Monday, December 23, 2024
Homeഅമേരിക്കയുദ്ധം വേണ്ടെന്ന് പുതിയ പ്രസിഡന്റ്, നല്ല സമയം നോക്കി ഇറാന്‍: ഇസ്രയേല്‍ കണക്കുകൂട്ടല്‍ ഇങ്ങനെ; പ്രതികാരത്തില്‍...

യുദ്ധം വേണ്ടെന്ന് പുതിയ പ്രസിഡന്റ്, നല്ല സമയം നോക്കി ഇറാന്‍: ഇസ്രയേല്‍ കണക്കുകൂട്ടല്‍ ഇങ്ങനെ; പ്രതികാരത്തില്‍ നിന്നും ഇറാന്‍ പിന്മാറുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇസ്രായേലുമായി പൂര്‍ണതോതിലുള്ള യുദ്ധം വേണ്ടെന്ന് പുതുതായി സ്ഥാനമേറ്റ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നിലപാടെടുത്തതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുമായി ചര്‍ച്ച ചെയ്‌തെന്നും ലണ്ടനിലെ ഇറാനിയന്‍ ന്യൂസ് ചാനല്‍ ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. വലിയ ആക്രമണങ്ങള്‍ക്ക് മുതിരുന്നത് പ്രദേശത്തെയാകെ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.

ഇതോടെ പ്രതികാരം തത്കാലത്തേക്ക് മാറ്റിവയ്ക്കുകയാണോയെന്ന സംശയവും ബലപ്പെട്ടു. പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളുടെ സഹായത്തോടെ അമേരിക്ക നടത്തിയ ചില ഇടപെടലുകളാണ് ഇറാനെ മാറ്റി ചിന്തിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, പറ്റിയ സമയവും സന്ദര്‍ഭവും നോക്കി ഇസ്രയേലിനെ ആക്രമിക്കുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ നിലപാട്.

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ വധിച്ചതിന് പിന്നാലെ പശ്ചിമേഷ്യയില്‍ ഉടലെടുത്ത യുദ്ധഭീതി ചര്‍ച്ച ചെയ്യാന്‍ 57 ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) അടിയന്തര യോഗം ചേര്‍ന്നു. ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഹനിയ്യയുടെ കൊലപാതകമെന്ന് കുറ്റപ്പെടുത്തിയ ഒ.ഐ.സി പാലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.

ഹനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നുണ്ടെങ്കിലും ഇസ്രയേല്‍ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായാല്‍ അതിനെ തടുക്കാന്‍ സജ്ജമാണെന്നും ഇസ്രയേല്‍ പറയുന്നു. ഒരുപക്ഷേ ഇറാന്‍ നേരിട്ടായിരിക്കില്ല ആക്രമിക്കുകയെന്നും ലെബനനിലെ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയാകും ആക്രമണം തുടങ്ങുകയെന്നുമാണ് ഇസ്രയേല്‍ കണക്കുകൂട്ടല്‍. അടുത്തിടെ ഹിസ്ബുള്ള കമാന്‍ഡര്‍ ഫുവാദ് ഷുക്‌റിനെ ഇസ്രയേല്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായി, ഇറാന്‍ കൂടെയില്ലെങ്കിലും, ഹിസ്ബുള്ള ആക്രമണം നടത്തുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്.

അതേസമയം, സൈനികാവശ്യങ്ങള്‍ക്ക് വേണ്ടിയെന്ന കാരണം പറഞ്ഞ് ഇറാന്‍ തങ്ങളുടെ വ്യോമപാത അടച്ചതായി ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിയന്‍ വ്യോമപാത ഒഴിവാക്കണമെന്ന് ഇറാന്‍ പ്രധാന എയര്‍ലൈനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആക്രമണത്തിന് കോപ്പു കൂട്ടാനാണ് ഇറാന്‍ വ്യോമപാത അടച്ചതെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments