വയനാട്:- വയനാട്ടിലെ ദുരന്തമുഖത്ത് ഉറ്റവരെ നഷ്ടപ്പെട്ട് അനാഥരായി തീര്‍ന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ തയാറായി പാലക്കാട് ആസ്ഥാനമായുള്ള അഹല്യ ഗ്രൂപ്പ്്. ഇന്ത്യയിലും യുഎഇയിലും ഒട്ടേറെ ഹോസ്പിറ്റല്‍ ശൃംഖലകളുള്ള അഹല്യ മെഡിക്കല്‍ ഗ്രൂപ്പും അഹല്യ ചില്‍ഡ്രന്‍സ് വില്ലേജും ചേര്‍ന്നുകൊണ്ട് നടത്തുന്ന സ്‌നേഹസ്പര്‍ശത്തില്‍ ദുരന്തത്തില്‍ അനാഥരായി തീര്‍ന്ന കുഞ്ഞുങ്ങള്‍ക്കായി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇതിന്റെ ഭാഗമായി അനാഥരായ ദുരന്തമേഖലയിലെ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് പാലക്കാട് അഹല്യ ക്യാംപസിലെ അഹല്യ ചില്‍ഡ്രന്‍സ് വില്ലേജില്‍ സൗജന്യ താമസം, ഭക്ഷണം, വസ്ത്രം എന്നിവ നല്‍കി അഹല്യ സിബിഎസ്ഇ സ്‌കൂളില്‍ തുടര്‍ വിദ്യാഭ്യാസം നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കൂടാതെ ഉപരിപഠനത്തിനായി ഈ വിദ്യാര്‍ഥികള്‍ക്ക് അഹല്യയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തികച്ചും സൗജന്യമായി പ്രവേശനം നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. പദ്ധതി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ ഇപ്പോഴത്തെ രക്ഷാധികാരികള്‍ക്ക് വിശദ വിവരങ്ങള്‍ക്കായി അഹല്യ ചില്‍ഡ്രന്‍സ് വില്ലേജുമായി ബന്ധപ്പെടാം. ഫോണ്‍: 9544000122