തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ എട്ടര വർഷം കൊണ്ട് ചരിത്രത്തിലെ ഏറ്റവും അധികം വികസന പ്രവർത്തനങ്ങൾ നടന്ന കാലഘട്ടമാണെന്ന് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളേജും ആർസിസിയും ഉൾപ്പെടെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം നോക്കിയാൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തനങ്ങൾ നടക്കുന്ന കാലഘട്ടമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരേസമയം രണ്ട് ബ്ലോക്കുകളുടെ നിർമാണമാണ് നടക്കുന്നത്. 100 കോടി രൂപ ചെലവഴിച്ചുള്ള എംഎൽടി ബ്ലോക്ക് 80 ശതമാനം പൂർത്തിയായെന്ന് മന്ത്രി പറഞ്ഞു.സർജിക്കൽ ബ്ലോക്ക് നടപടികൾ പൂർത്തിയായി നിർമാണം ആരംഭിക്കുകയാണ്. ആർസിസിയിൽ 200 കോടിയോളം രൂപ ചെലവഴിച്ചുള്ള കെട്ടിടം 2025 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് സജ്ജമാകുകയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം രാജ്യത്തെ 5 ആശുപത്രികളുടെ പട്ടികയിൽ ഇടം പിടിച്ച് സെന്റർ ഓഫ് എക്സലൻസായിട്ടുണ്ട്. എല്ലാ ആശുപത്രികളിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.പേരൂക്കട ആശുപത്രിയിൽ സജ്ജമാക്കിയതിൽ 8.30 കോടി രൂപ പ്ലാൻ ഫണ്ടാണ്. ഈ കെട്ടിടം നിർമാണം പൂർത്തിയാക്കാൻ 36 കോടി അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
രോഗത്തിന്റെ മുമ്പിൽ ഒരാളും നിസഹായരാകാൻ പാടില്ല. പരമാവധി പേർക്ക് സൗജന്യ ചികിത്സ നൽകുകയാണ് ലക്ഷ്യം.ആരോഗ്യ മേഖലയിൽ സർക്കാർ നടത്തിയ ഇടപെടലുകൾക്ക് ഫലമുണ്ടായി. നാഷണൽ സ്റ്റാറ്റിറ്റിക്സ് സർവേ പ്രകാരം പത്ത് വർഷം മുമ്പ് സംസ്ഥാനത്തെ ആരോഗ്യത്തിലെ ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചറിനേക്കാൾ ചികിത്സാ ചെലവ് പകുതിയായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമായതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്.
ഒരു വർഷം 1600 കോടിയിലധികം രൂപയാണ് സൗജന്യ ചികിത്സയ്ക്ക് മാത്രം സർക്കാർ ചെലവഴിക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വരുന്നതിന് മുമ്പ് 30,000 രൂപ മാത്രമാണ് സൗജന്യ ചികിത്സയ്ക്കായി നൽകിയിരുന്നത്. ഈ സർക്കാരിന്റെ തുടക്കത്തിൽ രണ്ടരലക്ഷം ക്ലെയിമുകളാണ് സൗജന്യ ചികിത്സയ്ക്ക് ഉണ്ടായിരുന്നത്. ഇപ്പോഴത് ആറേമുക്കാൽ ലക്ഷം കഴിഞ്ഞു. അതായത് 30,000 രൂപയിൽ നിന്നും 5 ലക്ഷം രൂപ ഒരു കുടുംബത്തിന്റെ ഓരോ അംഗത്തിനും ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്നു.
സൗജന്യ ചികിത്സയിൽ കേരളം ശക്തമായ നിലപാടും പ്രവർത്തനങ്ങളും നടത്തിയതിന്റെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു.ആശുപത്രികൾ ആശ്വാസത്തിന്റെ ഇടമാകണം. രോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കണം.
ഒരാൾക്ക് ശാരീരികമായി രോഗം വരുമ്പോൾ മാനസികമായും വൈകാരികമായും സാമ്പത്തികമായും ബുദ്ധിമുട്ട് നേരിടും. അതുൾക്കൊണ്ട് അവരുടെ ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യരുത്. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളിൽ തന്നെ രോഗികളെ ചികിത്സിക്കണം.
മെഡിക്കൽ കോളേജുകളുടെ ഭാരം കൂട്ടാതിരിക്കാനാണ് മറ്റ് ആശുപത്രികളെ ശാക്തീകരിക്കുന്നത്. ഓരോ ആശുപത്രികളുടേയും റഫറൽ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ്. പേരൂർക്കട ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് 227 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഇന്നലത്തെ നൈറ്റ് സെൻസസ് അനുസരിച്ച് കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണം 77 ആണ്. അതേ സമയം മെഡിക്കൽ കോളേജുകളിൽ രോഗികളുടെ ബാഹുല്യമാണ്. ഇത് ഉദാഹരണമായെടുത്ത് അതാത് ആശുപത്രികളിൽ നിന്ന് നൽകാവുന്ന ചികിത്സകൾ അവിടെ തന്നെ ലഭ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു.
ആർദ്രം മിഷന്റെ ഭാഗമായി ആശുപത്രികളിൽ 10 കാര്യങ്ങളാണ് ലക്ഷ്യം വച്ചിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് ബോർഡ് മാറ്റിവയ്ക്കലല്ല. ആ തദ്ദേശ സ്ഥാപന പരിധിയിലെ മുഴുവൻ കുടുംബങ്ങൾക്കും ആശ്രയിക്കാവുന്ന ഒരിടമാണത്. അവിടെ ലാബ് സംവിധാനമുൾപ്പെടെ പ്രാഥമിക പരിശോധനാ സംവിധാനങ്ങളുണ്ട്. ഈ സർക്കാരിന്റെ കാലത്ത് ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ നിർണയ ലാബ് നെറ്റുവർക്ക് സംവിധാനം യാഥാർഥ്യമാകുകയാണ്. ഇത് രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്.
താലൂക്ക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങളും ജില്ലാ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് മെഡിക്കൽ കോളേജുകളിൽ വിപുലമായ സംവിധാനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. ആശുപത്രികളിലെ കൂടുതൽ വികസനം ജനകീയ പങ്കാളത്തത്തോടെ മുന്നോട്ട് പോകാനാകണമെന്നും മന്ത്രി വ്യക്തമാക്കി. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്.