എറണാകുളം: എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപിത്തം പിടിപെട്ട സംഭവത്തില്‍ വാട്ടര്‍ അതോറിട്ടിക്കുണ്ടായത് ഗുരുതര വീഴ്ച്ച. ശുദ്ധീകരിക്കാതെ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാണ് ഇത്രയും അധികം പേര്‍ക്ക് മഞ്ഞപിത്തം പടര്‍ന്നത്. രോഗബാധിതരുടെ ചികിത്സ സഹായമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാൻ ഇന്ന് പഞ്ചായത്തില്‍ അവലോകനയോഗം ചേരും.
വേങ്ങൂര്‍ പഞ്ചായത്തിലെ ജോളി, മുടക്കുഴയിലെ സജീവൻ എന്നീ രണ്ടുപേരുടേയും ജീവനെടുത്തത് മഞ്ഞപിത്തമാണ്. അമ്പതോളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലും. ഈ ദുരന്തത്തിനൊക്കെ കാരണം ഒന്നുമാത്രമാണ്. വാട്ടര്‍ അതോറിട്ടി ശുദ്ധീകരിക്കാതെ വിതരണം ചെയ്ത കുടിവെള്ളം. കിണറുകള്‍ കുറവായ ഇവിടെ ഭൂരിഭാഗം വീട്ടുകാരും കുടിക്കാൻ ഉപയോഗിക്കുന്നത് വാട്ടര്‍ അതോറിട്ടിയുടെ വെള്ളമാണ്.
കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യാതെയാണ് വാട്ടര്‍ അതോറിട്ടി കുടിവെള്ളമായി വീടുകളിലെത്തിച്ചത്. ഈ വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കാത്തവര്‍ക്കാണ് മഞ്ഞപിത്തം പിടിപെട്ടിരിക്കുന്നത്. ഇക്കാര്യം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ഞപിത്തം പടര്‍ന്നതിനു പിന്നാലെ കിണര്‍ വെള്ളവും പരിസരവും വാട്ടര്‍ അതോറിട്ടി ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്. കുടിവെള്ളം എന്തുകൊണ്ട് നേരത്തെ ശുചീകരിച്ചില്ലെന്ന ചോദ്യത്തോട് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ക്ക് ഉത്തരമില്ല. വെള്ളം പമ്പ് ചെയ്യുന്ന ജീവനക്കാരനുണ്ടെന്നതൊഴിച്ചാല്‍ വര്‍ഷങ്ങളായി ഇവിടെ മേല്‍നോട്ടത്തിനും ആളില്ല.