സപ്ലൈകോയിൽ വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. സബ്സിഡി ഇനത്തിന് 10 രൂപയും സബ്സിഡി ഇതര ശബരി വെളിച്ചെണ്ണയ്ക്ക് 40 രൂപയുമാണ് കുറച്ചത്. ശബരി സബ്സിഡി വെളിച്ചെണ്ണ ഒരുലിറ്ററിന് 339 രൂപയായി നിശ്ചയിച്ചു. സബ്സിഡി നിരക്കിൽ ഇതര വെളിച്ചെണ്ണയ്ക്ക് 389 രൂപയാണ് പുതുക്കിയ വില. കേര വെളിച്ചെണ്ണയ്ക്ക് 28 രൂപയും കുറച്ചിട്ടുണ്ട്. കേര ലിറ്ററിന് 429 രൂപയാണ് പുതുക്കിയ വില.
അതേസമയം, ഓണത്തിനു ഭക്ഷ്യവസ്തുക്കൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകൾക്ക് ഇന്ന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ജില്ലാതല ഫെയറുകളും ഇന്നു തന്നെ ആരംഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് വഴി അറിയിച്ചു.
മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതൽ ഒരു പ്രധാന ഔട്ട്ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും. കൂടാതെ, സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇന്നുമുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട് എന്ന് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ഓണത്തിനു ഭക്ഷ്യവസ്തുക്കൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. അതിൻ്റെ ഭാഗമായി നടത്തുന്ന ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകൾക്ക് ഇന്ന് തുടക്കമായി.
സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ജില്ലാതല ഫെയറുകളും ഇന്നു തന്നെ ആരംഭിച്ചിട്ടുണ്ട്. മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതൽ ഒരു പ്രധാന ഔട്ട്ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും.
കൂടാതെ, സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇന്നുമുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ റീറ്റെയ്ൽ ബ്രാൻഡുകളോട് കിടപിടിക്കുന്ന ബ്രാൻഡഡ് എഫ് എം സി ജി ഉത്പന്നങ്ങളുടെ ഒരു നിരതന്നെ ഇത്തവണ സപ്ലൈകോ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
250 ലധികം ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഓഫറുകളും, വിലക്കുറവും നൽകുന്നുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറിൽ മാത്രമല്ല, ആയിരത്തിലധികം വരുന്ന വില്പനശാലകളിലും ഈ ഓഫറുകൾ ലഭ്യമാണ്. ശബരി ബ്രാൻഡിൽ 5 പുതിയ ഉത്പന്നങ്ങളും ഈ ഓണക്കാലത്ത് സപ്ലൈകോ പുറത്തിറക്കിയിട്ടുണ്ട്. സപ്ലൈകോ പുറത്തിറക്കിയ ഓണം ഗിഫ്റ്റ് പദ്ധതിക്കും മികച്ച പ്രതികരണമാണുണ്ടായത്. അമ്പതിനായിരത്തോളം ഓർഡറുകൾ ഇതുവരെ വന്നിട്ടുണ്ട്.
ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ സാധാരണ ഗതിയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം ഉണ്ടാകേണ്ടത് കേരളത്തിലാണ്. എന്നാൽ, മാതൃകാപരമായ വിപണി ഇടപെടൽ മുഖേന അതിനെ കാര്യമായി പിടിച്ചുനിർത്താൻ സർക്കാരിനു സാധിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് സപ്ലൈകോയുടെ ഇടപെടൽ.
32 ലക്ഷത്തോളം ഉപഭോക്താക്കളാണ് കഴിഞ്ഞ മാസം മാത്രം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചത്. ഇതിലൂടെ 168 കോടി രൂപയുടെ വിറ്റുവരവുമുണ്ടായി. ഈ വർഷത്തെ ഓണം സപ്ലൈകോ ഫെയറുകൾക്കൊപ്പം നമുക്ക് ആഘോഷിക്കാം.



