1992 കാലഘട്ടം. ഗൾഫ് യുദ്ധം ഒക്കെ കഴിഞ്ഞു സമാധാനം പുന:സ്ഥാപിക്കപ്പെട്ട സമയം.50 വയസ്സുകാരനായ സുബൈർ സൗദി അറേബ്യയിലെ ഒരു കമ്പനിയുടെ സ്റ്റാഫ് അക്കോമഡേഷനിൽ കുക്കാണ്. അവിടെ താമസിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം ഉണ്ടാക്കുന്ന മലപ്പുറംകാരൻ സുബൈറിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു.കാരണം കേരളത്തിൽ പട്ടിണി കിടന്നും ബോംബെയിൽ ഒറ്റമുറിയിൽ സ്റ്റൗവിൽ കഞ്ഞിയും പയറും ഒന്നിച്ച് വേവിച്ച ഭക്ഷണം കഴിച്ച് ഗൾഫിലേക്ക് ചേക്കേറിയ കേരളീയർ ആയിരുന്നു അതിൽ അധികം പേരും. ഗ്രഹണി പിള്ളേര് ചക്കച്ചുള കണ്ടത് പോലെയാണ് എല്ലാവരുടെയും തീറ്റ. അതിലൊക്കെ സുബൈർനു സന്തോഷമേയുള്ളൂ. ഭക്ഷണം ഉണ്ടാക്കുന്നവർക്ക് അത് ആസ്വദിച്ചു കഴിക്കുന്നത് കാണുന്നതിൽ പരം സന്തോഷം വേറെയില്ലല്ലോ?ബിരിയാണിയും അതിൻറെ അൻസാരികളും മീനും ഇറച്ചിയും എന്ന് വേണ്ട എന്തും ഇഷ്ടംപോലെ സുബൈർ ഇക്ക ലിസ്റ്റ് ഒന്ന് കൊടുക്കേണ്ട കാര്യമേ ഉള്ളൂ, കമ്പനിയുടെ ഡ്രൈവർ സെക്കൻഡ് വെച്ച് അത് എത്തിച്ചു കൊടുക്കും.പിന്നെ പത്തിരുപത് പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ എന്താണ് പ്രയാസം? സുബൈർ ആണെങ്കിൽ ഒന്നാന്തരം ഒരു പാചകക്കാരനും.അങ്ങനെ എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം നാട്ടിൽ നിന്ന് കത്തു വന്നു എന്നും പറഞ്ഞു സുബൈർ ചിന്താമഗ്നനായി കൈരണ്ടും പുറകെ കെട്ടി ഭയങ്കര ഗൗരവത്തിൽ ഫ്ലാറ്റിൽ തലങ്ങുംവിലങ്ങും നടപ്പോട് നടപ്പ് തന്നെ.
രാത്രിയായപ്പോൾ സുബൈർ ഇക്കാ ഭക്ഷണം വിളമ്പ് എന്ന് പറഞ്ഞവരൊടൊക്കെ “വേണമെങ്കിൽ പോയി എടുത്തു കഴിച്ചോ. ആരുടേയും വായിൽ കോരി തരാൻ ഒന്നും എനിക്ക് പറ്റില്ല. എല്ലാം അവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ട് “ എന്നും പറഞ്ഞു ഒറ്റ തട്ടികയറൽ.
ഇതെന്തുപറ്റി സുബൈർ ഇക്കാക്ക്? ചപ്പാത്തി, ബിരിയാണി,….ഇതൊക്കെ മതി മതി എന്ന് പറഞ്ഞാൽ പോലും ഒരെണ്ണം കൂടി, ഒരു തവി കൂടി തിന്നു മോനെ എന്ന് പറഞ്ഞ് വീണ്ടും വീണ്ടും തീറ്റിക്കുന്ന സുബൈർ ഇക്കയുടെ ഈ പെരുമാറ്റം കണ്ടു എല്ലാവരും അന്തം വിട്ടു പോയി. ഫ്ലാറ്റ് മുഴുവൻ ശ്മശാനമൂകയായി.
1990ഇൽ ഗൾഫ് യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് സൗദി അറേബ്യയെ സംരക്ഷിക്കാൻ അമേരിക്കൻ പട്ടാളക്കാർ വന്ന് ഇറങ്ങിയിരുന്നു. ദമാമിലും മറ്റു ചിലയിടങ്ങളിലും ബോംബു വീണു എന്ന് കേട്ടുകേൾവി.പത്രമാധ്യമങ്ങളിലൂടെയോ ദൃശ്യമാധ്യമങ്ങളിലൂടെയോ ഒന്നും അറിയാൻ നിവൃത്തിയില്ല.ഇന്നത്തെ പോലെ ഇൻറർനെറ്റും ഇല്ല.കമ്പനിയിലെ ജീവനക്കാരെല്ലാം അന്ന് ഒരു പൊട്ടിത്തെറിയുടെ വക്കിൽ ആയിരുന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥ.കമ്പനി തന്നെ ഗ്യാസ് മാസ്ക് എല്ലാവർക്കും കൊടുത്തിട്ടുണ്ട്.നാട്ടിലേക്ക് കാശ് അയക്കാൻ പറ്റാത്തത് കാരണം സമ്പാദ്യം മുഴുവൻ കൈയിലാക്കി ജോലിക്കൊന്നും പോകാൻ സാധിക്കാതെ ഫ്ലാറ്റിൽ തന്നെ കുടുങ്ങി ഇരിക്കുന്ന സമയം.”ഞങ്ങൾക്ക് ഇപ്പോൾ വീട്ടിൽ പോകണം ഞങ്ങളുടെ ജീവൻ തിരിച്ചു കിട്ടിയാൽ മതി “എന്നും പറഞ്ഞു മേലാധികാരികളുമായി വഴക്കിട്ടു കൊണ്ടിരിക്കുന്ന ജീവനക്കാർ.ആ സമയത്ത് പോലും സുബൈർ ഒന്ന് കുലുങ്ങിയിട്ടില്ല.ഈ വക പൊല്ലാപ്പുകൾ ഒന്നും പുള്ളിയെ ബാധിച്ച മട്ടേയില്ല.അപ്പോൾ അദ്ദേഹം ചെയ്തിരുന്നത് നന്നായി കുഴമ്പ് തേച്ചു പിടിപ്പിച്ച് കുളിക്കുക,കുളി കഴിഞ്ഞു വന്ന് ജർഗൻ ക്രീം കൈയ്യിലും കാലിലും മുഖത്തും എല്ലാം പുരട്ടുക.മുഖ സംരക്ഷണവും സൗന്ദര്യ സംരക്ഷണവും. പോരാത്തതിന് തുണികൾ ഒക്കെ ഭംഗിയായി തേച്ച് മിനുക്കുക.ആ ഇക്കയ്ക്ക് ഇത്ര മനോവിഷമം ഉണ്ടാകാൻ ഇപ്പോൾ ഇത്രയ്ക്ക് എന്താണ് ഉണ്ടായത്? .അങ്ങനെ യാതൊരു കൂസലുമില്ലാതെ നടന്നിരുന്ന മനുഷ്യനാണ് ഇപ്പോൾ ഇങ്ങനെ പൊട്ടിത്തെറിക്കുന്നത്. എല്ലാവർക്കും ആകെ സങ്കടമായി. ഓഫീസിലെ കഷ്ടപ്പാടും ജോലിയും കഴിഞ്ഞു വരുമ്പോൾ സുബൈറിക്കയുടെ നല്ല പെരുമാറ്റവും ഉഗ്രൻ ബിരിയാണിയോ കബ്സ റൈസോ കുബൂസോ ആലു പറാട്ടയോ പത്തിരിയോ സ്പെഷ്യൽ അലുവായോ……. ഇവയൊക്കെ ആയിരുന്നു എല്ലാവർക്കും ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന സന്തോഷം.
എന്നെ തിരിച്ചു വീട്ടിലേക്ക് അയച്ചില്ലെങ്കിൽ ഞാൻ ഇവിടെ ആത്മഹത്യ ചെയ്യും എന്നു പറഞ്ഞു അടുത്ത കാലത്ത് കല്യാണം കഴിഞ്ഞു വന്ന ചെറുപ്പക്കാരനെ സമാധാനിപ്പിച്ച് ഭക്ഷണം കഴിപ്പിച്ചു ഉറക്കമൊഴിഞ്ഞ് അവന് കാവലിരുന്ന സുബൈറിനു ഇതെന്തുപറ്റി?
ജേക്കബ് ഓഫീസിൽനിന്ന് വരട്ടെ.സുബൈറിനു ഏറ്റവും അടുപ്പം ഇവിടെ ജേക്കബിനോടാണ് അയാളോട്എന്ത് ഉണ്ടെങ്കിലും പങ്ക് വയ്ക്കാതെ ഇരിക്കില്ല എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. ജേക്കബിനെ കൊണ്ട് മാത്രമേ സുബൈർ ഇക്കാ വീട്ടിലേക്ക്, ഉമ്മക്കും ഭാര്യക്കും കത്ത് എഴുതിക്കുക.ആ കാര്യത്തിൽ ജേക്കബിനെ മാത്രമേ സുബൈറിനു വിശ്വാസം ഉള്ളു. ബാക്കിയെല്ലാം ഇബിലീസുകൾ ആണെന്നാണ് സുബൈറിന്റെ പക്ഷം. ഇക്ക പറയാത്തത് പോലും ഇവന്മാർ തമാശ ഉണ്ടാക്കാൻ എഴുതി പിടിപ്പിക്കും.അക്ഷരാഭ്യാസമില്ലാത്ത സുബൈർ പറയുന്നത് അതുപോലെ എഴുതി കൊടുക്കുന്നത് ജേക്കബ് മാത്രമാണ്. എന്നും കത്ത്എഴുതി അവസാനിപ്പിക്കുമ്പോൾ സുബൈർ പറയും –“കത്ത് ചുരുക്കുന്നു,ആയിരമായിരം ചുംബനങ്ങളോടെ ന്റെ മുത്ത് തസ്‌നീമിന്റെ മാത്രം സുബീറിക്ക “എന്ന്.28 വയസ്സുകാരൻ ജേക്കബ് രഹസ്യമായി ഉടനെ ഇക്കയുടെ ചെവിയിൽ ചോദിക്കും ഈ പ്രായത്തിൽ അതിനൊക്കെ പറ്റുമോ?ചുംബനം ഒക്കെ പകുതിയാക്കി കുറയ്ക്കെട്ടെയെന്ന്? 😜 “പോടാ ഹമുക്കേ നീയും ഇവന്മാരുടെ കൂടെ ചേർന്ന് ചീത്തയായി.ഞാൻ പറയുന്നത് മാത്രം നീ എഴുതിയാൽ മതി. “ ആയിക്കോട്ടെ എന്ന് ജേക്കബും പറയും.
ജേക്കബ് വന്ന പാടെ എല്ലാവരും കൂടി രഹസ്യമായി വിവരം പറഞ്ഞു കേൾപ്പിച്ചു.ഒരാൾ വിഷമിച്ചിരിക്കുമ്പോൾ അയാളെ ഒറ്റയ്ക്ക് വിടുന്നതാണ് നല്ലത്.എന്നെ സംബന്ധിച്ചാണെങ്കിൽ എനിക്ക് അതാണ് ഇഷ്ടം. ആരും ആ സമയത്ത് ഒന്നും ചോദിക്കുന്നത് പോലും ഇഷ്ടമല്ല എന്ന് മാത്രമല്ല ഈർഷ്യയും വരും. അതും പറഞ്ഞ് ജേക്കബ് മിണ്ടാതെ പോയി ഭക്ഷണം കഴിച്ച് പോയി കിടന്നു.
ഒരു ഉറക്കം കഴിഞ്ഞപ്പോൾ കതകിൽ ഒരു മുട്ട് കേട്ടു ജേക്കബ് പോയി കതക് തുറന്നു. സുബൈറിക്ക ആയിരുന്നു. കയ്യിൽ നാട്ടിൽ നിന്ന് ഭാര്യ അയച്ച കത്തുണ്ട്. കത്ത് പൊട്ടിച്ച് മറ്റ് ആരെ കൊണ്ടോ വായിപ്പിച്ചിരുന്നു. അത് ജേക്കബ് കൂടി വായിച്ച് സത്യം ഉറപ്പിക്കണം. അതിനുള്ള വരവാണ്. ജേക്കബ് കത്ത് ഉറക്കെ വായിച്ചു.കാര്യം ഇത്രയേ ഉള്ളൂ നാട്ടിലെ ഇവരുടെ അവിടുത്തെ തെങ്ങുകയറ്റക്കാരൻ ദാമോദരൻ പറമ്പിലെ തെങ്ങ് കയറി കൊണ്ടിരുന്നപ്പോൾ മുകളിൽ വച്ച് തല കറങ്ങി താഴെ വീണു.എല്ലാവരും കൂടി ആശുപത്രിയിലേക്ക് ആംബുലൻസ് ഒക്കെ വിളിച്ചുകൊണ്ടുപോയി ആ സമയത്ത് തസ്നീം പുറത്ത് കുളിപ്പുരയിൽ കുളിക്കുകയായിരുന്നുത്രേ എന്നാണ് കത്തിൽ എഴുതിയിരുന്നത്. കഴിഞ്ഞതവണ ആ കുളിപ്പുരയ്ക്ക് മേൽക്കൂര കെട്ടണം എന്നും പറഞ്ഞു സുബൈർ കാശ് അയച്ചുകൊടുത്തിരുന്നു. അത് കെട്ടിയിരുന്നോ എന്നതാണ് സുബൈറിനു സംശയം. ജേക്കബിന്റെ ഉള്ളിൽ ചിരി പൊട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ
“ഇതാണോ ഇപ്പൊ ഇത്ര വലിയ കാര്യം നമുക്ക് ഇപ്പോൾ തന്നെ അത് ഒരു കത്തെഴുതി ചോദിക്കാമെന്ന് ജേക്കബ് പറയുകയല്ല അപ്പോൾ തന്നെ പേപ്പറും പേനയുമെടുത്ത് കത്തെഴുതാൻ തയ്യാറായി.
“ദാമോദരൻ വീഴുന്നതിനു മുമ്പ് കുളിപ്പുരക്ക് മേൽക്കൂര കെട്ടിയിരുന്നോ? ന്റെ മുത്ത് ആ സമയത്ത് കുളിക്കുകയായായിരുന്നു എന്ന് എഴുതിയിരുന്നല്ലോ? അത് വായിച്ചപ്പോൾ തൊട്ട് ഈ നേരം വരെ എന്റെ ചങ്കിന്റെ പെട പെടപ്പ് നിന്നിട്ടില്ല.” ഇതായിരുന്നു കത്തിന്റെ രത്നചുരുക്കം.
സുബൈറിന്റെ ഉറ്റ കൂട്ടുകാരൻ തെങ്ങ് കയറ്റക്കാരൻ ദാമോദരൻ തെങ്ങിൽ നിന്ന് വീണ സങ്കടം കൊണ്ടാണ് സുബൈറ് ഇങ്ങനെയൊക്കെ പെരുമാറിയത് എന്ന് ജേക്കബ് മറ്റുള്ളവരൊടൊക്കെ പറഞ്ഞു.എന്തൊരു മതമൈത്രി ആണല്ലേ എന്ന് പറഞ്ഞു എല്ലാവരും സുബൈറിനെ വാനോളം പുകഴ്ത്തുമ്പോഴും ജേക്കബ് ഉള്ള സത്യം ആരോടും തുറന്നു പറഞ്ഞില്ല.
“ദാമോദരൻ തെങ്ങിൽ നിന്ന് വീഴുന്നതിനു മുമ്പ് തന്നെ കുളി പുരയ്‌ക്ക് മേൽക്കൂര കെട്ടിയിരുന്നു എന്ന് എന്നൊരു വാക്കു കൂടി ആ കത്തിൽ എഴുതാമായിരുന്നില്ലേ എൻറെ മുത്തേ,എൻറെ ചങ്ക് ഇത്രയും കിടന്ന് പെടക്കില്ലായിരുന്നല്ലോ” എന്നായിരുന്നു അതിൻറെ അടുത്ത കത്തിന് മറുപടി ആയി സുബൈർ ജേക്കബിനെ കൊണ്ട് എഴുതിച്ചത്.
വിശ്വസ്തനായ ജേക്കബ് ഇക്കഥ മറ്റാരോടും പറഞ്ഞതുമില്ല.അങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ആ പ്രശ്നം പരിഹരിച്ചു. 😀