Wednesday, January 1, 2025
HomeUncategorizedവയനാട് ദുരന്തം: മേഖലയിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷനാണ് അടുക്കള മേൽനോട്ടം, ഇന്ന് വിളമ്പിയത്...

വയനാട് ദുരന്തം: മേഖലയിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷനാണ് അടുക്കള മേൽനോട്ടം, ഇന്ന് വിളമ്പിയത് 8000 പേർക്കുള്ള ഭക്ഷണം

വയനാട്: ദുരന്ത മേഖലയില്‍ പ്രവർത്തിക്കുന്ന 1500ഓളം സൈനികർക്കും, 1700ഓളം സന്നദ്ധ പ്രവർത്തകർക്കും ദുരിത ബാധിതർക്കുമുള്ള ഭക്ഷണം തയ്യാറാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ സജീവം. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി എട്ടായിരത്തിലധികം ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തു. പ്രഭാത ഭക്ഷണം മാത്രം 3400 പായ്ക്കറ്റുകളാണ് വിതരണം ചെയ്തത്.

കഴിഞ്ഞ നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് കമ്മ്യൂണിറ്റി കിച്ചനെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മേപ്പാടി ഗവ. പോളിടെക്നിക്കിലാണ് ഈ പാചകപ്പുര സജ്ജമാക്കിയിരിക്കുന്നത്. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷനാണ് ഈ അടുക്കളയിൽ ഭക്ഷണം വെച്ചു വിളമ്പുന്നത്. തഹസിൽദാർ പി. യു. സിത്താരയാണ് ഭക്ഷണ വിതരണത്തിന്റെ നോഡൽ ഓഫീസർ. ദിനംപ്രതി ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലകളിലേക്ക് ഇവിടെ നിന്ന് വിതരണം ചെയ്യുന്നത്.ഉപ്പുമാവ് കുറുമ തുടങ്ങിയവയാണ് പ്രഭാത ഭക്ഷണത്തിന്. ചോറ് സാമ്പാർ തോരൻ തുടങ്ങിയ അടങ്ങിയ ഉച്ചഭക്ഷണവും നൽകുന്നു. രാത്രിയിൽ ചപ്പാത്തിയും കറിയും എന്നിങ്ങനെയാണ് നൽകുന്നത്.

ദുരന്ത മേഖലയിൽ അതീവ ശ്രദ്ധയോടെയാണ് ഭക്ഷണ വിതരണം നടത്തുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതിനായി ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഇവരുടെ കർക്കശമായ നിരീക്ഷണത്തിനും പരിശോധനകൾക്കും ശേഷമേ ഭക്ഷണം പുറത്തേക്ക് കൊണ്ടുപോകൂ.ദിവസവും പതിനായിരം ഭക്ഷണ പൊതികൾ വരെ നൽകാൻ ഈ കേന്ദ്രത്തിന് കഴിയും. ഡി.വൈ.എസ്.പി കെ. രാജേഷ്, ഹോട്ടൽ ആന്‍റ് റസ്റ്റോറന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ പ്രസിഡന്റ് യു. സുബൈർ, സെക്രട്ടറി അസ്‌ലം ഷാ , ഫുഡ് സേഫ്ടി ഓഫീസർ നിഷ, റവന്യു ഇൻസ്പെക്ടർമാരായ എ. വി. സന്തോഷ്, എ. വി. ബാബു തുടങ്ങിയവരാണ് സാമൂഹിക അടുക്കളയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

വയനാട്ടിൽ ദുരിത മേഖലയിലെ ക്യാമ്പുകളിലും മറ്റും ആഹാരം പാകം ചെയ്ത് നേരിട്ട് എത്തിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. പ്രദേശത്ത് ഭക്ഷണ വിതരണം നടത്തിയിരുന്ന നാദാപുരം വൈറ്റ് ഗാർഡ് പ്രതിഷേധ ഫ്ലക്സ് വെച്ചത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “കഴിഞ്ഞ നാലുനാൾ നിങ്ങളുടെ ദുഖത്തിൽ പങ്കുചേരാനും നിങ്ങൾക്കു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധ പ്രവർത്തകർക്ക് ആഹാരം നൽകാൻ കഴിഞ്ഞതിലും ഞങ്ങൾ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതു വരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ പ്ലാൻ. ദൗർഭാഗ്യവശാൽ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണ വിതരണത്തിന്റെ ആവശ്യമില്ല  എന്നും ബഹുമാനപ്പെട്ട ഡിഐജി തോംസൺ ജോസ് അറിയിച്ചത് പ്രകാരം ഞങ്ങൾ ഈ സേവനം അവസാനിപ്പിക്കുകയാണ്.”

വലിയ തോതിൽ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യ വിഷബാധയും മറ്റും ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പൂർണമായും ഏകീകരിച്ച് ഭക്ഷണ വിതരണം നടത്തുന്നതെന്ന് അധികൃതർ പറയുന്നു. ഭക്ഷണസാധനങ്ങൾ കമ്മ്യൂണിറ്റി കിച്ചനിൽ എത്തിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു.

ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല.കളക്ഷന്‍ പോയിന്‍റിൽ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇന്ന് (ആഗസ്റ്റ് 4) പുഞ്ചിരിമട്ടം- 149, മുണ്ടക്കൈ- 125, സ്‌കൂള്‍ പരിസരം- 723, ചൂരല്‍മല ടൗണ്‍- 186, വില്ലേജ് ഏരിയ-75, പുഴയുടെ താഴ് വാരം- 42 എന്നിങ്ങനെ ആറു സോണുകളില്‍ വിവിധ സേനകളില്‍ നിന്നായി 1300 പേരും 188 ടീമുകളായി 1705 വളണ്ടിയര്‍മാരും ആണ് രക്ഷാ ദൗത്യത്തില്‍ ഉള്ളത്.3600 പേര്‍ക്കുള്ള പ്രഭാത ഭക്ഷണവും 5500 പേര്‍ക്കുള്ള ഉച്ചഭക്ഷണവും ഇവര്‍ക്കായി എത്തിച്ചു. നാല് ജീപ്പിലും ഒരു മിനി ലോറിയിലുമായി ആവശ്യമായ വെള്ളവും എത്തിച്ചിട്ടുണ്ട്. ഓരോ സോണുകളിലേക്കും പ്രത്യേകം വാഹനങ്ങളിലാണ് ഭക്ഷണം എത്തിച്ചത്.

മേപ്പാടി പോളിടെക്‌നിക് കോളേജില്‍ സജ്ജീകരിച്ച പൊതു അടുക്കളയില്‍ തയ്യാറാക്കിയ ഭക്ഷണവും വിവിധ സന്നദ്ധ സംഘടനകളും മറ്റും കളക്ഷന്‍ പോയിന്‍റുകളിൽ എത്തിച്ച ഭക്ഷണവുമാണ് വിതരണം ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments