കോഴിക്കോട്: സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചെന്ന് കവിയും എഴുത്തുകാരനുമായ ബാലചന്ദ്രന ചുള്ളിക്കാട്. ആശാൻ കവിതയെ കുറിച്ച് തുഞ്ചൻപറമ്പിൽ പ്രഭാഷണം നടത്താൻ എംടി വാസുദേവൻ നായരുടെ നിർദേശപ്രകാരം ക്ഷണം വന്നതിനായിരുന്നു ചുള്ളിക്കാടിന്റെ മറുപടി. എംടിശയ മാഷേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ തന്നോട് ക്ഷമിക്കണമെന്നും ഇനി സാഹിത്യ പ്രഭാഷണ പരിപാടി ചെയ്യില്ലെന്നും പറയുന്നുണ്ട്. ഈയിടെ സമൂഹത്തിൽ നിന്നുമുണ്ടയ ദുരനുഭവങ്ങളാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും കുറിപ്പിൽ പറയുന്നുണ്ട്. ചുള്ളിക്കാടിന്റെ സുഹൃത്ത് ഡോ തോമസ് കെ.വിയാണ് കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഷേക്‌സ്പിയറിനെ കുറിച്ച് ഒരു പ്രഭാഷണം നടത്താൻ എംടി വാസുദേവൻ നായർ ചുള്ളിക്കാടിനെ ക്ഷണിച്ചിരുന്നു. എന്നാൽ, അതിന് തനിക്ക് വേണ്ടെത്ര അറിവും ആത്മവിശ്വാസവും ഇല്ലെന്നാണ് എംടിയ്ക്ക് ചുള്ളിക്കാട് കൊടുത്ത മറുപടി. പിന്നീട് തുഞ്ചൻപറമ്പിൽ നിന്നും ശ്രീകുമാർ വിളിച്ച് അതേ പ്രസംഗം നടത്തുന്നതിെന കുറിച്ച് ചോദിച്ചിരുന്നു. താൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചുവെന്നും ഇനിയൊരിക്കലും ആ പണി തുടരാൻ കഴിയില്ലെന്നും ചുള്ളിക്കാട് മറുപടി നൽകി. സമൂഹത്തിൽ നിന്നുള്ള തിക്താനുഭവങ്ങളാണ് ഈ തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്നും കാർ വാടക പോലും അർഹിക്കുന്നല്ലെന്ന് വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യപ്രഭാഷകനായി നിൽക്കാൻ ഇനി ഒരിക്കലും താനില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ താൻ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് നേരത്തെ വിമർശനമുന്നയിച്ചിരുന്നു. സാഹിത്യ അക്കാദമിയിൽ പ്രഭാഷണം നടത്തിയ തനിക്ക് വെറും 2400 രൂപയാണ് പ്രതിഫലമായി നൽകിയതെന്നായിരുന്നു ചുള്ളിക്കാടിന്റെ വിമർശനം. അക്കാദമിയുടെ ക്ഷണം സ്വീകരിച്ചെത്തി കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു രണ്ടു മണിക്കൂർ സംസാരിച്ചു. എറണാകുളത്തുനിന്ന് തൃശൂർ വരെ ടാക്‌സി ചാർജ് തന്നെ 3500 രൂപ ചെലവായി. 1100 രൂപ താൻ നൽകിയത് സീരിയലിൽ അഭിനയിച്ചു നേടിയ പണത്തിൽ നിന്നാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. സാഹിത്യ കേരളം തനിക്ക് നൽകിയിരിക്കുന്ന വല എത്രയാണെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.