ലണ്ടൻ: ഓസ്കർ പുരസ്കാര ജേതാവും ടൈറ്റാനിക്, അവതാർ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവുമായ ജോൺ ലാൻഡോ(63) അന്തരിച്ചു. കുടുംബാംഗങ്ങൾ പ്രസ്താവനയിലൂടെ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. എന്നാൽ മരണകാരണം വ്യക്തമാക്കിയിട്ടില്ല.
സംവിധായകൻ ജെയിംസ് കാമറൂണുമൊന്നിച്ചാണ് ലാൻഡോ ലോകസിനിമയിലെ തന്നെ രണ്ട് വമ്പൻ ചിത്രങ്ങളായ ടൈറ്റാനിക്കും അവതാറും നിർമിച്ചത്. ലാൻഡോ തന്റെ നല്ലൊരു സുഹൃത്തായിരുന്നെന്നും 31 വർഷമായുള്ള സഹകാരിയാണെന്നും ജെയിംസ് കാമറൂൺ അനുസ്മരിച്ചു. തന്റെ ഒരു ഭാഗംതന്നെയാണ് ശിഥിലമായതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു.
അദ്ദേഹത്തിൻ്റെ നിഷ്കളങ്കമായ നർമ്മം, വ്യക്തിപരമായ ആകർഷണീയത, തീക്ഷ്ണത തുടങ്ങിയവ നമ്മുടെ അവതാർ പ്രപഞ്ചത്തിൻ്റെ കേന്ദ്രബിന്ദുവായി ഏകദേശം രണ്ട് പതിറ്റാണ്ടുകളായി നിലകൊള്ളും. അദ്ദേഹത്തിൻ്റെ പൈതൃകം അദ്ദേഹം നിർമ്മിച്ച സിനിമകൾ മാത്രമല്ല, അദ്ദേഹം സ്ഥാപിച്ച വ്യക്തിപരമായ മാതൃകയാണ്,” കാമറൂൺ പറഞ്ഞു.
അവതാറിൽ ഒരു സുപ്രധാനവേഷത്തിലെത്തിയ നടി സോ സാൽദാനയും ലാൻഡോയെ അനുസ്മരിച്ചു. നിങ്ങളുടെ ജ്ഞാനവും പിന്തുണയുമാണ് ഞങ്ങളിൽ പലരെയും രൂപപ്പെടുത്തിയത്. ഞങ്ങൾ എപ്പോഴും നന്ദിയുള്ളവരായിരിക്കും. നിങ്ങളുടെ പൈതൃകം ഞങ്ങളെ പ്രചോദിപ്പിക്കുകയും ഞങ്ങളുടെ യാത്രയിൽ നയിക്കുകയും ചെയ്യും. സാൽദാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ജൂലിയാണ് ജോൺ ലാൻഡോയുടെ ഭാര്യ. ജാമി, ജോഡീ എന്നിവരാണ് മക്കൾ.