Friday, November 22, 2024
Homeകേരളംശബരിമല മണ്ഡല മകരവിളക്കിന്റെ വിജയം വകുപ്പുകളുടെ ഏകോപനത്തിന്റെ ഫലം : മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമല മണ്ഡല മകരവിളക്കിന്റെ വിജയം വകുപ്പുകളുടെ ഏകോപനത്തിന്റെ ഫലം : മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമല മണ്ഡലമകരവിളക്കിന്റെ വിജയം
വകുപ്പുകളുടെ ഏകോപനത്തിന്റെ ഫലം : മന്ത്രി കെ രാധാകൃഷ്ണന്‍

പത്തനംതിട്ട —2023-24 ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ വകുപ്പുകളെ ആദരിക്കുന്നതിന്പമ്പശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകളുടെ കൂട്ടായ്മയും നേതൃത്വപരമായ പ്രവര്‍ത്തനങ്ങളും തീര്‍ഥാടനം മഹത്തരമാക്കി.
തീര്‍ഥാടന കാലത്ത് ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാജ പ്രചരണങ്ങള്‍ ശബരിമലയെ തകര്‍ക്കാന്‍ കരുതിക്കൂട്ടി നടത്തുകയുണ്ടായി. എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സജീവമായ ഇടപെടല്‍ സഹായകരമായി. ഇതൊരു മാതൃകയാക്കി എടുത്തുകൊണ്ടു 2024-25 തീര്‍ഥാടനം മികവുറ്റതാക്കണം. ലക്ഷകണക്കിന് തീര്‍ഥാടകരാണ് ഇത്തവണ ദര്‍ശനം നടത്തിയത്. തീര്‍ഥാടന കാലത്ത് ഓരോ സന്ദര്‍ഭത്തിലും ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

അടുത്ത തീര്‍ഥാടനകാലം സംബന്ധിച്ച മുന്നൊരുക്ക അവലോകനയോഗം കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു. അടുത്ത മണ്ഡലകാലത്തിനു മുന്‍പ് ദേവസ്വം ബോര്‍ഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗസ്റ്റ് ഹൗസുകളുടെ നവീകരണം, ഗതാഗത നിയന്ത്രണങ്ങള്‍, ഇടത്താവളങ്ങളില്‍ ഭക്ഷണം, കുടിവെള്ളം, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയ കൂടുതല്‍ മെച്ചപ്പെടുത്തണം. വിശ്രമ കേന്ദ്രങ്ങള്‍ കൂടുതല്‍ ആത്മീയ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും എംഎല്‍എ പറഞ്ഞു.

പ്രതിസന്ധികളെ മറികടക്കാന്‍ സാധിച്ചതാണ് തീര്‍ഥാടനവിജയത്തിനു വഴിയൊരുക്കിയതെന്നു അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായെങ്കിലും പതറാതെ മുന്നോട്ടു പോയി ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

സംതൃപ്തികരമായ തീര്‍ഥാടനകാലമാണ് കടന്നുപോയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. തീര്‍ഥാടനം ചിട്ടയായും ഭംഗിയായും നടത്താന്‍ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തീര്‍ഥാടനം മികച്ചതാക്കുന്നതിന് നിരന്തര ഇടപെടലുകളാണ് നടത്തിയത്. ദേവസ്വം മന്ത്രി നിരവധി തവണ ശബരിമല സന്ദര്‍ശിക്കുകയും അവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തു.

എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണും, അഡ്വ.കെ.യു.ജനീഷ് കുമാറും മികച്ച ഇടപെടലുകള്‍ നടത്തിയെന്നും അദേഹം പറഞ്ഞു. പീരുമേട് എം എല്‍ എ വാഴൂര്‍ സോമന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ ജി. സുന്ദരേശന്‍, അജി കുമാര്‍, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, ഐ ജി സ്പര്‍ജന്‍ കുമാര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത്, കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments