Monday, November 18, 2024
Homeകേരളംതെളിവുണ്ടായിട്ടും ഗൂഗിൾ പേ വഴി അയച്ച പണം കിട്ടിയില്ലെന്ന്‌ കടക്കാരൻ; നിയമനടപടിയിലൂടെ നഷ്ടപരിഹാരം.

തെളിവുണ്ടായിട്ടും ഗൂഗിൾ പേ വഴി അയച്ച പണം കിട്ടിയില്ലെന്ന്‌ കടക്കാരൻ; നിയമനടപടിയിലൂടെ നഷ്ടപരിഹാരം.

കോഴിക്കോട്: ചെരുപ്പ് വാങ്ങി ഗൂഗിൾ പേ വഴി പണവും നൽകി, എന്നാൽ പണം അക്കൗണ്ടിൽ കയറിയില്ലെന്ന് കടക്കാരൻ. കൂടാതെ ഒരു ആയിരം രൂപയല്ലേയെന്ന ചോദ്യവും. വേണേൽ കേസ് കൊട്എന്ന രീതിയിൽ പ്രതികരിച്ച കടക്കാരനിൽനിന്നും ആയിരം രൂപയും നഷ്ടപരിഹാരമായി 5000 രൂപയും നിയമനടപടിയിലൂടെ വാങ്ങി കോഴിക്കോട് കാക്കൂർ സ്വദേശി ഫെബിന.
കഴിഞ്ഞ ജനുവരിയിലാണ് നഗരത്തിലെ ഒരു മാളിലെ കടയിൽ ചെരുപ്പ് വാങ്ങാനായി ഫെബിന ചെന്നത്.

1000 രൂപ വില വരുന്ന ചെരുപ്പ് ഇഷ്ടപ്പെടുകയും പാക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഗൂഗിൾ പേ വഴി ചെരുപ്പിന്റെ പണവും നൽകി. എന്നാൽ പൈസ അക്കൗണ്ടിൽ ക്രെഡിറ്റായില്ല എന്നായിരുന്നു കടക്കാരന്റെ മറുപടി. ട്രാൻസാക്ഷൻ ഡീറ്റെയിൽസും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ഡെബിറ്റായതായി വന്ന മെസേജും ഉണ്ടായിട്ടും കടക്കാരൻ പണം കിട്ടിയില്ല എന്ന് പറഞ്ഞ് ചെരിപ്പ് നൽകിയില്ല.
തുടർന്നുള്ള ദിവസങ്ങളിൽ കടക്കാരുമായി ബന്ധപ്പെട്ടപ്പോഴെല്ലാം അവരുടെ അക്കൗണ്ടിലേക്ക് പൈസ കയറിയിട്ടില്ല എന്ന് തന്നെയായിരുന്നു മറുപടി. തുടർന്ന് ഫെബിന ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴും, ഗൂഗിൾ പേ ആപ്പുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലും പൈസ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ചെരുപ്പ് വാങ്ങിയ അന്ന് തന്നെ ക്രെഡിറ്റ് ആയതായി ബോധ്യമായി.

തുടർന്നും സ്ഥാപനത്തെ ബന്ധപ്പെട്ടപ്പോൾ സ്ഥാപനത്തിൽ നിന്നും രേഖാമൂലം ഇമെയിൽ വഴി അവരുടെ അക്കൗണ്ടിലേക്ക് പൈസ കയറിയിട്ടില്ല എന്നായിരുന്നു മറുപടി.
ആയിരം രൂപയല്ലെ അത് അവിടെ കിട്ടിയില്ല വേണേൽ കേസ് കൊട് എന്ന രീതിയിൽ കടക്കാരൻ പ്രതികരിച്ചപ്പോഴാണ് ഫെബിന, എല്ലാ രേഖകളും വെച്ച് കൺസ്യൂമർ കോടതിയിൽ പരാതി നൽകിയത്. രണ്ടു മാസത്തിനുള്ളിൽ തന്നെ അഞ്ച് ഹിയറിങ് നടത്തി. പണം സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ചെരുപ്പിന്റെ പൈസയും കൂടാതെ ഈ കാലഘട്ടത്തിൽ യുവതിക്ക് അനുഭവിക്കേണ്ടിവന്ന മാനസിക വിഷമം കണക്കിലെടുത്ത് 5000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് കോടതി വിധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments