംഭിക്കും എന്തൊക്കെ പരിഭ്രമങ്ങളായിരുന്നു ആ യാത്രയിൽ! 1992ഡിസംബർ ആറ് .ഡിസംബർ അഞ്ചിനു യാത്രയ്ക്കുള്ള പാക്കിങ്ങിനിടയിൽ വന്ന മോനിഷയുടെ മരണവാർത്ത, അതും മറക്കില്ല. മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി എന്ന പാട്ട് ജോമോന്റെ പപ്പായുടെ അരികെ ചേർന്നിരുന്നുകൊണ്ടാണ് കണ്ടത്.
നിഷ്കളങ്കമായ ആ മുഖം മാഞ്ഞും തെളിഞ്ഞും മുന്നില് വന്നപ്പോൾ ഒരസ്വസ്ഥത!പോരാത്തതിന് രാവിലെ കൈക്കുഞ്ഞിനെ എടുത്തു വണ്ടികയറേണ്ട വെപ്രാളവും!
എല്ലാം കൊണ്ടും ഉറക്കമില്ലാത്ത രാത്രി.
ഇന്നും ഡിസംബർ അഞ്ചാണ്. വർഷങ്ങളെത്ര ഓടിമറഞ്ഞു! ഇതിനിടയിൽ ഓടിയും തളർന്നും വീണും വീണ്ടും ജീവൻവച്ചും എത്രയെത്ര നാളുകൾ!
ബംഗലൂരുവിലെ തിരക്കിട്ട തെരുവുകളിലെവിടെവച്ചാണ് ഞങ്ങൾ അവനെ കണ്ടുമുട്ടിയത്?
മോന്റെ സമപ്രായക്കാരനായ കുട്ടി. ഓമനത്തം തുളുമ്പുന്ന മുഖം. അവനും അവന്റെ ഗേൾഫ്രണ്ടും ഒന്നിച്ചുതാമസിക്കുന്നു.” ലിവിങ് ടുഗെതർ “ എന്ന കൺസെപ്റ്റിനോട് പൊരുത്തപ്പെടാനായില്ലെങ്കിലും മോന്റെ കൂട്ടുകാരായ ആ കുട്ടികളോട് ഒരു പ്രത്യേകഅടുപ്പം! ഒരേ ബിൽഡിംഗിൽ താമസം. ഏതുനേരവും അവര് താഴത്തെ ഫ്ലോറിലുള്ള ഞങ്ങളുടെ വീട്ടില്കാണും.രാവും പകലും ഭേദമില്ലാതെ. പലപ്പോഴും ആഹാരം കഴിക്കുന്നതുപോലും ഒന്നിച്ച്!
“ജോക്കുട്ടാ, എന്തേ കരുണിന്റെയോ കോകിലയുടെയോ വീട്ടുകാരാരും ഇവിടേയ്ക്ക് വരാത്തത്? “
“മമ്മാ.. അവരൊന്നിച്ചു ജീവിക്കുന്നത് ഒരുപക്ഷേ വീട്ടുകാരുടെ സമ്മതത്തോടെയാവില്ല.. പിന്നെങ്ങനെ..??
“എന്നാലും മോനേ.. എന്നെങ്കിലും അവരിതറിയില്ലേ? “
“ .മമ്മാ.. വേണ്ടാത്ത കാര്യങ്ങളിലൊന്നും ഇടപെടേണ്ടാ.. അതെല്ലാം അവരുടെ കാര്യം! ഇപ്പോൾ എന്റെ നല്ല സുഹൃത്തുക്കളാണ് അവർ. എന്തിന് ഞാനാ ബന്ധം കളയണം?”
“എന്നാലും മോനേ..”
“ഒരെന്നാലുമില്ല. മമ്മ എന്റെ ഷർട്ട് ഒന്നയേൺചെയ്തു താ.. എനിക്ക് ഇറങ്ങാറായി “
മനസ്സിലെ കാടുപിടിച്ച ചിന്തകളെ ദൂരെയെറിയണം!ജോക്കുട്ടൻ പറഞ്ഞപോലെ അതവരുടെ കാര്യം. നമ്മളെന്തിനാ വെറുതേ..
ജോക്കുട്ടന്റെ പപ്പാ പോയതിനുശേഷം വീട്ടില് കയറിവന്ന കുഞ്ഞുങ്ങളാണവർ.. തന്റെയും മോന്റെയും ഏകാന്തതയ്ക്കൊരു മറുവാക്കായി!ജോക്കുട്ടൻ വിളിക്കുംപോലെ “മമ്മാ” എന്നു വിളിക്കും. പുട്ടും കടലക്കറിയും ബ്രേക്ക്‌ഫാസ്റ്റ് ഉള്ള ദിവസം നിശ്ചയമായും ഇവിടെനിന്നുതന്നെ കഴിക്കും. “മമ്മായുടെ കടലക്കറിയുടെ ടേസ്റ്റ് ഒന്നു വേറെ” എന്നു പറഞ്ഞു അണച്ചുപിടിക്കും.
“കണ്ടോടാ.. നീ എന്നെങ്കിലും ഇതുപോലെ ഒരു കോംപ്ലിമെൻറ് തന്നിട്ടുണ്ടോ? “ഉപ്പു കുറഞ്ഞു, എരിവു പോരാ” എന്ന കംപ്ലയിന്റ് അല്ലാതെ. “
ജോക്കുട്ടൻ അതുകേട്ടു ഉറക്കെ ചിരിക്കും.
“സത്യത്തിൽ ഇതുപോലെ ഒരമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണമെടാ.. നിനക്കതിന്റെ വിലയറിയില്ല.”
കരുൺ വീണ്ടും എന്നെപ്പിടിച്ചു അടുത്തിരുത്തി. സത്യത്തിൽ ഈ മകനായിരുന്നു എനിക്കു വേണ്ടിയിരുന്നത് എന്നു തോന്നിപ്പിച്ച നിമിഷങ്ങൾ!
മറ്റൊരിക്കൽ, എനിക്കു തലകറക്കം വന്നപ്പോൾ,അവന്റെ വെപ്രാളം കാണേണ്ടതായിരുന്നു. മോൻ പുറത്തുപോയിട്ട് തിരിച്ചെത്തിയിട്ടുണ്ടായിരുന്നില്ല. രാവിലെതൊട്ടേ ഒരസ്വാസ്ഥ്യം. വെർടിഗോയുടെ പ്രശ്നം ഇടയ്ക്കൊക്കെ ഉണ്ടാവാറുള്ളതുകൊണ്ട് അതാണെന്നു കരുതി. വൈകീട്ട് കരുണും കോകിലയും സംസാരിച്ചിരിക്കുമ്പോഴാണ് തലവല്ലാതെ കറങ്ങിയത്! നിന്നിടത്തുനിന്ന് വീണുപോയി.
കരുൺ പെട്ടെന്ന് താങ്ങിയതുകൊണ്ട് തല നിലത്തടിച്ചില്ല. കോകിലയോടൊപ്പം കാറിൽ താങ്ങിക്കിടത്തി ഹോസ്പിറ്റലിൽ എത്തിച്ചു.മോൻ എത്തിയപ്പോഴേക്കും ഒബ്സർവേഷനു വേണ്ടി റൂമിലേക്ക് മാറ്റിയിരുന്നു. ഇരുപത്തിനാലു മണിക്കൂർ അവർക്ക് നിരീക്ഷിക്കണമത്രേ! ആ സമയമത്രയും ബെഡ്സൈഡിൽ എന്റെ കൈത്തലം അമർത്തിപ്പിടിച്ച് ഇരിക്കുകയായിരുന്നു കരുൺ!
അമ്മയുടെ മുഖം വിളറിയിട്ടുണ്ട്. കണ്ണുകൾക്ക് ക്ഷീണമുണ്ട്. എഛ്. ബി. കുറവുണ്ടാവും. നമുക്ക് ബ്ലഡ് ഒന്ന് ടെസ്റ്റ് ചെയ്യിക്കാം.
“നീയെന്താ ഡോക്ടറാ? നമ്മൾ ഹോസ്പിറ്റലിലാ. എന്തൊക്കെ ടെസ്റ്റ് വേണം എന്നവര് തീരുമാനിക്കും “
ജോക്കുട്ടൻ ചിരിച്ചു. അവനത് ഒട്ടും പിടിച്ചില്ലെന്നു തോന്നുന്നു.
“ഞാൻ പോകുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്ക് “
കരുൺ എഴുന്നേറ്റു.
കോകിലയെക്കൂട്ടി അവൻ മുറിവിട്ടുപോകുമ്പോൾ മനസ്സുപറഞ്ഞു “നല്ല കുട്ടി “
ഹോസ്പിറ്റലിൽനിന്നു ഡിസ്ചാർജ് ആയതിനുശേഷവും അവന്റെ കെയറിനൊട്ടും കുറവുവന്നില്ല. ഇയർ എൻഡിങ് ആയതുകൊണ്ട് ജോക്കുട്ടന് ലീവ് എടുക്കാൻ ആവാത്ത സാഹചര്യങ്ങളിലൊക്കെ അവൻ കൂട്ടിരുന്നു. ചുട്ടരച്ച ചമ്മന്തിയും അച്ചാറുമൊക്കെ തയ്യാറാക്കി കഞ്ഞി കുടിപ്പിച്ചു.
“അമ്മ ഇതൊന്നു കഴിച്ചുനോക്ക്യേ.. രുചി താനേവരും “
കണ്ണു നിറഞ്ഞുപോയ നിമിഷങ്ങൾ!
ക്രിസ്മസ് നക്ഷത്രങ്ങൾ മിഴിതുറന്ന രാത്രിയിൽ ജോക്കുട്ടനും കരുണും ഞാനുമായി ഒരാഘോഷം. കോകില ഒരു ലേഡീസ് ഓൺലി ട്രിപ്പിനു പോയിരുന്നു. ലേറ്റ് ആവും എത്താൻ എന്നും അറിയാം. കരോൾ ഗാനങ്ങളുടെ ശബ്ദത്തിലലിഞ്ഞു കുറെ ദൂരം സിറ്റിയിലൂടെ അലഞ്ഞു. എവിടെയും ആഘോഷപ്പൊലിമ!നക്ഷത്രവിളക്കുകൾ! തയ്യാറാക്കി വെച്ചിരിക്കുന്ന ക്രിബ്ബുകൾ . മേരിയുടെയും ഔസേപ്പിന്റെയും ഉണ്ണിയേശുവിന്റെയും രൂപങ്ങളോട് ചേർന്നുനിൽക്കുന്ന കാളയും കഴുതയും. പച്ചപുതച്ച പുൽത്തകിടിയിൽ മേഞ്ഞുനടക്കുന്ന ആട്ടിൻകുഞ്ഞുങ്ങൾ. വശങ്ങളിലായി സ്വർണ്ണച്ചിറകുള്ള മാലാഖമാരുടെ ഗ്ലോറിയാഗീതം മുഴങ്ങുന്നുണ്ടോ?
ഡിന്നർ പുറത്തുനിന്നു ഓർഡർചെയ്തു.
ജോക്കുട്ടൻ എന്റെ സമ്മതത്തോടെ കരുണിനൊപ്പം ഒന്നു മിനുങ്ങാൻ സ്വാതന്ത്ര്യമെടുത്ത ദിവസം.
അവന്റെ മുറിയിലെ ചിരിയൊച്ചകൾ നിലച്ചിരിക്കുന്നു. ചിലപ്പോൾ രണ്ടുപേരും ഉറക്കമായിക്കാണും. ഞാൻ ഇനി മോള് വന്നിട്ടേ ഉറങ്ങുന്നുള്ളൂ. പ്രായമാകുമ്പോൾ ഉറക്കക്കുറവ് സ്വാഭാവികം!എത്ര വൈകിക്കിടന്നാലും നാല് നാലരയാവുമ്പോഴേക്കും ഉണരും. പിന്നെ ഉറക്കം വരില്ല. വെറുതെ ഓരോന്നോർത്തുകിടക്കും. കരുണിന്റെ കോകിലയെപ്പോലെ ഒരു കുട്ടി നാളെ ഇവിടെയും വരും. എന്റെ ജോക്കുട്ടന്റെ വധുവായി!അപ്പോൾ അവന് ഒരുത്തരവാദിത്തമൊക്കെ ഉണ്ടാവും.ചിന്തകൾ കാടുകയറിയപ്പോൾ എന്റെ ചുണ്ടുകളിൽ ഒരു മൂളിപ്പാട്ടു വിരിഞ്ഞുവോ?
കിച്ചൺസ്റ്റൗ തുടച്ചു ക്ലീൻ ആക്കി ടവ്വൽ വർക്ക്‌ഏരിയയിലെ സിങ്കിൽ മുക്കി പിഴിയുമ്പോൾ ചുമലിൽ വിരൽസ്പർശം. കരുൺ..
“ആഹാ മോനുറങ്ങീല്ല്യേ?”
അവനൊന്നും മിണ്ടിയില്ല. ആ കണ്ണുകളിൽ ഞാൻ അറിയാത്തൊരു അപരിചിതഭാവം. പെട്ടെന്നാണ് അവന്റെ ചുണ്ടുകൾ പിൻകഴുത്തിലമർന്നത്. ആ ശ്വാസത്തിനു ഫാക്ടറിയിലെ പുകക്കുഴലിന്റെ ചൂട്!
എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള സാവകാശംപോലുമുമില്ലാതെ.. മോനെപ്പോലെ കരുതിയ ഈ കുട്ടി..തള്ളിമാറ്റിയിട്ടും ആത്മാവിലാവേശിച്ച ചെകുത്താന്റെ മുഖം!
ശരീരകോശങ്ങളിലെ സർവ്വശക്തിയും ആവാഹിച്ചത് നാളികേരം പൊതിക്കാൻ വച്ച ആയുധത്തിൽ..
ട്രാൻസ്ജെൻഡറായ പെൺകുട്ടിക്ക് ജീവിതം നൽകിയ നല്ലവനായ യുവാവാണ് അവൻ.അവനെ കാമപൂർത്തിക്കായി ഉപയോഗിച്ച മദ്ധ്യവയസ്കയായ വിധവ! കോകിലയുടെ പരാതിയിൽ കേസെടുത്ത വക്കീലിന്റെ വാദങ്ങൾ ശക്തം!പരമാവധി ശിക്ഷ ഉറപ്പാക്കാനവൾക്ക് കഴിഞ്ഞു. പ്രതി മറുത്തൊരക്ഷരം കോടതിയിൽ പറയാത്തതും അവൾക്ക് സഹായകമായി!
ഇടവും വലവും നിൽക്കുന്ന വനിതാപ്പോലീസുകാർക്ക് “നീ ആള് കൊള്ളാലോടീ “എന്ന പുച്ഛഭാവം!വെറുപ്പോടെ ലോകം മുഴുവനും നോക്കിക്കോട്ടെ.. പക്ഷേ ജോക്കുട്ടൻ.. അവന്റെ മനസ്സിന്റെ സമനില തെറ്റിയോ? എന്തേ അവനെന്നെ കേൾക്കാത്തത്? ഇനി ഈ ജീവിതം ഇങ്ങനെയങ്ങു തീരട്ടെ!
പക്ഷേ.. ഇന്നലെ..
ഇന്നലെ അവനെന്നെ കാണാൻ വന്നു. വിധി മാറ്റിയെഴുതാനുള്ള അവന്റെ ശ്രമം വിജയിച്ചതറിയിക്കാൻ!
ആ കണ്ണുകളിൽ ഞാനെന്റെ പഴയ കുഞ്ഞോമനയെ കണ്ടു. “മമ്മാ” എന്നു കൊഞ്ചിപ്പറഞ്ഞു,ഇരുമ്പഴിയിൽ അമർന്ന വിരലിൽ അമർത്തി ആ സെല്ലിന്റെ തട്ടിലേക്കു ചൂണ്ടി അവൻ പറഞ്ഞു. അങ്ങു ദൂരെ ഒരു ആകാശം കാണാൻ കഴിയുമോ മമ്മാ? ഒരു നക്ഷത്രം??ആ വെളിച്ചം കണ്ടോ?