Monday, December 23, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 09 | ചൊവ്വ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 09 | ചൊവ്വ

കപിൽ ശങ്കർ

🔹സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് കോട്ടയം മണ്ഡലത്തിലാണ്, ഏറ്റവും കുറവ് ആലത്തൂരിലുമാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം അപരന്‍മാര്‍ മത്സര രംഗത്തുണ്ട്.

🔹പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്ഫോടനം നടന്നയുടനെ ഒളിവില്‍പ്പോയ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31), കെ. അക്ഷയ് (29) എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഇതോടെ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ച കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. അറസ്റ്റിലായവരില്‍ അമല്‍ ബാബു, അതുല്‍, സായൂജ്, ഷിജാല്‍ എന്നിവര്‍ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്ഐ നേതൃത്വവും സ്ഥിരീകരിച്ചു.

🔹തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പിണറായി വിജയന്‍ 3200 രൂപ നല്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. അടുത്ത ഗഡു കിട്ടണമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 8000 രൂപയുടെ ക്ഷേമപെന്‍ഷന്‍ ഇനിയും കൊടുക്കാനുള്ളപ്പോള്‍ 3200 രൂപ കൊടുത്തത് വലിയ സംഭവമായി പിണറായി വിജയന്‍ കൊണ്ടാടുന്നത് 62 ലക്ഷം പാവപ്പെട്ടവരുടെ കണ്ണീരില്‍ ചവിട്ടി നിന്നാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

🔹ഇടുക്കി രൂപതയില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ബിജെപി. വിശ്വോത്സവത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്റ്റോറി സിനിമാ പ്രദര്‍ശനം നടത്തിയിരുന്നു. നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിന്‍സ് കാരക്കാട്ട് വ്യക്തമാക്കി.

🔹കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന റംസാന്‍ – വിഷു ചന്തകള്‍ക്ക് അനുമതി ഇല്ല. 280 ചന്തകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയും, ഇതിനായി ഇലക്ഷന്‍ കമ്മീഷനോട് അനുമതി തേടുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മീഷന്‍ അനുമതി നിഷേധിച്ചുവെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ജനങ്ങള്‍ക്ക് കിട്ടുന്ന ഒരു ആശ്വാസമാണ് ഇല്ലാതായതെന്നും മുന്‍കാലങ്ങളില്‍ ഇത്തരം അനുമതി നല്‍കിയിരുന്നതാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇന്ന് ഹര്‍ജി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🔹പിറന്നാള്‍ ദിനത്തില്‍ നടത്തിയവാര്‍ത്താ സമ്മേളനത്തിനിടെ വികാരാധീനയായി ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. വ്യാജ വാര്‍ത്ത നല്‍കി പലരും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ജില്ലാ നേതൃത്വത്തിന് തന്നെ താല്‍പര്യമില്ലെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇനിയും ഇത്തരം വാര്‍ത്തകള്‍ നല്‍കിയാല്‍ വെറുതെയിരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

🔹സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ താപനില ഉയരാന്‍ സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വേനല്‍ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്.

🔹കൊടുങ്ങല്ലൂരിൽ ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. രാത്രി ബൈപ്പാസിൽ നിർത്തിയിട്ട ബസ്സിന് മുകളിലാണ് മനീഷ് ഉറങ്ങാൻ കിടന്നത്. ഉറക്കത്തിൽ താഴെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

🔹തോപ്പുംപടിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. മുണ്ടംവേൽ സ്വദേശി ശിവനാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി കെ. സോമനാണ് വിധി പറഞ്ഞത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

🔹നന്തന്‍കോട്ടെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. നന്തന്‍കോട് സ്വദേശി അനില്‍ദാസി(37)നെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് ഇയാള്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി രഹസ്യമായി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

🔹ചെമ്മീന്‍ കറി കഴിച്ച് ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടര്‍ന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സയിലിരിക്കേ മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്റ്റോമെട്രിസ്റ്റായി ജോലി ചെയ്യുന്ന പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ – നിഷ ദമ്പതികളുടെ മകള്‍ നികിത (20) ആണ് മരിച്ചത്.

🔹ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ നാളെ. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ ആഘോഷം. യു.എ.ഇ., സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം നാളെ പെരുന്നാള്‍ ആഘോഷിക്കും. ഒരു ദിവസം വൈകി റംസാന്‍ വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാള്‍ എന്നാണെന്ന് ഇന്നറിയാം.

🔹പൈലറ്റുമാരുടെ അഭാവം മൂലം വെട്ടിലായതോടെ പത്ത് ശതമാനം വിമാനങ്ങള്‍ കൂടി റദ്ദാക്കാന്‍ പ്രമുഖ വിമാന കമ്പനിയായ വിസ്താര. ഇതിന്റെ ഭാഗമായി പ്രതിദിനം 25-30 വിമാനങ്ങള്‍ റദ്ദാക്കുമെന്ന് കമ്പനി അറിയിച്ചു. ഏപ്രിലില്‍ ഇതിനോടകം 150ലേറെ വിമാനങ്ങള്‍ കമ്പനി റദ്ദാക്കിയിരുന്നു. പ്രതിദിനം 350 ഓളം വിമാന സര്‍വീസുകളാണ് എയര്‍ലൈന്‍ നടത്തുന്നത്. ശൈത്യകാലത്തെ അപേക്ഷിച്ച് ഈ വേനല്‍ക്കാലത്ത് ആഴ്ചയില്‍ 22 ശതമാനം കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ എയര്‍ലൈന്‍സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ പൈലറ്റുമാരുടെ അഭാവത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 150ലേറെ വിമാനങ്ങള്‍ റദ്ദാക്കാന്‍ വിസ്താര നിര്‍ബന്ധിതരായി. എയര്‍ ഇന്ത്യയുമായുള്ള ലയനത്തിന് മുന്നോടിയായി ഫെബ്രുവരി പകുതിയോടെ പൈലറ്റുമാര്‍ക്ക് പുതിയ ശമ്പള ഘടന എയര്‍ലൈന്‍ പ്രഖ്യാപിച്ചിരുന്നു. പൈലറ്റുമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ആനുകൂല്യങ്ങള്‍ പലതും അവസാനിപ്പിക്കാനും മാനേജ്മെന്റ് തീരുമാനിച്ചു. ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചന നടത്താതെയായിരുന്നു പുതിയ പരിഷ്‌കാരം. ഇതില്‍ കടുത്ത അതൃപ്തിയാണ് പൈലറ്റുമാര്‍ക്ക് ഉണ്ടായത്. തുടര്‍ന്ന് ഒട്ടേറെ പൈലറ്റുമാര്‍ പ്രതിഷേധ അവധിയില്‍ പോയതോടെ കമ്പനി പ്രതിസന്ധിയിലായി. പിന്നാലെയാാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങിയത്.

🔹വാഷിങ്ടൻ: യുഎസിൽ കഴിഞ്ഞ മാസം കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയിൽ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അർഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയാണ് അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി എംബസി വിവരം നൽകിയത്. മൂന്നാഴ്ച മുൻപാണ് അർഫാത്തിനെ കാണാതായത്.
അർഫാത്തിന്റെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ നടത്തിവരികയാണെന്നും എംബസി അറിയിച്ചു. ഹൈദരാബാദ് സ്വദേശിയായ അർഫാത്ത് കഴിഞ്ഞ വർഷം മേയിലാണ് ഐടിയിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‍ലാൻഡ് സർവകലാശാലയിൽ എത്തിയത്. അതേസമയം അർഫാത്തിനെ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പുറത്ത് വരുന്ന വിവരം

🔹ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഏഴ് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 58 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യം മറികടന്നു.

🔹കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും ഹ്യൂമറിന് പ്രാധാന്യം നല്‍കി അനൂപ്മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ റിലീസായി. ‘ഇടീം മിന്നലും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനാലാമത് ചിത്രമാണിത്. ഏറെ നാളുകള്‍ക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തില്‍, സജിന്‍ ചെറുകയില്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, അപര്‍ണതി ,എന്‍.പി നിസ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments