Monday, November 25, 2024
Homeഅമേരിക്കവിക്ഷേപണത്തിനിടെ യന്ത്രത്തകരാര്‍, ഭൂമിയിലേക്ക് വീഴാനൊരുങ്ങി 5 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍.

വിക്ഷേപണത്തിനിടെ യന്ത്രത്തകരാര്‍, ഭൂമിയിലേക്ക് വീഴാനൊരുങ്ങി 5 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍.

സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ദൗത്യത്തില്‍ സ്‌പേസ് എക്‌സിന് അപ്രതീക്ഷിത തിരിച്ചടി. വിക്ഷേപിച്ച അഞ്ച് ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്ക് വീഴുമെന്ന അവസ്ഥയിലാണ്. വ്യാഴാഴ്ച രാത്രി കാലിഫോര്‍ണിയയിലെ വാന്‍ഡര്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ രണ്ടാം ഘട്ട എഞ്ചിന്‍ പരാജയപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. 20 ഉപഗ്രഹങ്ങളാണ് റോക്കറ്റിലുണ്ടായിരുന്നത്.

ആദ്യ ഘട്ടം നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയും നിശ്ചയിച്ച രീതിയില്‍ ഭൂമിയില്‍ വന്ന് ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് എത്തിക്കേണ്ട റോക്കറ്റിന്റെ മുകളിലുള്ള രണ്ടാം ഘട്ട എഞ്ചിന്‍ തകരാറിലായി. ഇതേ തുടര്‍ന്ന് യഥാര്‍ത്ഥത്തില്‍ ഉപഗ്രഹങ്ങള്‍ വിന്യസിക്കേണ്ട ലോ എര്‍ത്ത് ഓര്‍ബിറ്റിന് താഴെയായി ഉപഗ്രങ്ങള്‍ വിന്യസിക്കേണ്ടി വന്നു.

ഈ ഉപഗ്രഹങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാണിപ്പോള്‍. അവയുടെ ഭ്രമണപഥം ഉയര്‍ത്തുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്. ഭൗമാന്തരീക്ഷത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ ഉപഗ്രഹങ്ങളെല്ലാം കത്തിനശിക്കും. ഉപഗ്രഹങ്ങളില്‍ അഞ്ചെണ്ണവുമായി സ്‌പേസ് എക്‌സിന് ബന്ധം സ്ഥാപിക്കാനായിട്ടുണ്ട്. ഇവയുടെ ഭ്രമണ പഥം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ഉള്‍പ്പെടയുള്ളവ ഇതിനായി പരിഗണിക്കുന്നുണ്ട്. മറ്റ് ഉപഗ്രങ്ങളുടെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല.ദൗത്യം വിജയിപ്പിക്കുന്നതിനായി അസാധാരണ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു. ഉപഗ്രഹങ്ങളിലെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്ത് അയോണ്‍ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കുന്നത്. അഞ്ച് ഉപഗ്രഹങ്ങളാണ് ഭീഷണി നേരിടുന്നത്.

ഉപഗ്രഹ വിക്ഷേപണങ്ങളില്‍ ഇതിനകം വിശ്വാസ്യത നേടിയെടുത്ത റോക്കറ്റാണ് ഫാല്‍ക്കണ്‍ 9. 69 വിക്ഷേപണങ്ങള്‍ ഇതിനകം ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നടത്തിയിട്ടുണ്ട്. 13 വിക്ഷേപണങ്ങള്‍ മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള ദൗത്യങ്ങളായിരുന്നു. വ്യാഴാഴ്ചയിലെ സംഭവം ഫാല്‍ക്കണ്‍ 9 ന്റെ സല്‍പേരിന് ഒരു കളങ്കമാണെങ്കിലും ഈ സാഹചര്യവും പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്‌പേസ് എക്‌സ്. ഇങ്ങനെ ഒരു അടിയന്തിര സാഹചര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നും അതിന് ഉപഗ്രഹങ്ങള്‍ക്ക് എന്തെല്ലാം കഴിവുകള്‍ ഉണ്ടായിരിക്കണം എന്നത് സംബന്ധിച്ചുള്ള ധാരണയുണ്ടാക്കിയെടുക്കാന്‍ സ്‌പേസ് എക്‌സിന് കഴിയും. ഭാവി ദൗത്യങ്ങളില്‍ അത് പ്രയോജനപ്പെടുത്തുകയും ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments