തിരുവനന്തപുരം; വേനൽക്കാലത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമോയെന്ന ആശങ്കയിൽ കെഎസ്ഇബി. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നതും വേനൽ മഴ കുറയുമെന്ന പ്രവചനവുമാണ് ബോർഡിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാണെങ്കിലും പ്രതിസന്ധി പരിഹരിക്കാനായി കൂടുതൽ ഹ്രസ്വകാല വൈദ്യുതി കരാറുകളിൽ ഏർപ്പെടാനാണ് നീക്കം.
ഏപ്രിൽ, മെയ് മാസങ്ങളിൽ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി.സ്വന്തം നിലയിലുള്ള വൈദ്യുതി ഉത്പാദനത്തിലും പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്നതിലും തടസങ്ങൾ നിരവധി.
സാധാരണ ഗതിയിൽ വേനൽ മഴയിലൂടെ മാത്രം 250 മില്ല്യൺ യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇത്തവണ മഴ വൈകുമെന്നാണ് പ്രവചനം.
ഡാമുകളിൽ ഇപ്പോൾ തന്നെ കഴിഞ്ഞ വർഷത്തേക്കാൾ ശരാശരി 10% വെള്ളം കുറവുമാണ്. ഇതെല്ലാം ജലവൈദ്യുത പദ്ധതികളെ ഏറെ ആശ്രയിക്കുന്ന കെഎസ്ഇബിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. പ്രതിസന്ധി മറികടക്കാൻ പുറത്ത് നിന്ന് വൈദ്യുതി വാങ്ങാമെന്ന് കരുതിയാൽ പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടുമോ എന്ന് തന്നെ ഉറപ്പില്ല. തിരഞ്ഞെടുപ്പ് വർഷമായതിനാൽ പല സംസ്ഥാനങ്ങളും ലോഡ് ഷെഡിങ് അടക്കം പിൻവലിച്ച് വൈദ്യുതി വാങ്ങും. ഇത് വൈദ്യുതി വില കൂടാൻ വഴിയൊരുക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ യൂണിറ്റിന് 8 രൂപ 69 പൈസ എന്ന ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി തേടിയിട്ടുണ്ട്.
മറ്റ് ഹ്രസ്വകാല കരാറുകൾക്കും നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മതിയായ വൈദ്യുതി ന്യായമായ നിരക്കിൽ ലഭിക്കുന്ന ഒരു സാഹചര്യവുമില്ല. അതിനാൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുകയാണ് പോംവഴി. പക്ഷേ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങി ലോഡ് ഷെഡിങ് ഒഴിവാക്കിയാൽ തന്നെ വൈദ്യുതി ചാർജ് വീണ്ടും കൂട്ടേണ്ടി വരുമെന്നാണ് കെഎസ്ഇബി നൽകുന്ന മുന്നറിയിപ്പ്.
പ്രതിസന്ധിക്ക് അല്പമെങ്കിലും അയവുണ്ടാക്കാൻ പള്ളിവാസൽ, തോട്ടിയാർ പദ്ധതികൾ മാർച്ചിന് മുൻപ് കമ്മീഷൻ ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവ പ്രവർത്തന സജ്ജമായാൽ 100 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കാൻ കഴിയും.