ഹൈദരാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിനായിരുന്നു ആർബിസി കീഴടക്കിയത്. സ്കോർ:- ബംഗളൂരു 206-7 (20), ഹൈദരാബാദ് 171-8 (20).
ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (12 പന്തിൽ 25), വിൽ ജാക്സ് (6) എന്നിവരെ നഷ്ടപ്പെട്ടപ്പോൾ ആർസിബിയുടെ സ്കോർ ഏഴ് ഓവറിൽ 65/2 എന്ന നിലയിലായിരുന്നു.
വിരാട് കോഹ്ലിയും (43 പന്തിൽ 51) രജത് പാട്ടിദാറും (20 പന്തിൽ 50) ചേർന്ന് മൂന്നാം വിക്കറ്റിൽ 65 റണ്‍സ് നേടി. പാട്ടിദാർ നടത്തിയ കടന്നാക്രമണമാണ് ആർബിസി ഇന്നിംഗ്സ് 200 കടക്കാൻ സഹായകമായത്. അഞ്ച് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു പാട്ടിദാറിന്റെ ഇന്നിംഗ്സ്.
കോഹ്ലിയുടെ 53-ാം ഐപിഎൽ അർധശതകമാണ് ഇന്ന് പിറന്നത്. ഒരു സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ഹൈദരാബാദിനായി ജയദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. നടരാജൻ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് തുടക്കം മുതൽ കണക്കുകൾ പിഴച്ചു. ആദ്യ ഓവറിൽ തന്നെ സൂപ്പർ താരം ട്രാവിസ് ഹെഡിനെ (1) ഹൈദരാബാദിന് നഷ്ടമായി. 85 റണ്‍സിനിടെ ആറ് വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. അഭിഷേക് ശർമ (31) എയ്ഡൻ മാർക്രം (7), നിതീഷ് റെഡ്ഡി (13), ഹെൻറിച്ച് ക്ലാസൻ (7) എന്നിവരെല്ലാം ബംഗളൂരു ബൗളിംഗിനു മുന്നിൽ പരാജയപ്പെട്ടു.
40 റണ്‍സ് നേടിയ ഷഹബാസ് അഹമ്മദാണ് ഹൈദരാബാദ് നിരയിൽ ടോപ് സ്കോറർ. പാറ്റ് കമ്മിൻസ് 31 റണ്‍സും നേടി.
ബംഗളൂരുവിനായി കാമറൂണ്‍ ഗ്രീനും കരണ്‍ ശർമ്മയും സ്വപ്നിൽ സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബംഗളൂരുവിന്റെ രണ്ടാം ജയമായിരുന്നു ഇത്.