എത്ര പെട്ടന്നാണ് ജീവിതങ്ങൾ മാറിമറയുന്നത്.സന്തോഷവും സമാധാനവും നിറഞ്ഞു നിന്നിരുന്ന ഞവരക്കാട് നിശബ്ദമായി തേങ്ങുന്ന വീടായി മാറിക്കഴിഞ്ഞു. ആർക്കും ആരോടും അധികം മിണ്ടാട്ടമില്ല. എല്ലാ അർത്ഥത്തിലും ജീവച്ഛവം പോലെ ആര്യ. ആര്യ എന്നല്ല എല്ലാവരും ഏതാണ്ടതു പോലെ തന്നെ .ഭൂരിഭാഗം സമയവും ആര്യ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കും. അപ്പുവിന്റെ ഓർമ്മകളിൽ ലയിച്ചു കൊണ്ട്.ഒരിക്കൽ അവൾ മാലിനിയോട് പറഞ്ഞു. ”ബാംഗ്ലൂരിൽ ബി.എഡിനു ചേർന്നിരുന്നില്ലെങ്കിൽ എന്റെ ജീവിതത്തിന് എന്തെങ്കിലുമർത്ഥമുണ്ടാകുമായിരുന്നു.
അപ്പുവേട്ടൻ്റെ ഓർമ്മകളെ ഓമനിച്ചു കൊണ്ടു നടക്കാൻ എനിക്കവസരമുണ്ടാകുമായിരുന്നു.”
ആ പറഞ്ഞതിന്റെ അർത്ഥം മാലിനിക്ക് മനസ്സിലായി.
ആര്യയിലെ നിരാശ ഇല്ലാതാക്കാൻ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരുന്നു.
ജീവിതം അവസാനിച്ചിട്ടില്ല എന്ന് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ച സമയം ഒരിക്കൽ അവൾ മാലിനിയോടു ചോദിച്ചു.
”ഏടത്തിയമ്മക്ക് പേടിയുണ്ടോ ഞാനെന്തെങ്കിലും ചെയ്തു കളയുമെന്ന് .പേടിക്കണ്ട. അതിനൊന്നും എനിക്ക് കഴിയില്ല എന്റെ ഏട്ടൻ എട്ത്തിയമ്മ ശ്രീക്കുട്ടൻ ഒക്കെ ഉപേക്ഷിച്ച് എനിക്ക് പോവാനാവുമോ.എനിക്ക് കാണണം എന്റെ ശ്രീക്കുട്ടനെ .അവൻ വളരുന്നത് വലുതാവുന്നത്. വലിയ നിലയിലെത്തുന്നത്. നാടറിയുന്ന ആളാവുന്നത്.
ഞവരക്കാടിന്റെ പേര് അവനിലൂടെ പുറം ലോകമറിയുമ്പോൾ അവന്റെ ചെറിയമ്മയായി എനിക്ക് കുറേക്കാലം ജീവിക്കണം. ഈ പാടാക്കരയിൽ ഞവരക്കാട് ഈ ഞവരത്തോടും ,പാടവും ഒക്കെ കണ്ട് .നടന്നു പോവാൻ കഴിയുന്നിടത്തോളം എന്റെ ഭഗവതിയെ ചെന്ന് തൊഴുത് .”
അതൊരു മാറ്റമായി ഏവരും കണ്ടു. പഴയ പ്രസരിപ്പും ഉത്സാഹവുമൊന്നും ഇല്ലെങ്കിലും കുറെയൊക്കെ മാറ്റങ്ങൾ ഉണ്ടായി. രണ്ട് നേരവും അമ്പലത്തിൽ പോവും. ചിലപ്പോൾ ശ്രീക്കുട്ടനും സമയമുണ്ടെങ്കിൽ മാലിനിയും ചെല്ലും. ഇല്ലെങ്കിൽ ഒറ്റയ്ക്ക് .അഞ്ചെട്ട് മാസങ്ങൾ അങ്ങനെ കടന്നു പോയി. ഒരു ദിവസം അമ്പലത്തിൽ നിന്നും വരും വഴി തോട്ടറയ്ക്കൽ ദാസനെ കണ്ടു .വയസ്സനെ പോലെ തോന്നിക്കുന്ന രൂപമായിരിക്കുന്നു. എന്നും മദ്യപാനവും നാട്ടിലും വീട്ടിലും ബഹളവും തന്നെയാണത്രേ. അടിയുണ്ടാക്കാത്ത വാങ്ങാത്ത ദിവസങ്ങളില്ലത്രേ. ദാസനെ കണ്ടതും ആര്യ പേടിച്ചു പോയി. ഒറ്റയ്ക്കാണ് നടവരമ്പിലൂടെ എതിരേ വരികയാണ് ദാസൻ. പരിസരത്തെങ്ങും ആരുമില്ല.പുലർച്ചെയായതുകൊണ്ട് കുടിച്ചിരിക്കാൻ സാധ്യതയില്ല. എന്നാലും ആര്യയുടെ ഉള്ളു കാളി. ദാസൻ നടന്ന് അടുത്ത് എത്തുന്നതും ആര്യ വിറയ്ക്കാൻ തുടങ്ങി.സമീപമെത്തിയതും ദാസൻ ചോദിച്ചു
”അമ്പലത്തിൽ പോയതാ അല്ലേ?”
”അതെ”
”വിവരങ്ങൾ എല്ലാം ഞാനറിഞ്ഞു. എന്തു ചെയ്യും. ഒന്നും നമ്മുടെ കൈയിലല്ലല്ലോ.”
ദാസൻ ഒരരുകിലേക്ക് മാറി നിന്ന് ആര്യയ്ക്ക് വഴിയൊരുക്കി.അപ്രതീക്ഷിതമായ ദാസന്റെ ആ പെരുമാറ്റത്തിൽ അത്ഭുതം തോന്നിയെങ്കിലും രക്ഷപ്പെട്ടു എന്ന തോന്നലിൽആര്യ ധൃതിയിൽ നടന്നു പോന്നു. അല്പദൂരം കഴിഞ്ഞ് ഒന്ന് തിരിഞ്ഞു നോക്കി .ദാസൻ തിരിഞ്ഞു നോക്കാതെ നേരെ നടന്നു പോകുന്നു.
മാലിനിയോട് ഇക്കാര്യം പറഞ്ഞപ്പോൾ മാലിനി പറഞ്ഞു.
“പാവമായിരിക്കും ചെലപ്പോൾ കള്ളും കഞ്ചാവുമൊക്കെ ചെല്ലുമ്പോൾ ഓരോന്ന് തോന്നുന്നതായിരിക്കും.”
ആ വിഷയം പിന്നെ ചർച്ച ചെയ്തില്ല. മൂന്ന് ദിവസം കഴിഞ്ഞ്
രാമാനന്ദൻ മാഷ് വന്നപ്പോൾ പറഞ്ഞു.
“തോട്ടറയ്ക്കലെ ദാസൻ തൂങ്ങി മരിച്ചു. ”
“അതെയോ എപ്പോൾ എവിടെ ?”
മാലിനിയുടെ ചോദ്യമുയർന്നു.
“നെച്ചിത്തൊടിക്കാരുടെ പറങ്കൂച്ചിക്കാട്ടിലാത്രേ. ആ വഴിക്ക് ഒക്കെ ആര് പോവാനാ. രണ്ട് മൂന്ന് ദിവസായിട്ടുണ്ടാവും എന്നാ പറയണത്. നാറ്റം തുടങ്ങീണുത്രേ. അങ്ങനെയാണ് പുല്ലരിയാൻ പോയ ആർക്കോ സംശയം തോന്നി തിരഞ്ഞത്. ഏതായാലും അത് കഴിഞ്ഞു.വെറുതേ ഒരു ജന്മം.”
മാലിനിയും ആര്യയും മുഖത്തോട് മുഖം നോക്കി. ആര്യ പതിഞ്ഞ ശബ്ദത്തിൽ മാലിനിയോടായി പറഞ്ഞു.
“സത്യത്തിൽ അയാള് അയാളുടെ ജന്മം അയാൾക്ക് ഇഷ്ടമുള്ള പോലെ ജീവിച്ചു. മതീന്ന് തോന്നിയപ്പൊ നിർത്തുകയും ചെയ്തു.അത് വെറുതെ എന്ന് പറയാൻ പറ്റുമോ. ഭൂരിഭാഗം പേരുടേയും ജന്മവും വെറുതെ തന്നെയാണ് ഏട്ത്തിയമ്മേ. വെറുതെയല്ല എന്ന തോന്നലിൽ പലരും അങ്ങനെ മുന്നോട്ടു പോവുന്നു അത്ര മാത്രം.”
മാലിനി ഒന്നും മിണ്ടിയില്ല.
ദിവസങ്ങൾ സാധാരണ മട്ടിൽ ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു. വ്യത്യസ്തമായി ഒരു സംഭവം ഈ കാലയളവിൽ ഉണ്ടായത് ഒരിക്കൽ ആര്യയെ മുരളി കണ്ടു സംസാരിച്ചു എന്നതാണ്. അതും അമ്പലത്തിൽ നിന്നും വരുന്ന വഴി. യാദൃച്ഛികമായി കണ്ടതല്ല. കാണാൻകാത്തു നിൽക്കുകയായിരുന്നു മുരളി.
ചോദ്യം ഇതായിരുന്നു.
“ആര്യേ ഞാൻ ഞവരക്കാട്ടേക്ക് വന്നോട്ടെ.അച്ഛനേയും ഏട്ടനേയും കണ്ടോട്ടെ.
ധൈര്യമായി ചോദിച്ചോട്ടെ ആര്യയെ എനിക്ക് തരുമോ എന്ന്. ”
“നിങ്ങൾക്ക് എന്നേ വരാമായിരുന്നല്ലോ. വന്നില്ലല്ലോ . ധൈര്യമായി തന്നെ ചോദിക്കാമായിരുന്നല്ലോ. ചോദിച്ചില്ലല്ലോ .
അന്നത് ചെയ്തിരുന്നെങ്കിൽ വേണ്ട എന്നൊരു വാക്ക് ഞാൻ പറയുമായിരുന്നില്ല.സത്യം അതിനെനിക്ക് കഴിയുമായിരുന്നില്ല. ആര്യയുടെ കണ്ണീര് കാലിൽ വീണാൽ എന്റെ രാമേട്ടൻ കൂടെ നിൽക്കുമായിരുന്നു.എന്റെ ഏട്ത്തിയമ്മ കൂടെയുണ്ടാവുമായിരുന്നു. വേണമെങ്കിൽ ഞാൻ കാത്തിരിക്കുകയും ചെയ്യുമായിരുന്നു. എത്രകാലം വേണമെങ്കിലും . ഇനി വേണ്ട.എനിക്കാവില്ല.എന്റെ മനസ്സിൽ അപ്പുവേട്ടനുണ്ട്. ആ സ്ഥാനത്ത് ആ ഒരാൾ മാത്രമേയുള്ളൂ . കുറഞ്ഞ കാലമേ കൂടെയുണ്ടായുള്ളൂ. എന്നാലും തന്നത് ഒരു ജന്മത്തിന്റെ സ്നേഹമാണ് കരുതലാണ്.”
മുരളി നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
മുന്നോട്ട് നടന്ന ആര്യ തിരിഞ്ഞു നിന്ന് ഇത്ര കൂടി പറഞ്ഞു.
“പുതിയജീവിതമുണ്ടാവണം.പ്രതീക്ഷയുണ്ടാവണം. അപ്പോഴും
എന്നെ പ്രാണനാണ് എന്ന് പറഞ്ഞ ഒരു സ്നേഹമുണ്ടല്ലോ.കഴിയുമെങ്കിൽ അതവിടെ ഇരുന്നോട്ടെ. ആർക്കും ഉപദ്രവമില്ലാതെ. പാടാക്കര ഭഗവതിയെ സാക്ഷിയാക്കി അത് പറഞ്ഞ ആ ഒരു നിമിഷം എന്റെ പ്രാണൻ പോകും വരെ ഞാനും ഓർക്കും. വെറുതെ. ഓർമ്മ വെച്ച നാൾ മുതൽ ആ മനസ്സിൽ ഞാനായിരുന്നു എന്ന സന്തോഷം ഓർമ്മ മറയും വരെ ഞാനും കൊണ്ടു നടന്നോട്ടെ. ആരുമറിയാതെ.”
കണ്ണുകൾ നനഞ്ഞിരുന്നെങ്കിലും മുരളിക്ക്
വിഷാദം നിറഞ്ഞ ഒരു ചിരി സമ്മാനിച്ച് ആര്യ പതിയേ നടന്നു.
ദിവസങ്ങൾ നീങ്ങി.
ഞവരക്കാട് തറവാടിനെയാകെ പിടിച്ചുലയ്ക്കാൻ പ്രാപ്തമായ മറ്റൊരു വലിയ ദുരന്തം വട്ടമിട്ടു പറക്കുന്നുണ്ടെന്നറിയാതെ.