Friday, October 18, 2024
Homeകേരളംഅച്ഛനും സഹോദരിയുമുറങ്ങുന്ന മണ്ണിൽ ഇനി അരുണിന് അന്ത്യവിശ്രമം; ദുരന്തങ്ങൾ വിട്ടുമാറാത്ത കുര്യാത്തിയിലെ വീട്.

അച്ഛനും സഹോദരിയുമുറങ്ങുന്ന മണ്ണിൽ ഇനി അരുണിന് അന്ത്യവിശ്രമം; ദുരന്തങ്ങൾ വിട്ടുമാറാത്ത കുര്യാത്തിയിലെ വീട്.

തിരുവനന്തപുരം; കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച തിരുവനന്തപുരം ഉഴമലയ്ക്കൽ കുര്യാത്തി സ്വദേശി അരുൺബാബുവിന്റെ കുടുംബത്തിനിത് മൂന്നാമത്തെ ദുരന്തമാണ്.7 വർഷം മുമ്പ് അച്ഛനും 5 വർഷം മുമ്പ് സഹോദരിയും വിടവാങ്ങിയ വീട്ടിലേക്കാണ് ചേതനയറ്റ് ഇന്ന് അരുൺബാബുവും എത്തുന്നത്. പിതാവ് ബാബുവിന്റെ മരണത്തോടെ അരുണിന്റെ തണലിലായിരുന്നു കുടുംബം.അച്ഛന്റെ വിടവ് അറിയിക്കാതെ അമ്മയെയും സഹോദരിയെയും പൊന്നുപോലെയാണ് അരുൺ നോക്കിയിരുന്നത്.എന്നാൽ നഴ്‌സിംഗ് പഠനത്തിനിടെ അഞ്ച് വർഷം മുമ്പ് അരുണിന്റെ സഹോദരി അർച്ചന പനിബാധിച്ച് മരിച്ചത് കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

ഈ ദുരന്തമേൽപ്പിച്ച ആഘാതം മറികടക്കും മുമ്പേ വലിയമ്മയുടെ മകൾ ആതിരയുടെ മരണം. ആതിര മരിച്ചിട്ട് ഇന്നലെ ഒരു വർഷം പൂർത്തിയാകവേ അരുണിന്റെ ചേതനയറ്റ ശരീരം പ്രതീക്ഷിച്ചിരിക്കേണ്ട ദുർവിധിയും ആ കുടുംബത്തെ തേടിയെത്തി.
അടച്ചുറപ്പുള്ള വീട് എന്ന ആഗ്രഹം ബാക്കിയാണ് അരുൺ യാത്രയാകുന്നത്. അമ്മയെയും ഭാര്യയെയും രണ്ട് പെൺകുഞ്ഞുങ്ങളെയും സ്വന്തം വീട്ടിലേക്ക് മാറ്റാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു അരുൺ.കുവൈത്തിൽ ഡ്രൈവറായും കെട്ടിട നിർമാണ ജോലിക്കാരനായുമൊക്കെ ജോലി ചെയ്ത് കിട്ടുന്ന പണമത്രയും അയച്ചത് ഉഴമലയ്ക്കലെ പാതി പൂർത്തിയായ വീട്ടിലേക്കായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി കുവൈത്തിലാണ് അരുൺ.

കോവിഡിനെ തുടർന്ന് ഇടയ്ക്ക് നാട്ടിലെത്തിയെങ്കിലും പുതിയ വിസയിൽ 8 മാസം മുമ്പ് വീണ്ടും തിരിച്ചു പോയി. കുവൈത്തിൽ എൻബിടിസി എന്ന കമ്പനിയിലെ ഷോപ്പ് അഡ്മിനായാണ് അരുൺ ജോലി ചെയ്തിരുന്നത്.ചൊവ്വാഴ്ച വൈകിട്ട് മാതാവിനെ വിളിച്ചതായിരുന്നു നാട്ടിലെത്തിയ അവസാന ഫോൺകോൾ. അരുണിന്റെ മൃതദേഹം അൽപസമയത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്നാണ് വിവരം.പൂവത്തൂരിലെ ഭാര്യവീട്ടിലാണ് ആദ്യമെത്തിക്കുക. അരമണിക്കൂർ ഇവിടെ പൊതുദർശനം നടത്തിയ ശേഷം കുര്യാത്തിയിലെ സ്വവസതിയിലേക്ക് കൊണ്ടുപോകും.

മന്ത്രി ജി.ആർ അനിൽ, എംഎൽഎ ജി സ്റ്റീഫൻ എന്നിവർ പൂവത്തൂരിലെ അരുൺ ബാബുവിന്റെ വീട്ടിലെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments