ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനുശേഷം ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ കോണ്‍ഗ്രസ്. കെപിസിസി നേതൃയോഗം അടുത്തയാഴ്ച ചേരാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ചു. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന് മുന്നിലെ പ്രധാന അജണ്ട. രാഹുല്‍ ഗാന്ധി രാജിവെച്ചാല്‍ വയനാട്ടിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.
ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരനെ അനുനയിപ്പിക്കാനും നീക്കങ്ങള്‍ ആരംഭിച്ചു. ഈ മാസം 12ന് യുഡിഎഫ് നേതൃയോഗവും അതിന് പിന്നാലെ കെപിസിസി നേതൃയോഗവും ചേരും. പുതുപ്പള്ളിയിലേതിന് സമാനമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് ആലോചന. ഒട്ടും വൈകാതെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കെ മുരളീധരന്‍ സമ്മതിക്കുകയാണെങ്കില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മറ്റൊരു പേര് ഉയരില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് ഷാഫി പറമ്പിലിന് താല്‍പര്യം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കാം എന്ന താല്പര്യക്കാരനാണ്. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാമിന്റെ പേരും ആലോചനയിലുണ്ട്. ചേലക്കരയില്‍ രമ്യാ ഹരിദാസിനാണ് പ്രഥമ പരിഗണന. ആലത്തൂരില്‍ വിജയിച്ചെങ്കിലും മന്ത്രി കെ. രാധാകൃഷ്ണന് സ്വന്തം മണ്ഡലമായ ചേലക്കരയില്‍ 5000 ത്തിനടുത്ത് ലീഡ് മാത്രമായിരുന്നു ലഭിച്ചത്.
രമ്യ ഹരിദാസിനെ പരിഗണിക്കാനുള്ള പ്രധാന കാരണം ഇതാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ ഷാനിമോള്‍ ഉസ്മാനെ, അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച മുന്‍ അനുഭവവും പാര്‍ട്ടിക്ക് മുന്‍പില്‍ ഉണ്ട്. രാഹുല്‍ ഗാന്ധി വയനാട് ഒഴിയുന്ന പക്ഷം ആര് എന്നതിലും ചര്‍ച്ചകള്‍ ആരംഭിച്ചു. തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെങ്കിലും കെ മുരളീധരനെ സജീവ പരിഗണനയിലുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പേരും ആലോചിക്കുന്നുണ്ട്.