ചുണ്ടിൽ ഗ്രീഷ്മത്തിൻ വലകൾ
നെയ്യുംമുമ്പ് കുടിവെള്ളമേകി
ദാഹമാറ്റാം.
മനസ്സിൽ മരുഭൂമി
പൊള്ളിക്കിതയ്ക്കുമ്പോൾ,
മഞ്ഞുമലയായി പെയ്തിറങ്ങാം.
പുഴയാകെ
വറ്റുമ്പോൾ,
പൂവാകെക്കരിയുമ്പോൾ,
കിളികുലം കേണൊന്നലഞ്ഞിടുമ്പോൾ,
ഒരുതുള്ളി
ദാഹനീരായിമാറാം.
അരികത്തിരുന്നൊരു പാട്ടുപാടാം.
ഒരു മഴയായതിൻ വനാന്തരത്തിൽ
നീറാതെയാശ്വാസക്കുളിരുനൽകാം.
വെള്ളവുംവെട്ടവും കിട്ടാത്തിടത്തേക്ക്,
ഞാൻ
ഒരു മഴപ്പാറ്റയായ്പാറിയെത്താം.
വരളുംമരച്ചില്ലതൻ വേരുകൾ കേണതാ,
പുഴയോരത്തലയുന്നു, നീരിനായ്!
കാറ്റതാ, ശോകമായ്
ചുറ്റിത്തിരിഞ്ഞെത്തി വരളുമാ, പുഴയെ
ചുംബിക്കാൻ വെമ്പവെ,
ഉരുകുന്ന വേനൽത്താഴ്വരയിലൊത്തു
നാം,
ഒഴുകുന്നൊരരുവിയായ്ച്ചെന്നുചേരാം.
മഴയെത്ര
ചേർത്തുപുണർന്നെന്നാലും;
വേനലിൽവരണ്ടേറെക്കേണുപോകും.
വരമായി ഞാനൊരു
പുഴയായിടാം.
സാന്ത്വനത്തണലായൊഴുകിനിൽക്കാം.