തൃശൂർ കരുവന്നൂരിൽ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു. എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. മൂന്ന് രൂപ ചില്ലറ ഇല്ലാത്തതിന് പവിത്രൻ 500 രൂപ നൽകിയതിനാണ് കണ്ടക്ടർ മർദ്ദിച്ചത്.
തൃശ്ശൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്കു വരുകയായിരുന്ന ശാസ്താ ബസിൽ വെച്ച് ഏപ്രിൽ രണ്ടിനായിരുന്നു സംഭവം. കരുവന്നൂർ രാജാ കമ്പനിയുടെ സമീപത്തുനിന്നാണ് പവിത്രൻ ബസ് കയറിയത്. ബംഗ്ലാവിനടുത്തുള്ള കെ.എസ്.ഇ.ബി. ഓഫീസിൽ വൈദ്യുതിബിൽ അടയ്ക്കാൻ പോകുകയായിരുന്നു. ആദ്യം 10 രൂപ നൽകിയെങ്കിലും 13 രൂപയാണ് ബസ് ചാർജെന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ ചില്ലറയില്ലാത്തതിനാൽ അഞ്ഞൂറ് രൂപ നൽകി. തിരിച്ച് 480 രൂപയാണ് കണ്ടക്ടർ നൽകിയത്. ബാക്കി തുകയുടെ പേരിൽ ഇരുവരും തമ്മിൽ തർക്കമായി.
ഇതിനിടയിൽ പവിത്രന് ഇറങ്ങേണ്ട ബംഗ്ലാവ് സ്റ്റോപ്പും കഴിഞ്ഞിരുന്നു. പുത്തൻതോട് സ്റ്റോപ്പിൽ ബസ് നിർ ത്താൻ തുടങ്ങിയപ്പോൾ ഇറങ്ങാൻ ശ്രമിച്ച പവിത്രനെ ഊരകം സ്വദേശിയായ കണ്ടക്ടർ രതീഷ് പിന്നിൽനിന്ന് ചവിട്ടി. നിയന്ത്രണം വിട്ട് തലയിടിച്ചു വീണ പവിത്രന് ആഴത്തിൽ മുറിവേറ്റു. വീണുകിടന്ന പവിത്രന്റെ തല പിടിച്ച് കണ്ടക്ടർ കല്ലിൽ ഇടിച്ചു. സംഭവം കണ്ട നാട്ടുകാരാണ് കണ്ടക്ടറെ പിടിച്ചുമാറ്റി പവിത്രനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇദ്ദേഹത്തെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശ്ശൂരിലെ ആശുപത്രിയിലേക്കും മാറ്റി.
പരുക്ക് ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ 14ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്ക് ഇന്ന് രാവിലെയായിരുന്നു മരണം. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത് കണ്ടക്ടർ രതീഷ് റിമാൻഡിലാണ്.