Friday, November 22, 2024
Homeകേരളംദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി കൊച്ചി ; ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.

ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി കൊച്ചി ; ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.

കൊച്ചി: ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യ നഗരമായി കൊച്ചി. മുതിർന്ന പൗരന്മാർക്ക് അടിസ്ഥാനസൗകര്യവും മാനസിക ശാരീരികാരോഗ്യത്തിന്‌ അനുകൂലമായ സാഹചര്യവുമുള്ള നഗരമെന്ന നിലയിലാണ്‌ അംഗീകാരം. ലോകാരോഗ്യസംഘടനയുടെ ജനീവയിലെ ആസ്ഥാനത്തായിരുന്നു പ്രഖ്യാപനം.

വയോജനക്ഷേമം മുൻനിർത്തി കഴിഞ്ഞ മൂന്നുവർഷം നഗരസഭ നടപ്പാക്കിയ പദ്ധതികൾക്കുള്ള അംഗീകാരമാണിതെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. 2023 ജൂണിൽ ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച ലീഡർഷിപ് സമ്മിറ്റിൽ കൊച്ചി നഗരത്തെ പ്രതിനിധാനം ചെയ്‌ത്‌ പങ്കെടുത്തിരുന്നു. വയോജന സൗഹൃദ നഗരം പദവി ലഭിക്കാൻ അതും പ്രധാനഘടകമായെന്ന്‌ മേയർ പറഞ്ഞു.

സന്നദ്ധസംഘടനയായ മാജിക്‌സ്‌, ഐഎംഎ എന്നിവയുമായി സഹകരിച്ചാണ്‌ നഗരസഭ വയോജന പദ്ധതികൾ നടപ്പാക്കിയത്‌. പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കുക, സാമൂഹികമായ ജീവിതസൗകര്യങ്ങൾ ഒരുക്കുക, ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക എന്നിവയ്‌ക്കൊപ്പം കോളേജുകളുമായി ചേർന്ന്‌ സാങ്കേതികവിദ്യാ പരിശീലനത്തിനുള്ള വയോവിജ്ഞാനം, ദന്തസംരക്ഷണത്തിലൂന്നിയുള്ള വയോസ്മിതം, വിനോദസഞ്ചാര പരിപാടിയായ ജെറിയാട്രിക് ടൂറിസം, കായികമേള, വയോപ്രതി, സീനിയർ ടാക്സി സർവീസ്, മാതൃകാ സായംപ്രഭ പകൽവീട് എന്നിവയും നടപ്പാക്കി.

തേവരയിലെ വൃദ്ധസദനം, മൂന്ന് ഓൾഡ് ഏജ്‌ ഹോം ക്ലിനിക്കുകൾ എന്നിവയും നാൽപ്പത്തഞ്ചോളം ക്ലിനിക്കുകളും പ്രവർത്തിക്കുന്നു. ജീവിതശൈലീ രോഗങ്ങൾക്ക്‌ ഉൾപ്പെടെ മരുന്നുകളും ഇൻസുലിനും മറ്റു അവശ്യമരുന്നുകളും നൽകിവരുന്നു. ക്ലിനിക്കുകൾ കേന്ദ്രീകരിച്ചുള്ള വയോജന ക്ലബ്ബുകളാണ്‌ വിനോദയാത്ര, കലാപ്രദർശനങ്ങൾ, ചർച്ചകൾ, യോഗ ക്ലാസ്, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിക്കുന്നത്‌. വയോജനങ്ങൾക്ക് നിയമസഹായപദ്ധതിയും നടപ്പാക്കി.
മുതിർന്നവർക്ക് സഹായമെത്തിക്കുന്ന എൽഡർ ഹെൽപ് ലൈൻ, എമർജൻസി മാനേജ്മെന്റ്‌ ആൻഡ്‌ എമർജൻസി അലേർട്ട്, ജനറേഷൻ ഗെയിമിങ്, പോഷകാഹാരശീലം വർധിപ്പിക്കുന്നതിന്‌ മൈക്രോഗ്രീൻസ്, സൈക്കോളജിക്കൽ കൗൺസലിങ്‌, ഹോം കൗൺസലിങ്‌, വൈദ്യസഹായം തുടങ്ങിയവ ലഭ്യമാക്കുന്ന സല്ലാപം പദ്ധതി എന്നിവയ്‌ക്കും തുടക്കമായി.

വയോജന ക്ഷേമപ്രവർത്തനങ്ങളിൽ ദേശീയ- അന്തർദേശീയ സഹകരണത്തിന്‌ വഴിതുറക്കുന്നതോടൊപ്പം നയപരമായ കാര്യങ്ങളിൽ ലോകനഗരങ്ങളുമായി അനുഭവം പങ്കിടാനുള്ള അവസരവും പുതിയ അംഗീകാരത്തോടെ കൊച്ചിക്ക്‌ ലഭിക്കുമെന്ന്‌ മേയർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments