ആവേശത്തോടെ കാത്തിരിക്കുന്ന കോപാ അമേരിക്ക ടൂർണമെന്റിലെയും വിജയികളെ അറിയാൻ ഇനി മണിക്കൂറുകളുടെ ദൈർഘ്യം മാത്രം.
രാത്രി യൂറോകപ്പില്‍ ആര് കിരീടം നെടിയെന്നറിഞ്ഞ് ഒന്ന് വിശ്രമിക്കുമ്പോഴേക്ക് കോപ്പയില്‍ കലാശപ്പോരിന് വിസില്‍ മുഴങ്ങിക്കാണും.
നാളെ രാവിലെ 5.30ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യൻമാരായ അർജന്റീനയും കൊളംബിയയും തമ്മിലാണ് പോരിനിറങ്ങുന്നത്. ഗ്രൂപ്പ്ഘട്ടം മുതല്‍ ഒരു മത്സരത്തിലും തോല്‍ക്കാതെയാണ് അർജന്റീനയുടെ വരവ്. ആദ്യ മത്സരത്തില്‍ കാനഡക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം. രണ്ടാം മത്സരത്തില്‍ ചിലിക്കെതിരേ ഒരു ഗോളിന് ജയിച്ച ചാംപ്യൻമാർ മൂന്നാം മത്സരത്തില്‍ പെറുവിനെ രണ്ട് ഗോളിനും തറപറ്റിച്ചായിരുന്നു ക്വാർട്ടറിലേക്ക് മുന്നേറിയത്. ക്വാർട്ടറില്‍ ഇക്വഡോറിനെ നേരിട്ട അർജന്റീന അവരെയും വീഴ്ത്തി സെമിയിലേക്ക്. സെമിയില്‍ എതിരാളികളായി വീണ്ടും കാനഡ. എതിരില്ലാത്ത രണ്ട് ഗോളിന് അനായാസം കാനഡയും കടന്ന് തുടർച്ചയായ രണ്ടാം തവണയും ഫൈനലില്‍. 16ാം കോപാ അമേരിക്ക കിരീടം തേടിയിറങ്ങുന്ന അർജന്റീനൻ ടീം ശക്തമായ നിലയിലാണ്. അതിനാല്‍ കൊളംബിയക്കെതിരേ തീ പാറുന്ന മത്സരം പ്രതീക്ഷിക്കാം.
44ാം തവണയാണ് അർജന്റീന കോപാ അമേരിക്ക ടൂർണമെന്റില്‍ കളിക്കുന്നത്. അതേസമയം ചരിത്രത്തില്‍ ഒരു തവണമാത്രം കോപാ അമേരിക്ക ചാംപ്യൻമാരായ കൊളംബിയ രണ്ടാം കിരീടത്തിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. 2001ലായിരുന്നു കൊളംബിയയുടെ കിരീട നേട്ടം.
1945 മുതല്‍ കോപാ അമേരിക്ക ടൂർണമെന്റില്‍ പന്തു തട്ടാനെത്തുന്ന കൊളംബിയ പലപ്പോഴും നിർഭാഗ്യം കൊണ്ടായിരുന്നു കിരീടത്തില്‍നിന്ന് അകന്നുനിന്നത്. പലകാലത്തും മികച്ച നിരയുണ്ടായിട്ടും സെമി കടക്കാൻ അവർക്കായിരുന്നില്ല. എതിരില്‍ നില്‍ക്കുന്ന ടീമിനെ അത്ര പെട്ടെന്ന് അർജന്റീനക്ക് തോല്‍പ്പിക്കാനാകില്ല. 28 മത്സരത്തില്‍ തോല്‍വി അറിയാതെ കുതിക്കുന്ന കൊളംബിയ 29ാം ജയവും നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
ഗ്രൂപ്പ്ഘട്ടത്തില്‍ പരാഗ്വക്കെതിരേ 2-1ന്റെ ജയം. രണ്ടാം മത്സരത്തില്‍ കോസ്റ്റ റിക്കക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം. ബ്രസീലിനെതിരേ 1-1ന്റെ സമനില. അടുത്ത മത്സരത്തില്‍ പനാമക്കെതെ 5-0ത്തിന്റെ ജയം. സെമിയില്‍ ഉറുഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി രാജകീയമായി ഫൈനലിലേക്ക്.
കൊളംബിയ.
ഫിഫ റാങ്ക് ……………………………..12
കോപാ അമേരിക്ക അരങ്ങേറ്റം… 1945
മികച്ച പ്രകടനം…… 2001 ചാംപ്യന്മാര്
കോപാ അമേരിക്ക 2024.
അഞ്ച് മത്സരങ്ങള്
നാല് ജയം
അടിച്ച ഗോള്……….. 11
വഴങ്ങിയ ഗോള് ………….2
അർജന്റീന.
ഫിഫ റാങ്ക് ………………………………………1
കോപാ അമേരിക്ക അരങ്ങേറ്റം……………. 1916
മികച്ച പ്രകടനം………… 15 തവണ ചാംപ്യന്മാര്
കോപാ അമേരിക്ക 2024.
അഞ്ച് മത്സരങ്ങള്
അഞ്ച് ജയം
അടിച്ച ഗോള്……….. 12
വഴങ്ങിയ ഗോള് ………….3