Sunday, November 24, 2024
Homeഅമേരിക്കന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് മലയാളി എംപ്ലോയീസ് & റിട്ടയറീസ് കുടുംബ സംഗമം

ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് മലയാളി എംപ്ലോയീസ് & റിട്ടയറീസ് കുടുംബ സംഗമം

ജയപ്രകാശ് നായർ

ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെയും അവിടെ നിന്ന് റിട്ടയർ ചെയ്തു പോയവരുടെയും കുടുംബസംഗമം ഫ്ലോറൽ പാർക്കിലുള്ള 26 നോർത്ത് ടൈസൺ അവന്യുവിലെ ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് 2024 ഒക്ടോബർ 12 ശനിയാഴ്ച വൈകീട്ട് 5 മണി മുതൽ നടന്നു. അനിൽ ചെറിയാന്റെ പ്രാർത്ഥനാ ഗാനത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് അരുൺ അച്ചൻകുഞ്ഞിന്റെ സ്വാഗത പ്രസംഗത്തില്‍, തന്നോടൊപ്പം പ്രവർത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. കഴിഞ്ഞ വർഷത്തെ സംഗമത്തിനുശേഷം നമ്മെ വിട്ടുപോയ എല്ലാവരേയും ഓർമ്മിക്കുകയും, അവരുടെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തുകൊണ്ട് ട്രഷറർ ജേക്കബ് എം ചാക്കോ സംസാരിച്ചു.

ഈ വർഷം സർവീസിൽ നിന്നും റിട്ടയർ ചെയ്ത പറക്കാട്ട് കുര്യാക്കോസ്, ജയപ്രകാശ് നായർ, ബാബു നരിക്കുളം, ജോർജ് ജോൺസൺ, ജോസുകുട്ടി എന്നിവർക്ക് പ്രശംസാഫലകം നൽകി ആദരിച്ചു. മത്തായി മാത്യൂസ്, വർഗീസ് ഒലഹന്നാൻ, അനിൽ ചെറിയാൻ, റിനോജ് കോരുത്, ഷിബു പാപ്പച്ചൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

ബാബു നരിക്കുളം, പ്രിൻസ് പോൾ, എസ്തർ പ്രിൻസ് എന്നിവർ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചപ്പോൾ, അനന്തു വയലിനിൽ വിവിധ ഗാനങ്ങൾ മീട്ടിയത് ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ലിസ് ലെയില അവതരിപ്പിച്ച പാശ്ചാത്യ നൃത്തം പരിപാടികൾക്ക് മോഡി പകർന്നു. സ്റ്റാൻലി പാപ്പച്ചൻ, ജയപ്രകാശ് നായർ എന്നിവർ കവിതകള്‍ ആലപിച്ചു. ട്രഷറർ ജേക്കബ് ചാക്കോ വരവു ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും സാമ്പത്തികമായി സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അനിൽ ചെറിയാൻ, സെക്രട്ടറി പ്രിൻസ് പോൾ, പബ്ലിക് റിലേഷൻസ് ജോർജി പോത്തൻ, ട്രഷറർ ബാബുരാജ് പണിക്കർ എന്നിവരേയും, നോർത്തിൽ നിന്നും പ്രതിനിധികളായി സഞ്ജീവ് ജോർജ്, ബിജു മേനാച്ചേരി, ജോർജ് അലക്സാണ്ടര്‍, വിശാൽ പീറ്റർ, ബാബു നരികുളം എന്നിവരെയും, സൗത്തിൽ നിന്ന് രാജു വർഗീസ്, അരുൺ അച്ചൻകുഞ്ഞ്, സ്റ്റാൻലി പാപ്പച്ചൻ, വിജി എബ്രഹാം, റിനോജ് കോരുത്, ടോണി ചാക്കോ എന്നിവരെയും, റിട്ടയറീസിൽ നിന്ന് പി.എസ്. വർഗീസ്, രാജു എബ്രഹാം, പുന്നൂസ് എബ്രഹാം, ജയിംസ് എബ്രഹാം, വർഗീസ് ഒലഹന്നാൻ, ജയപ്രകാശ് നായർ, സൈമൺ ഫിലിപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാഫിൾ നറുക്കെടുപ്പില്‍ ജോയ് ആക്കനേത്ത്, അരുൺ അച്ചൻകുഞ്ഞ്, ടോമി ചാക്കോ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് അർഹരായി.

എംസിയായി ജയപ്രകാശ് നായർ പ്രവർത്തിച്ചു. പ്രിൻസ് പോളിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾക്ക് സമാപ്തിയായി.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments