ലോക്സഭാ തെരഞ്ഞെടുപ്പ് : 24 വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ ജില്ലയില്‍ 144 പ്രഖ്യാപിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന 24 വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു വരെ ( 27 രാവിലെ ആറു മണി) പത്തനംതിട്ട ജില്ലയില്‍ 144 പുറപ്പെടുവിച്ച് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.
നിരോധനാജ്ഞാ കാലയളവില്‍ നിയമവിരുദ്ധമായ സംഘംചേരല്‍ , പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍ , ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, അഭിപ്രായസര്‍വേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് സര്‍വേകളോ സംപ്രേഷണം ചെയ്യല്‍, പോളിംഗ് സ്റ്റേഷനില്‍ നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, ക്രമസമാധാന പാലന ചുമതലയുള്ളവര്‍, പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ സെല്ലുലാര്‍, കോര്‍ഡ്ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം, പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവരുടെ, പോളിംഗ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവിലുള്ള കോര്‍ഡ്ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം, പോളിംഗ് ദിനത്തില്‍ പോളിംഗ് സ്റ്റേഷന് 200 മീറ്റര്‍ പരിധിയില്‍ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തല്‍, പോളിംഗ് സ്റ്റേഷന് 200 മീറ്റര്‍ പരിധിക്ക് പുറത്ത് ഒന്നിലധികം ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കല്‍, ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 ബി പ്രകാരം ആയുധം കൈവശം വെയ്ക്കാന്‍ അനുമതിയുള്ളവര്‍ ഒഴികെയുള്ളവര്‍ പോളിംഗ് സ്റ്റേഷനിലോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദര്‍ശിപ്പിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്യല്‍ എന്നിവയ്ക്ക് നിരോധനമുണ്ട്.
വോട്ടിംഗ് കേന്ദ്രം, ഷോപ്പിംഗ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്റര്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, വിവാഹം പോലുള്ള സാമൂഹിക ചടങ്ങുകള്‍, സ്വകാര്യ പരിപാടികള്‍ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല. അവശ്യസേവന വിഭാഗം ജീവനക്കാര്‍, ക്രമസമാധാന ജോലിയുള്ളവര്‍ എന്നിവര്‍ക്കും നിരോധനം ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഇന്ന് (24) വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് ദിവസമായ 26 ന് വൈകുന്നേരം ആറു വരെ ജില്ലയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി. രണ്ട് ദിവസം (48 മണിക്കൂര്‍) ആണ് ജില്ലയില്‍ മദ്യവില്‍പ്പന ശാലകള്‍ അടച്ചിടുക. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സമാധാനപരവും സുഗമവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തിന്റെ ഭാഗമായാണ് 48 മണിക്കൂര്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല.
26ന് അവധി
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.
കേരളം ലോക്‌സഭയില്‍-തെരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച കേരളം ലോക്‌സഭയില്‍ – തെരഞ്ഞെടുപ്പ് ചരിത്രം 1952-2019′ എന്ന തെരഞ്ഞെടുപ്പ് ഗൈഡിന്റെ ജില്ലാതല പ്രകാശനം വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. ആദ്യ കോപ്പി എഡിഎം ജി സുരേഷ് ബാബു ഏറ്റുവാങ്ങി. 1952 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് രീതി വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഗൈഡ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചരിത്രം, സംസ്ഥാനങ്ങളിലെ സീറ്റ് വിവരങ്ങള്‍, ബാലറ്റില്‍ നിന്നും ഇവിഎമ്മിലേക്കുള്ള മാറ്റത്തിന്റെ ചരിത്രം, തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രിമാര്‍, മത്സരിച്ചിട്ടുള്ള സാഹിത്യ പ്രതിഭകള്‍, തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവിധ ആപ്പുകളുടെ പരിചയപ്പെടുത്തല്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റഫറന്‍സ് ഗ്രന്ഥമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി പത്മചന്ദ്രകുറുപ്പ്, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് സന്തോഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ ടി രമ്യ, കാഞ്ഞിരപ്പള്ളി എആര്‍ഓ ഷാജി ക്ലമന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ചെലവുകളുടെ മൂന്നാംഘട്ട പരിശോധന പൂര്‍ത്തിയായി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പു ചെലവുകളുടെ മൂന്നാംഘട്ട പരിശോധന ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ ഐആര്‍എസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളും പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരും നിശ്ചിത മാതൃകയില്‍ തയാറാക്കിയ വരവുചെലവു കണക്കുകള്‍, വൗച്ചറുകള്‍, ബില്ലുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ യോഗത്തില്‍ ഹാജരാക്കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശോധനയില്‍ ഏഴു നിയമസഭാ മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍ തയാറാക്കിയ ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകള്‍ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകളുമായി ഒത്തുനോക്കി. ഇവ രണ്ടും തമ്മില്‍ വത്യാസമുള്ള സാഹചര്യത്തില്‍ കണക്കുകള്‍ 48 മണിക്കൂറിനുള്ളില്‍ ടാലിയാക്കി നല്‍കണമെന്ന് ഒബ്സര്‍വര്‍ നിര്‍ദേശം നല്‍കി.
ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ ചെലവുകള്‍ അതത് സ്ഥാനാര്‍ഥികളുടെ ചെലവിനത്തില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വരണാധികാരി കൂടിയായ ജിലാ കളക്ടര്‍ ഉത്തരവായി. യോഗത്തില്‍ സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥി പ്രതിനിധികള്‍, എ ആര്‍ ഒ മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
അവലോകന യോഗം ഇന്ന് (24)
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഇന്ന് (24) അവലോകനയോഗം ചേരും. ഉച്ചയ്ക്ക് 12 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എല്ലാ സ്ഥാനാര്‍ഥികള്‍/ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, ജില്ലാ പോലീസ് മേധാവി, എഡിഎം, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, ട്രെയ്നിംഗ് നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വോട്ടെടുപ്പിന്റെ അന്നും തലേന്നുമുള്ള അച്ചടിമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക്
മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ തലേദിവസവും (ഏപ്രില്‍ 25) വോട്ടെടുപ്പു ദിവസവും (ഏപ്രില്‍ 26) അച്ചടിമാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിക്കാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.)യുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമായ എം.സി.എം.സി. ജില്ലാതല കമ്മിറ്റിയാണ് പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തിലെ പ്രീ സര്‍ട്ടിഫിക്കേഷനുള്ള അപേക്ഷ സ്വീകരിക്കുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും. അപേക്ഷ നല്‍കി 24 മണിക്കൂറിനകം സര്‍ട്ടിഫിക്കേഷന്‍ നല്‍കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കളക്ടറേറ്റിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പി സഹിതമാണ് നിര്‍ദിഷ്ടമാതൃകയില്‍ അപേക്ഷ നല്‍കേണ്ടത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന തിയതിക്കു രണ്ടുദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണം.
സംസ്ഥാന/ജില്ലാ തല എം.സി.എം.സി. സമിതിയുടെ പ്രീസര്‍ട്ടിഫിക്കേഷനില്ലാതെ വോട്ടെടുപ്പുദിവസമോ തലേന്നോ രാഷ്ട്രീയപാര്‍ട്ടികളോ, സ്ഥാനാര്‍ഥികളോ, വ്യക്തികളോ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്നു തെരഞ്ഞെടുപ്പു കമ്മിഷന്റെ കര്‍ശന നിര്‍ദേശമുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതോ, അവഹേളിക്കുന്നതോ ആയ പരസ്യങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ അച്ചടിമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളില്‍ വരുന്ന ഇത്തരം പരസ്യങ്ങള്‍ സംബന്ധിച്ചു വിശദീകരണം നടത്താനോ നിഷേധിക്കാനോ സ്ഥാനാര്‍ഥി കള്‍ക്ക് അവസരം ലഭിക്കാന്‍ സമയം ലഭിക്കാത്തതു കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം.
പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ട് ചെയ്യണം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തപാല്‍വോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലെത്തി (വിഎഫ്‌സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഏപ്രില്‍ 22 ന് വൈകിട്ട് 5 വരെ സംസ്ഥാനത്ത് 9,184 ഉദ്യോഗസ്ഥര്‍ തപാല്‍വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
പോളിങ് ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളളവരും ഫോം 12ല്‍ പോസ്റ്റല്‍ വോട്ടിന് വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിച്ചവരുമായ ജീവനക്കാര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരം. എല്ലാ ജില്ലകളിലെയും ജില്ലാ കളക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസിലും വിതരണകേന്ദ്രങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ പ്രകാരമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുമായി വിഎഫ്സികളിലെത്തി തപാല്‍ വോട്ട് രേഖപ്പെടുത്താവുന്നതാണ്. പോളിംഗ് സ്റ്റേഷന് സമാനമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയാണ് വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു
ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള 1,162 ഉദ്യോഗസ്ഥര്‍ ഇതുവരെ വോട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ വോട്ടു രേഖപ്പെടുത്തിയ മണ്ഡലം മാവേലിക്കരയാണ്- 432 വോട്ട്. പത്തനംതിട്ട മണ്ഡലത്തിലെ 78 വോട്ടുകളാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായി നിയോജകമണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ പോസ്റ്റല്‍ ബാലറ്റ് വഴിയാണ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഫോണ്‍ മുഖേനയും ഓണ്‍ലൈനായും പരിശോധിക്കാനുള്ള മാര്‍ഗങ്ങള്‍ :
വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് വിളിക്കുക. എസ് ടി ഡി കോഡ് ചേര്‍ത്ത് വേണം വിളിക്കാന്‍. തുടര്‍ന്ന് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും.
വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് എസ് എം എസ് അയക്കാം. ഇസിഐ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം ഇലക്ഷന്‍ ഐഡികാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയക്കുക. വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ് എം എസ് ആയി ലഭിക്കും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ eci.gov.in ല്‍ പ്രവേശിച്ച് ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിക്കഴിഞ്ഞാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും.
വോട്ടര്‍ഹെല്‍പ്പ് ലൈന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയും പരിശോധിക്കാവുന്നതാണ്.
വീട്ടില്‍ വോട്ട്: ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ വോട്ട് ചെയ്യുന്നതിന് ജില്ലയില്‍ ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് പ്രക്രിയയിലൂടെ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 11,643 പേര്‍. 85 വയസിന് മുകളില്‍ പ്രായമുള്ള 9,624 പേരും ഭിന്നശേഷിക്കാരായ 2,019 പേരും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് തുടരും. മണ്ഡലത്തില്‍ ആകെ 12,367 അര്‍ഹരായ വോട്ടര്‍മാരാണുള്ളത്. 12 ഡി പ്രകാരം അപേക്ഷ നല്‍കിയ അര്‍ഹരായ വോട്ടര്‍മാരുടെ വീടുകളില്‍ സ്‌പെഷ്യല്‍ പോളിങ് ടീമുകള്‍ എത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. ഒരു പോളിങ് ഓഫീസര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, പോളിങ് അസിസ്റ്റന്റ്, പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങിയ സംഘമാണ് വീടുകളിലെത്തിയത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ നടന്ന വീട്ടില്‍ വോട്ട് പ്രക്രിയ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ഇ.ടി.പി.ബി.എസ്: ജില്ലയില്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 208 സര്‍വീസ് വോട്ടര്‍മാര്‍
ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) വഴി മണ്ഡലത്തില്‍ ഏപ്രില്‍ 22 വരെ വോട്ട് രേഖപെടുത്തിയത് 208 സര്‍വീസ് വോട്ടര്‍മാര്‍. ഏഴ് നിയമസഭാ മണ്ഡലത്തിലെ അര്‍ഹരായ 4256 സര്‍വീസ് വോട്ടര്‍മാര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേകം സജ്ജമാക്കിയ പോര്‍ട്ടല്‍ വഴി ഇ-ബാലറ്റുകള്‍ അയച്ചത്.
സൈനിക-അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സര്‍വീസ് വോട്ട് ചെയ്യാന്‍ അവസരം. സര്‍വീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കാനുള്ള സംവിധാനമാണ് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്). സര്‍വീസ് വോട്ടര്‍മാര്‍ ജോലി ചെയ്യുന്ന വകുപ്പുതല മേധാവിക്കാണ് ഇ-ബാലറ്റുകള്‍ ലഭിക്കുക. പ്രത്യേക യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വകുപ്പുതല മേധാവിക്ക് ഓഫീസിന് കീഴിലുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും. ബാലറ്റ് പേപ്പര്‍, വോട്ടുചെയ്ത ശേഷം തിരിച്ചയക്കുന്നതിനുള്ള കവര്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വകുപ്പ് മേധാവി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യും. വോട്ട് ചെയ്ത ശേഷം അവ വകുപ്പുതല മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടു കൂടി ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ക്ക് തപാല്‍ മാര്‍ഗം അയച്ചു നല്‍കണം. ക്യു.ആര്‍. കോഡ് സംവിധാനം ഉപയോഗിച്ചാണ് കൗണ്ടിങ് സമയത്ത് ഈ പോസ്റ്റല്‍ ബാലറ്റിന്റെ സാധുത പരിശോധിക്കുക. സാധുവായ പോസ്റ്റല്‍ ബാലറ്റ് മാത്രമേ കൗണ്ടിങ്ങിനായി പരിഗണിക്കൂ.
വിഎഫ്‌സി: ഇന്ന് (24) വരെ വോട്ട് രേഖപ്പെടുത്താം
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ പരിശീലന കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാതിരുന്ന ജീവനക്കാര്‍ക്ക് ഇന്ന് (24) വരെ വോട്ട് രേഖപ്പെടുത്താം. മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററായ പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ടവകാശം വിനിയോഗിക്കാമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച് എസ് എസില്‍ വോട്ട് രേഖപ്പെടുത്താം. ഡ്യൂട്ടി ഓര്‍ഡര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുമായി സെന്ററില്‍ എത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.
പരസ്യ പ്രചാരണം ഇന്ന് (24)അവസാനിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് (24) വൈകിട്ട് ആറിന് അവസാനിക്കും. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവയും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ പാടില്ല. പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലത്തിനു പുറത്തു പോകണം. നാളെ (25) ന് നിശബ്ദ പ്രചാരണശേഷം 26 ന് പത്തനംതിട്ട പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
നിരീക്ഷണത്തിന് 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി
പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ് ടീമുകളെക്കൂടി നിയോഗിച്ച് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി. ജോലി ഭാരം കണക്കിലെടുത്താണ് പത്തനംതിട്ടയിലെ അഞ്ച് നിയോജക മണ്ഡലത്തിലും ഓരോ അധിക ടീമിനെകൂടി നിയോഗിച്ചത്. ഈ ടീമുകള്‍ ഇന്ന് (24) രാവിലെ എട്ടുമുതല്‍ കര്‍മ്മനിരതരാവും.