Sunday, December 29, 2024
HomeKeralaബാങ്ക് വായ്പ, പോളിസി, യുപിഐ ഐഡി, ഇഎംഐ; ഒന്നും പഴയ പോലെ അല്ല, 2024ലെ സുപ്രധാന...

ബാങ്ക് വായ്പ, പോളിസി, യുപിഐ ഐഡി, ഇഎംഐ; ഒന്നും പഴയ പോലെ അല്ല, 2024ലെ സുപ്രധാന മാറ്റങ്ങൾ അറിയാം*

നമ്മുടെ  നിത്യജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങളുമായാണ് പുതുവർഷം പിറന്നിരിക്കുന്നത്. കെ സ്മാര്‍ട്ട്, ഇടപാടുകള്‍ നടക്കാത്ത യുപിഐ ഐഡികള്‍ക്ക് വിലക്ക്, ബാങ്ക് വായ്പ മുടങ്ങിയാലുള്ള പിഴത്തുക, പുതിയ സിം കാര്‍ഡ് എടുക്കാനുള്ള നടപടിക്രമങ്ങള്‍ എന്നിങ്ങനെ മാറ്റങ്ങള്‍ വിശദമായി അറിയാം…

*ഇനി കേരളം സ്മാർട്ട്*

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ-സ്മാർട്ട് ഇന്ന് മുതൽ. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ പദ്ധതി. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലും തുടങ്ങും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങള്‍ ഓഫീസുകളില്‍ പോകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും എന്നാണു സർക്കാരിന്റെ അറിയിപ്പ്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും കഴിയും.

*ആധാർ അപ്‌ഡേറ്റ് ചെയ്യാൻ വൈകരുത്*

ആധാർ കാർഡിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടവർ അത് പുതുവർഷത്തിൽ തന്നെ ചെയ്യണം. മൈ ആധാർ പോർട്ടലിലൂടെ മാർച്ച് 14 വരെ സൗജന്യമായി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. ആധാർ സെന്ററിൽ പോയിട്ടാണ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്കിൽ 50 രൂപ സർവീസ് ചാർജ് നൽകണം. മാർച്ച് 14 കഴിഞ്ഞാൽ വിവരങ്ങൾ പുതുക്കാൻ അധിക ഫീസ് നൽകേണ്ടി വരും. ഡിസംബർ 15 നു അവസാനിക്കേണ്ട സൗജന്യ സമയ പരിധി ആളുകളുടെ ആവശ്യപ്രകാരം നീട്ടിയതാണ്.

*ഇന്ന് മുതൽ കാർ വില കൂടും*

പുതു വർഷത്തിൽ രാജ്യത്തെ പ്രധാന വാഹന നിർമാതാക്കൾ എല്ലാം വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ജനപ്രിയമായ മാരുതി കാറുകൾക്ക് പോയന്റ് എട്ട് ശതമാനം വില കൂടും. സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹോണ്ട, ഹ്യുണ്ടായ് നിസാൻ, ഫോക്സ്‌വാഗൻ, സ്കോഡ അടക്കം മിക്ക കമ്പനികളും വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്.

*പോളിസി വിവരങ്ങൾ ഇനി സിമ്പിൾ*

ഇൻഷുറൻസ് പോളിസി സംബന്ധിച്ച വിവരങ്ങൾ കാണിച്ച് പോളിസി ഉടമയ്ക്ക് കമ്പനി നൽകുന്ന പേപ്പർ ഇന്ന് മുതൽ കൂടുതൽ സിമ്പിൾ ആകും. എന്തിനൊക്കെ കവറേജ് കിട്ടും, കിട്ടില്ല, എന്താണ് നിബന്ധനകൾ എന്നെല്ലാം ലളിതമായി പറയുന്ന കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റുകൾ ആകും ഇന്ന് മുതൽ ഉപഭോക്താവിന് കിട്ടുക.

*ഇടപാട് ഇല്ലാത്ത ഐഡി മരവിക്കും*

ഒരു വർഷമായി പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികൾക്ക് പുതുവർഷത്തിൽ വിലക്ക് നേരിടേണ്ടി വരും. ഓൺലൈൻ തട്ടിപ്പുകൾ തടയാനാണ് ഈ തീരുമാനം. ഏറെക്കാലമായി പണമിടപാട് നടക്കാത്ത യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ്. പണം സ്വീകരിക്കാൻ ബുദ്ധിമുട്ടു നേരിടുന്നവർ അതത് യുപിഐ ആപ്പിൽ പോയി വീണ്ടും റജിസ്റ്റർ ചെയ്യണം.

*പിഴപ്പലിശ ഇല്ല, ഇനി പിഴത്തുക*

ഈ വർഷം മുതൽ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകൾ ഈടാക്കൂ. ഏപ്രിൽ ഒന്ന് മുതൽ ആകും ഈ തീരുമാനം നടപ്പാവുക. പലിശയ്ക്കുമേൽ ചുമത്തുന്ന പിഴപ്പലിശയ്ക്കു പകരം ന്യായമായ പിഴത്തുക മാത്രമേ ചുമത്താൻ കഴിയൂ. ഈ തീരുമാനം ക്രെഡിറ്റ് കാർഡുകൾക്ക് ബാധകമല്ല.

*ഇഎംഐ മാറുമ്പോൾ അറിയിക്കണം*

പലിശ കൂടുമ്പോൾ ഇഎംഐ തുക കൂട്ടണമെങ്കിൽ ഇനി അത് വായ്പ എടുത്ത ആളെ അറിയിച്ച് അനുവാദം വാങ്ങണം. പലിശനിരക്ക് കൂടുമ്പോൾ ഇഎംഐ കൂട്ടണോ കാലാവധി കൂട്ടണോ എന്ന് വായ്പയെടുത്ത ആൾക്ക് തീരുമാനിക്കാം. മാറുന്ന പലിശനിരക്കിൽ എടുത്ത വായ്പ എപ്പോൾ വേണമെങ്കിലും ഫിക്സ്ഡ് റേറ്റിലേക്ക് മാറ്റാം. നമ്മൾ അറിയാതെ നമ്മുടെ ഇഎംഐ ബാങ്കുകൾ കൂട്ടുന്നത് ഇതോടെ അവസാനിക്കും.

*ഓഹരി നോമിനിക്ക് കൈമാറൽ എളുപ്പമാണ്*

ഓഹരി നിക്ഷേപകൻ മരിച്ചാൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം ഇന്ന് മുതൽ രാജ്യത്ത് നിലവിൽ വരും. ഓഹരികൾ നോമിനിക്ക് കൈമാറുന്നത് എളുപ്പമാകും. മരണ സർട്ടിഫിക്കറ്റും മരിച്ച വ്യക്തിയുടെ പാൻ കാർഡും ആണ് ഇതിന് ആവശ്യമായ രേഖകൾ.

*നോമിനിയെ ചേർക്കൽ നിർബന്ധം*

ഡിമാറ്റ് അക്കൗണ്ടുള്ളവർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും നോമിനിയെ ചേർക്കാനുള്ള സമയപരിധി സെബി ജൂൺ 30 വരെ നീട്ടി. ഇന്നലെ തീരേണ്ട സമയ പരിധി ആണ് നീട്ടിയത്. നോമിനിയില്ലാത്ത അക്കൗണ്ടുകൾ ജൂൺ 30ന് ശേഷം മരവിപ്പിക്കും.

*സിം എടുക്കാൻ ഇനി പേപ്പർ വേണ്ട*

പുതിയ മൊബൈൽ സിം എടുക്കാനുള്ള ഫോം പൂരിപ്പിക്കൽ ഇനി രാജ്യത്ത് എവിടെയും ഉണ്ടാവില്ല. കേരളത്തിൽ ഇപ്പോൾ തന്നെ ഡിജിറ്റൽ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്. പേപ്പർ അധിഷ്ഠിത തിരിച്ചറിയൽ പ്രക്രിയ എവിടെ എങ്കിലും തുടരുന്നു എങ്കിൽ ഇന്ന് മുതൽ അത് അവസാനിപ്പിക്കാൻ ടെലികോം മന്ത്രാലയം നിർദേശം നൽകി.

*തിരുവനന്തപുരം ഇനി സൈലന്റ് എയർപോർട്*

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് മുതൽ നിശബ്ദ വിമാനത്താവളം. അനൗൺസ്മെന്റുകൾ പരമാവധി കുറച്ച് യാത്രക്കാർക്കു വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം ആസ്വാദ്യകരമാക്കുകയാണ് ലക്‌ഷ്യം. യാത്രക്കാർക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം സ്‌ക്രീനുകളിൽ ലഭ്യമാക്കും. ബോർഡിങ് ഗേറ്റ് മാറ്റം, ബാഗേജ് സ്ക്രീനിങ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ മാത്രമായിരിക്കും അനൗൺസ് ചെയ്യുക.

*സമ്പാദ്യ പദ്ധതി ഉള്ളവർക്ക് നേട്ടം*

ലഘു സമ്പാദ്യ പദ്ധതികളിൽ മൂന്നു വർഷ ടേം ഡെപോസിറ്റിന്റെയും സുകന്യ സമൃദ്ധി പദ്ധതിയുടെയും പലിശയിൽ ഇന്ന് മുതൽ നേരിയ വർധന ഉണ്ടാകും. സുകന്യ സമൃദ്ധി പദ്ധതിയിൽ 8.2 ശതമാനവും ടേം ഡെപോസിറ്റിൽ 7.1 ശതമാനവും ആണ് പുതിയ പലിശ നിരക്ക്. നേരത്തെ ഇത് എട്ടും ഏഴും ആയിരുന്നു.

*വിദേശ യാത്രയ്ക്ക് പറ്റിയ സമയം*

വിദേശ രാജ്യങ്ങളിലേക്ക് ടൂർ പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സമയം ആണ് ഈ പുതുവർഷം. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് മാർച്ച് 31 വരെ ശ്രീലങ്ക സൗജന്യ വിസ അനുവദിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് മെയ് 10 വരെ മുൻ‌കൂർ വിസ ഇല്ലാതെ രാജ്യത്തേക്ക് വരാമെന്ന് തായ്‌ലൻഡും പ്രഖ്യാപിച്ചു. ഈ വർഷം മുഴുവൻ ഇന്ത്യക്കാർക്ക് മുൻ‌കൂർ വിസ ഇല്ലാതെ വരാമെന്ന് മലേഷ്യയും അറിയിച്ചിട്ടുണ്ട്.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments