Monday, December 30, 2024
Homeഇന്ത്യനീറ്റ് യു.ജി. 2024 റീ-റിവൈസ്ഡ് റാങ്ക് പട്ടിക നാഷണല്‍ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധപ്പെടുത്തി.

നീറ്റ് യു.ജി. 2024 റീ-റിവൈസ്ഡ് റാങ്ക് പട്ടിക നാഷണല്‍ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധപ്പെടുത്തി.

നീറ്റ് യു.ജി. 2024 റീ-റിവൈസ്ഡ് റാങ്ക് പട്ടിക നാഷണല്‍ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. എം.സി.സി. നടത്തുന്ന അലോട്മെൻറ് 14-ന് ആരംഭിക്കും. കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തിനുള്ള അപേക്ഷ ഇതിനകം ക്ഷണിക്കുകയും അത് പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്. പ്രവേശനനടപടികള്‍ ആരംഭിക്കണമെങ്കില്‍ കേരള മെഡിക്കല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണം. അതിനുള്ള നടപടികള്‍ കേരള പ്രവേശനപരീക്ഷാ കമ്മിഷണർ താമസിയാതെ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

നീറ്റ് യു.ജി. 2024 ഫലം/റാങ്ക് പ്രവേശനപരീക്ഷാ കമ്മിഷണർക്ക് കൈമാറിക്കഴിയുമ്ബോള്‍ കേരളത്തിലെ മെഡിക്കല്‍ റാങ്ക് പട്ടിക തയ്യാറാക്കല്‍ പ്രക്രിയ ആരംഭിക്കും.

നീറ്റ് യു.ജി. റാങ്ക് വിവരങ്ങള്‍.

സംസ്ഥാനത്തെ മെഡിക്കല്‍/മെഡിക്കല്‍ അലൈഡ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ നല്‍കിയവർ അവരുടെ നീറ്റ് യു.ജി. 2024 റാങ്ക്, പ്രവേശനപരീക്ഷാ കമ്മിഷണറെ അറിയിക്കുന്നതാണ് ഇതിന്റെ ആദ്യഘട്ടം. ഇതിന്റെ വിജ്ഞാപനം പ്രവേശനപരീക്ഷാ കമ്മിഷണർ താമസിയാതെ പുറപ്പെടുവിക്കും. ഇത് വരുന്നമുറയ്ക്ക് അപേക്ഷകർ അവരുടെ കീം 2024 ഹോംപേജ് വഴി, നീറ്റ് യു.ജി. 2024 ഫലവിവരങ്ങള്‍ ഓണ്‍ലൈൻ ആയി നല്‍കണം. കണ്‍ഫേംചെയ്യണം.

2023-ലെ നടപടിക്രമം അനുസരിച്ച്‌, നീറ്റ് റോള്‍നമ്ബർ, അപേക്ഷാനമ്ബർ, ജനനത്തീയതി എന്നിവ ഹോംപേജ് വഴി നല്‍കുമ്ബോള്‍, അപേക്ഷാർഥിയുടെ നീറ്റ് യു.ജി. സ്കോർ, റാങ്ക് ഉള്‍െപ്പടെയുള്ള ചില വിവരങ്ങള്‍ സ്ക്രീനില്‍ കാണാൻ കഴിയുമായിരുന്നു. അവ പരിശോധിച്ച്‌ ശരിയാണെന്ന് ഉറപ്പാക്കിയശേഷം അവ അംഗീകരിച്ച്‌ സബ്മിറ്റ് ചെയ്യുന്ന രീതിയാണ് മുൻവർഷങ്ങളില്‍ ബാധകമാക്കിയിരുന്നത്. അപേക്ഷകർ നീറ്റ് സ്കോർ കാർഡ് അപ്ലോഡ് ചെയ്യേണ്ടതില്ലായിരുന്നു.

ഈവർഷത്തെ വിജ്ഞാപനത്തില്‍ മാർക്ക് സബ്മിഷൻ/കണ്‍ഫർമേഷൻ നടപടിക്രമം വിശദീകരിച്ചിരിക്കും. ഇപ്രകാരം വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് കേരളത്തിലെ മെഡിക്കല്‍ റാങ്ക് പട്ടിക തയ്യാറാക്കുക. കീം 2024 മെഡിക്കല്‍/അലൈഡ് അപേക്ഷ നല്‍കിയവരുടെ നീറ്റ് യു.ജി. 2024 റാങ്ക് അടിസ്ഥാനമാക്കിയാണ് കേരള മെഡിക്കല്‍ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. കീം 2024-ന് അപേക്ഷിച്ച, മാർക്ക് സബ്മിഷൻ/കണ്‍ഫർമേഷൻ നടത്താത്തവരെ കേരള മെഡിക്കല്‍ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കുന്നതല്ല.

2023, 2022, 2021 വർഷങ്ങളില്‍ ഇപ്രകാരം തയ്യാറാക്കിയ കേരള മെഡിക്കല്‍ റാങ്ക് പട്ടികകളില്‍ നിശ്ചിത കേരള മെഡിക്കല്‍ റാങ്ക് ലഭിച്ചവരുടെ ആ വർഷത്തെ തത്തുല്യ നീറ്റ് യു.ജി. റാങ്ക്, പട്ടികയില്‍ നല്‍കിയിരിക്കുന്നു. അത് ഈ വർഷവും അതേപടി ആകണമെന്നില്ല.

2024-ലെ നീറ്റ് യു.ജി. ഇൻഫർമേഷൻ ബുള്ളറ്റിൻപ്രകാരം യോഗ്യത നേടിയവരെ (50-ാം/45-ാം/40-ാം പെർസന്റൈല്‍ സ്കോർ) മെഡിക്കല്‍ കോഴ്സുകളിലേക്കു പരിഗണിക്കും. ഈ വിഭാഗത്തില്‍ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്‌.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. എന്നീ കോഴ്സുകളാണുള്ളത്.

720-ല്‍ 20 മാർക്കെങ്കിലും നേടിയവരെ മെഡിക്കല്‍ അലൈഡ് കോഴ്സുകളിലേക്ക് പരിഗണിക്കും. ഈ കോഴ്സുകളിലേക്ക് പട്ടികവിഭാഗക്കാർക്ക് 20 മാർക്ക് വേണമെന്ന വ്യവസ്ഥയില്ല.

ഈ വിഭാഗത്തില്‍ ഏഴ് കോഴ്സുകള്‍ ഉണ്ട്. -അഗ്രിക്കള്‍ച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി സയൻസ് ആൻഡ് ആനിമല്‍ ഹസ്ബൻഡ്രി, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയണ്‍മെൻറല്‍ സയൻസ്, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, കാർഷിക സർവകലാശാലയിലെ ബി.ടെക്. ബയോടെക്നോളജി എന്നിവ.

ആയുർവേദ റാങ്ക് പട്ടിക.

ബി.എ.എം.എസ്. കോഴ്സ് പ്രവേശനത്തിനുള്ള ആയുർവേദ റാങ്ക് പട്ടിക പ്രത്യേകമായി തയ്യാറാക്കും. ഇതിന്റെയും അടിസ്ഥാനം നീറ്റ് യു.ജി. 2024 സ്കോർ ആയിരിക്കും. പ്ലസ്ടു തലത്തില്‍ രണ്ടാംഭാഷയായി സംസ്കൃതം പഠിക്കുകയും അതിന്റെ രേഖ, പ്രവേശനപരീക്ഷാ കമ്മിഷണർക്ക് നല്‍കുകയും ചെയ്തവർക്ക് എട്ടുമാർക്ക് നീറ്റ് സ്കോറിനൊപ്പം ചേർക്കും. സംസ്കൃതം പഠിക്കാത്തവർക്ക് നീറ്റ് യു.ജി. സ്കോർ അതുപോലെ പരിഗണിക്കും. വെയ്റ്റേജ് ചേർത്തുള്ള മാർക്ക് അല്ലെങ്കില്‍ നീറ്റ് യു.ജി. 2024 മാർക്ക് പരിഗണിച്ച്‌ അപേക്ഷകരെ റാങ്ക് ചെയ്താണ് ആയുർവേദ റാങ്ക് പട്ടിക തയ്യാറാക്കുക.

കാറ്റഗറി പട്ടികകൾ.

മെഡിക്കല്‍/അലൈഡ്, ആയുർവേദ റാങ്ക് പട്ടികകള്‍ തയ്യാറാക്കിയശേഷം താത്കാലിക കാറ്റഗറി പട്ടികകള്‍ പ്രസിദ്ധപ്പെടുത്തും. വിവിധ സംവരണ ആനുകൂല്യമുള്ളവരുടെ സംവരണവിഭാഗത്തിലെ സ്ഥാനം നിർണയിച്ചുനല്‍കുന്ന പട്ടികയാണ് കാറ്റഗറി പട്ടിക. താത്കാലിക കാറ്റഗറി പട്ടികയില്‍ പരാതി ഉള്ളവർക്ക് പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അതിൻമേല്‍ പരാതി നല്‍കാൻ അവസരമുണ്ടാകും. പരാതികള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കും. തുടർന്ന് അന്തിമ കാറ്റഗറിപട്ടിക പ്രസിദ്ധപ്പെടുത്തും. ഇതിനുശേഷമായിരിക്കും അലോട്മെൻറ് ആരംഭിക്കുക.

സംസ്ഥാന കൗണ്‍സലിങ്ങിനു സമാനമായി മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ (എം.സി.സി.) അഖിലേന്ത്യാ കൗണ്‍സലിങ് നടപടികളും ഉണ്ടാകും. ഒരു വിദ്യാർഥിക്ക് ദേശീയകൗണ്‍സലിങ്ങിലും സംസ്ഥാന കൗണ്‍സലിങ്ങിലും പങ്കെടുക്കത്തക്ക രീതിയിലായിരിക്കും രണ്ട് കൗണ്‍സലിങ്ങുകളും ക്രമീകരിക്കുക. എം.സി.സി. ആദ്യറൗണ്ട്, സംസ്ഥാനതല ആദ്യറൗണ്ട്, എം.സി.സി. രണ്ടാംറൗണ്ട്, സംസ്ഥാനതല രണ്ടാംറൗണ്ട് എന്നിങ്ങനെയായിരുന്നു മുൻവർഷങ്ങളിലെ ക്രമം. ദേശീയതലത്തിലുള്ള ആയുഷ്, വെറ്ററിനറി കൗണ്‍സലിങ് നടപടികളും താമസിയാതെ ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments