Friday, January 10, 2025
Homeകേരളംമാലിന്യനീക്കം ഉറപ്പാക്കണം; നഗരസഭ റെയിൽവേക്ക്‌ നോട്ടീസയച്ചത്‌ ഒന്നിലധികം തവണ.

മാലിന്യനീക്കം ഉറപ്പാക്കണം; നഗരസഭ റെയിൽവേക്ക്‌ നോട്ടീസയച്ചത്‌ ഒന്നിലധികം തവണ.

തിരുവനന്തപുരം; റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ആമയിഴഞ്ചാൻ തോട്ടിലെ  മാലിന്യനീക്കവും ശുചീകരണവും പൂർണമായും ദക്ഷിണ റെയിൽവേയുടെ ചുമതലയാണെന്ന്‌ വ്യക്തമായിട്ടും കിട്ടിയ അവസരത്തിൽ നഗരസഭയെ കുറ്റപ്പെടുത്തി മുതലെടുപ്പ്‌ തന്ത്രവുമായി ബിജെപി. തോട്ടിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് അഗ്നിശമന സേനയ്ക്കും പൊലീസിനുമൊപ്പം പ്രവർത്തിക്കുകയാണ്‌ നഗരസഭയും ജീവനക്കാരും.

റെയിൽവേ സ്‌റ്റേഷനു സമീപത്തെ തോട്ടിലെ മാലിന്യനീക്കം ചെയ്യാത്തതുമൂലം ഒഴുക്ക് തടസ്സപ്പെട്ട് മഴ സമയത്ത് തമ്പാനൂർ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാണെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട്‌ നിരവധി തവണയാണ്‌ നഗരസഭ റെയിൽവേക്ക്‌ നോട്ടീസയച്ചത്‌. ഏറ്റവും ഒടുവിൽ കഴിഞ്ഞ ജൂൺ 19നും ഇതേ ആവശ്യമുന്നയിച്ച്‌ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ റീജണൽ മാനേജർക്ക്‌ നോട്ടീസയച്ചു. തോടിന്റെ റെയിൽവേ സ്റ്റേഷന് അടിയിലും പാഴ്‌സൽ ഓഫീസിനു സമീപവും പവർഹൗസ് റോഡിന് സമീപവുമുള്ള ഭാഗങ്ങളിൽ റെയിൽവേ മരാമത്ത് വിഭാഗമാണ് പണി പൂർത്തിയാക്കേണ്ടത്. ഇവിടങ്ങളിൽ നഗരസഭയ്ക്ക്‌ ശുചീകരണം നടത്തണമെങ്കിൽപ്പോലും അനുമതി വേണം. മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ജനുവരി, മാർച്ച്‌ മാസങ്ങളിൽ മന്ത്രിയടക്കം പങ്കെടുത്ത്‌ വിവിധ യോഗങ്ങൾ നടത്തിയിരുന്നു. ഇതിൽ റെയിൽവേ മരാമത്ത്‌ വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു. ശുചീകരണം തങ്ങളുടെ ഉത്തരവാദിത്വമാണെന്ന്‌ പറഞ്ഞാണ്‌ ഉദ്യോഗസ്ഥർ മടങ്ങിയത്‌. എന്നാൽ, ഇക്കാര്യത്തിൽ ഒരു നടപടിയും എടുക്കാതെ വന്നപ്പോൾ ജൂണിൽ വീണ്ടും കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈയിലാണ്‌ റെയിൽവേ കോൺട്രാക്ട്‌ നൽകാൻ തീരുമാനിച്ചത്‌. ഇതിന്റെ ഭാഗമായിട്ടാണ്‌ ജോയി അടക്കമുള്ള തൊഴിലാളികൾ മാലിന്യനീക്കത്തിന്‌ ഇറങ്ങിയത്‌.

“പവർഹൗസ് റോഡിന്റെ ഭാഗത്തുനിന്ന്‌ വടക്ക്‌ ഏകദേശം 200 മീറ്റർ ദൂരത്തിൽ മാത്രമാണ് റെയിൽവേ അധികൃതർ മണ്ണ് നീക്കിയിട്ടുള്ളതെന്ന് ജൂണിൽ നഗരസഭ കണ്ടെത്തിയിരുന്നു. കെഎസ്ആർടിസി പരിസരത്തും തോടിന്റെ മുകളിലേക്കുള്ള ഭാഗത്തും യഥാസമയം നഗരസഭ മാലിന്യം നീക്കം ചെയ്തിരുന്നു. മാലിന്യനീക്കം കൃത്യമായി നടത്തിയില്ലെങ്കിൽ തമ്പാനൂർ ഭാഗത്ത്‌ പൊതുജനങ്ങൾക്കും യാത്രക്കാർക്കും സമീപവാസികൾക്കും കച്ചവടക്കാർക്കും മറ്റും വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നഗരസഭ റെയിൽവേക്ക്‌ മുന്നറിയിപ്പ്‌ നൽകി. തോട്ടിലെ മണ്ണും ചെളിയും നീക്കം ചെയ്‌ത് നഗരസഭയെ അറിയിക്കണമെന്നും അല്ലെങ്കിൽ ഫൈൻ ഈടാക്കുമെന്നും ജൂണിൽ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.  നഗരസഭയുടെ ഭാഗത്തുനിന്ന്‌ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ്‌ ഈ നടപടികൾ. നഗരസഭ കൃത്യമായി ശുചീകരണ പ്രവൃത്തികൾ ചെയ്തിട്ടും ഒരാളുടെ ജീവന്റെ ചോദ്യമായിട്ടും വിഷയത്തെ രാഷ്ട്രീയമാക്കുകയാണ് ബിജെപിയും ചില മാധ്യമങ്ങളും.

കോർപറേഷനെ കുറ്റപ്പെടുത്താനുള്ള അവസരമായി ചിലർ ഈ അപകടത്തെ കാണുകയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. തോടിന്റെ റെയിൽവേ പരിധിയിലുള്ള സ്ഥലം വ-ൃത്തിയാക്കുന്നത് റെയിൽവേയാണ്. ഇവിടത്തെ മാലിന്യം നീക്കാൻ പലപ്പോഴായി ആവശ്യപ്പെട്ടിട്ടും റെയില്‍വേ പ്രതികരിച്ചിട്ടില്ല. യോ​ഗങ്ങളിൽ സമയബന്ധിതമായി നടപ്പാക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും നടത്തിയിട്ടില്ല. ജൂണിലും കോർപറേഷൻ‌ ഇതുസംബന്ധിച്ച നോട്ടീസ് നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിന് പൂർണ സഹകരണം കോർപറേഷൻ ഉറപ്പാക്കിയിട്ടുണ്ട്. അ​ഗ്നിരക്ഷാ സേനയ്ക്ക് വൃത്തിയാക്കൽ സു​ഗമമാക്കാൻ കോർപറേഷൻ ജെസിബി ഏർപ്പെടുത്തിയിരുന്നെന്ന് മേയർ അറിയിച്ചു.

ആമയിഴഞ്ചാൻ തോടിന് മുകളിൽ കോൺക്രീറ്റ് ചെയ്തശേഷമാണ് ഇതിനു മുകളിൽ റെയിൽവേ ട്രാക്കുകൾ പണിതിട്ടുള്ളത്. അഞ്ച് പ്ലാറ്റ്‌ഫോമുകളടക്കം 12 പിറ്റ് ലൈനുകളാണ് ഇതിന് മുകളിലുള്ളത്. ഇതിനാൽ പുറമെ കാണുന്ന തോടിന്റെ വീതി ഉള്ളിലേക്കില്ല. ഇടുങ്ങിയ ഉൾഭാഗമായതിനാൽ എന്തെങ്കിലും തടസ്സം വന്നാൽ നീക്കം ചെയ്യാൻ ടണലിന് മുകളിൽ ഇടയ്‌ക്കിടെ മാൻഹോളുകൾ നിർമിച്ചിട്ടുണ്ട്. ഇതുവഴി ഇറങ്ങി പരിശോധിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനായി പിറ്റ് ലൈനിൽ ഒതുക്കിയിട്ടിരിക്കുന്ന മുഴുവൻ ബോഗികളും എൻജിനുമെല്ലാം നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, മുങ്ങൽ വിദഗ്ധരെ ഇടുങ്ങിയ ഹോളിലൂടെ ഇറക്കുന്നത് വിദഗ്ധ ഉപദേശം തേടിയ ശേഷമാകും ചെയ്യുകയെന്ന് കലക്ടർ ജെറോമിക് ജോർജ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments