പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശിനി ചന്ദാ ദേവി നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് മനോജ് കുമാർ ഗുപ്തയും ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ദിയോറിയയിലെ വിദ്യാഭ്യാസ ഓഫീസർക്ക് കോടതി നിർദേശം നൽകി.
ചന്ദാ ദേവിയുടെ അച്ഛൻ സമ്പൂർണാനന്ദ് പാണ്ഡേ ഗജധ്‌വയിലെ പ്രീ-പ്രൈമറി സ്കൂളിൽ അസിസ്റ്റന്റ് അദ്ധ്യാപനായിരുന്നു. 2014ൽ അദ്ദേഹം സർവീസിലിരിക്കെ മരിച്ചു. തുടർന്ന് ചന്ദാ ദേവി ആശ്രിത നിയമനത്തിനായി അപേക്ഷിച്ചു. എന്നാൽ 2000 സെപ്റ്റംബർ 4-ലെ സർക്കാർ ഉത്തരവ് പ്രകാരം വിവാഹിതയായതിനാൽ ചന്ദാ ദേവിക്ക് ആശ്രിത നിയമനത്തിനുള്ള യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2016 ഡിസംബറിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അപേക്ഷ തള്ളി.
ഇതിനെതിരെ ചന്ദ, ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് അവരുടെ ഹർജി തള്ളിക്കളഞ്ഞു. വിവാഹിതയായ മകൾക്ക് യോഗ്യതയുണ്ടെന്ന് സിംഗിൾ ബെഞ്ച് അംഗീകരിച്ചെങ്കിലും, ഭർത്താവിന് ജോലിയില്ലെന്നും താൻ അച്ഛനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നതെന്ന് തെളിയിക്കാൻ ചന്ദയ്ക്ക് കഴിഞ്ഞില്ലെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കൂടാതെ, അച്ഛൻ മരിച്ച് 11 വർഷം കഴിഞ്ഞതിനാൽ അപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിനെത്തുടർന്നാണ് ചന്ദ സ്പെഷ്യൽ അപ്പീൽ നൽകിയത്. ഇരുവിഭാഗത്തിൻ്റെയും വാദം കേട്ട ശേഷം, ചന്ദ വിവാഹിതയായതു കൊണ്ട് മാത്രമാണ് വിദ്യാഭ്യാസ ഓഫീസർ അവരുടെ അപേക്ഷ നിരസിച്ചതെന്നും ആശ്രിതത്വം പരിഗണിച്ചില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ, ആശ്രിതത്വം തെളിയിക്കാൻ സാധിച്ചില്ലെന്ന സിംഗിൾ ബെഞ്ചിന്റെ വാദം ശരിയല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിവാഹിതയായ മകൾക്ക് ആശ്രിത നിയമനം നിഷേധിക്കാനാവില്ലെന്ന് സ്മൃതി വിമലാ ശ്രീവാസ്തവ vs സ്റ്റേറ്റ് ഓഫ് യു.പി കേസിൽ കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. അപേക്ഷ നിരസിച്ച ഉടൻ തന്നെ ചന്ദ കോടതിയെ സമീപിച്ചതിനാൽ കാലതാമസത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
ഈ പ്രത്യേക അപ്പീൽ അംഗീകരിച്ചുകൊണ്ട്, ചന്ദയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ദിയോറിയ വിദ്യാഭ്യാസ ഓഫീസർക്ക് കോടതി നിർദേശം നൽകി.



